തുഷാര്‍ തൃശൂരില്‍; വയനാട്ടില്‍ പൈലി വാത്യാട്ട്
ചേര്‍ത്തല: ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കും. വയനാട്ടില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ടിനെയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ബി.ഡി.ജെ.എസ് മത്സരിക്കുന്ന ഇടുക്കി, ആലത്തൂര്‍, മാവേലിക്കര സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പൂര്‍ണമായ ജയസാധ്യതകളോടെയാണ് തൃശൂരില്‍ മത്സരത്തിനിറങ്ങുന്നതെന്ന് തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എസ്.എന്‍.ഡി.പിയുടെ മാത്രമല്ല എല്ലാ സമുദായങ്ങളുടെയും പിന്തുണയിലാണ് മത്സരിക്കുന്നത്. മത്സരിക്കുന്ന സാഹചര്യത്തില്‍ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന സൂചനയും തുഷാര്‍ നല്‍കി. നിലവില്‍ യോഗത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരാവശ്യം ഉയര്‍ന്നിട്ടില്ലെന്നും അങ്ങനെയുണ്ടായാല്‍ മാത്രമല്ലേ രാജിവയ്‌ക്കേണ്ട സാഹചര്യമുള്ളൂവെന്നും തുഷാര്‍ പറഞ്ഞു.
അച്ഛന്‍ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരത്തിനിറങ്ങുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയാല്‍ സ്ഥാനാര്‍ഥിയെ മാറ്റുന്ന കാര്യം ആലോചിക്കും. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഏറെനാളായി പാര്‍ട്ടിയുമായി ബന്ധപ്പെടുന്നില്ലെന്നും രാജിയെക്കുറിച്ചറിയില്ലെന്നും തുഷാര്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് വാസു, കെ.കെ മഹേശന്‍, വൈസ് പ്രസിഡന്റ് അരയക്കണ്ടി സന്തോഷ്, തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.വി സദാനന്ദന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."