HOME
DETAILS
MAL
കടല്‍ കടന്ന് നിതിനെത്തി; വിട നല്‍കി ആതിരയും നാടും
backup
June 11 2020 | 02:06 AM
സ്വന്തം ലേഖകന്‍
കോഴിക്കോട്: കുഞ്ഞോമനയെ കാണാന്‍ എത്താമെന്നു പറഞ്ഞതുപോലെ ഒടുവില്‍ കടല്‍ കടന്ന് നിതിന്‍ എത്തി; കണ്ണാടിക്കൂടിനുള്ളില്‍ ചേതനയറ്റു കിടക്കുന്ന പ്രിയപ്പെട്ടവനെ അവള്‍ ഒടുവിലായി ഒരു നോക്കു കണ്ടപ്പോള്‍ ചുറ്റും സങ്കടക്കടല്‍ ഇരമ്പി; ഒന്നുറക്കെ കരയാന്‍ പോലും ആവാത്ത വിധം തളര്‍ന്ന് വീല്‍ചെയറില്‍ മരവിച്ച മനസുമായി ഇരുന്ന ആതിരയെ കണ്ടപ്പോള്‍ അവിടെയെത്തിയവരുടെ ഉള്ളുപൊള്ളി.
ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് സാക്ഷിയായവരെല്ലാം കണ്ണീരടക്കി ആ യുവാവിന് വിട നല്‍കി.
ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ നിതിന്‍ ചന്ദ്രന്റെ മൃതദേഹം ഭാര്യ ആതിരയ്ക്ക് ഒരുനോക്കു കാണാന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴാണ് നൊമ്പര നിമിഷങ്ങള്‍ അരങ്ങേറിയത്.
ചൊവ്വാഴ്ച ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. ഇതറിയാതെയാണ് ഒരുനാള്‍ മുന്‍പേ നിതിന്‍ ഹൃദയാഘാതത്തിനു കീഴടങ്ങിയത്.
പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ആതിരയ്ക്ക് കാണാന്‍ രാവിലെ 10.50 നാണ് മൃതദേഹം എത്തിച്ചത്. സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ്, വീല്‍ചെയറിലിരുന്നാണ് ഭര്‍ത്താവിനെ അവസാനമായി കാണാന്‍ ആതിര എത്തിയത്. ഇന്നലെ രാവിലെ മാത്രമാണ് ആതിരയെ മരണ വിവരം അറിയിച്ചത്.
ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ 5.45നാണ് നിതിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്.
ബന്ധുക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ ആംബുലന്‍സ് കോഴിക്കോട്ടേക്കു പുറപ്പെട്ടു. ആശുപത്രിയില്‍ ആതിരയും മറ്റു കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ച പിന്നാലെ പത്തുമിനുറ്റിനകം മൃതദേഹവുമായി വാഹനം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്കു തിരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി പേരാണ് പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാന്‍ അവിടെ കാത്തുനിന്നത്.
കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രമാണ് മൃതദേഹം കാണിച്ചത്. 2.30 ഓടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പിതൃസഹോദര പുത്രന്‍ അഖില്‍ നാഥ് ചിതയ്ക്ക് തീക്കൊളുത്തി. കൊവിഡ് കാലത്ത് വിദേശത്തുനിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിതിനും ആതിരയുമാണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസസ്ഥലത്ത് നിതിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."