തീപിടിത്തം: തമിഴ്‌നാട് സ്വദേശിയുടെ ആക്രിക്കട കത്തിനശിച്ചു
എടച്ചേരി: എടച്ചേരി തലായിയില്‍ തീപിടിത്തത്തില്‍ ആക്രിക്കട പൂര്‍ണമായും കത്തി നശിച്ചു. തമിഴ്‌നാട് സേലം സ്വദേശിയായ പുസെ പാണ്ഡ്യന്‍ എന്നയാളുടെ കടയാണ് കത്തിയത്. തലായി ഓവുചാല്‍ പാലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ പ്ലാസ്റ്റിക് പായകള്‍ കൊണ്ടും, അലൂമിനിയം ഷീറ്റുകള്‍ കൊണ്ടും കെട്ടിയുണ്ടാക്കിയ ഷെഡിനാണ് തീ പിടിച്ചത്.
ഇന്നലെ കാലത്ത് ഏഴ് മണിയോടെ കടയില്‍ നിന്ന് തീ പടരുന്നത് കണ്ട സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി ഒരു മണിക്കൂറോളം നേരമെടുത്താണ് തീ അണച്ചത്. സംഭവ സമയത്ത് പാണ്ഡ്യനും മറ്റു ജോലിക്കാരും സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പാണ്ഡ്യനും കുടുംബവും ഇവിടെ ആക്രിക്കച്ചവടം ചെയ്തു വരികയായിരുന്നു. കുടുംബപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇവര്‍ സ്വദേശമായ നാട്ടിലേക്ക് പോയതാണ്. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
സ്ഥിരമായി ഇവിടെ ആളുകള്‍ താമസിക്കാറില്ലെങ്കിലും ചില ദിവസങ്ങളില്‍ പുറത്തുനിന്നുള്ള ആളുകള്‍ ഇവിടെ രാത്രി കാലങ്ങളില്‍ ഉറങ്ങാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. അത്തരത്തില്‍ താമസിച്ച ആരെങ്കിലും വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയില്‍ നിന്നാവാം തീ പടര്‍ന്നു പിടിച്ചതെന്നാണ് അനുമാനം. ആക്രിക്കടയില്‍ സൂക്ഷിച്ച കേടായ വൈദ്യുത ഉപകരണങ്ങളിലെ കണ്ടന്‍സറുകള്‍ ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.
ചേലക്കാട് ഫയര്‍ സ്റ്റേഷന്‍ ഓഫിസിലെ ലീഡിങ് ഫയര്‍മാന്‍ വി.സി പ്രേമന്റെ നേതൃത്വത്തില്‍ സുരേഷ്, ശ്രീനേഷ്, അരീഷ്, അനില്‍ ഒഞ്ചിയം, ശ്രീജേഷ്, ബബീഷ്, ഷമില്‍, മനോജ് എന്നിവരാണ് തീയണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."