റെയില്‍വേ നീതി നിഷേധിക്കുന്നതായി പരാതി
കോഴിക്കോട്: കരാര്‍ ജീവനക്കാരനെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് റെയില്‍വേ അധികൃതര്‍ നടപ്പാക്കിയില്ലെന്ന് പരാതി. ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശി ഇ. സുരേഷ് കുമാറാണ് റെയില്‍വേയുടെ നീതി നിഷേധത്തിനെതിരേ പരാതിയുമായി രംഗത്തെത്തിയത്.
1978ല്‍ സൗത്ത് വെസ്റ്റ് റെയില്‍വേയില്‍ കരാര്‍ ജീവനക്കാരനായി എത്തിയ സുരേഷ്‌കുമാര്‍ 1978 മുതല്‍ 81 വരെ 962 ദിവസം ജോലി ചെയ്തിരുന്നു. 85ല്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സുരേഷ് കുമാറിന്റെ കൂടെ അതേ കാലയളവില്‍ ജോലി ചെയ്ത കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും തന്റെ നിയമനം പല കാരണങ്ങള്‍ പറഞ്ഞ് തഴയുകയുമായിരുന്നുവെന്ന് സുരേഷ്‌കുമാര്‍ പറഞ്ഞു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷനും റെയില്‍വേ ബോര്‍ഡിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നിയമനം നല്‍കാന്‍ ഉത്തരവിട്ടിട്ടും നിയമനം നല്‍കേണ്ട ഉദ്യോഗസ്ഥര്‍ അവഗണിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.പിമാര്‍ക്കടക്കം നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. തനിക്കൊപ്പം കരാര്‍ ജീവനക്കാരായി എത്തിയവര്‍ പലരും സ്ഥിരനിയമനം നേടി ഇപ്പോള്‍ ജോലിയില്‍ നിന്ന് വിരമിച്ച് പെന്‍ഷന്‍ വാങ്ങുകയാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ തെറ്റായ നയത്താല്‍ 30 വര്‍ഷമായി ജോലിക്കായി നിയമപോരാട്ടം നടത്തുകയാണ് താനെന്നും ഇദ്ദേഹം പറയുന്നു. വിരമിക്കല്‍ പ്രായമെത്തിയ തനിക്ക് നിലവില്‍ ജോലി ലഭിച്ചാല്‍ തന്നെ ഒരുവര്‍ഷമാണ് സര്‍വിസ് ലഭിക്കുക. ഒരു വര്‍ഷത്തെ സര്‍വിസ് എങ്കിലും ലഭിക്കാന്‍ റെയില്‍വേ കനിയണം. ഈ വര്‍ഷത്തിലും നിയമനം ഇല്ലെങ്കില്‍ പെന്‍ഷന്‍ പോലും ലഭിക്കില്ലെന്നും സുരേഷ്‌കുമാര്‍ കൂട്ടിചേര്‍ത്തൂ. വാര്‍ത്താസമ്മേളനത്തില്‍ കെ. കെ വാസു, പി. കെയ്‌റോ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."