സി.എച്ച് സെന്റര്‍ വാടക ആവശ്യപ്പെട്ടിട്ടില്ലെന്ന്
താമരശേരി: കരിഞ്ചോലമല ദുരന്തത്തില്‍ താമരശേരി സി.എച്ച് സെന്ററിന്റെ ആംബുലന്‍സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നും ഇതു സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചായിരുന്നില്ലെന്നും ജനറല്‍ സെക്രട്ടറി വി.എം ഉമ്മര്‍ മാസ്റ്റര്‍ പറഞ്ഞു.
സേവനത്തിനായി ആംബുലന്‍സ് ഉപയോഗിച്ച വകയില്‍ പണം ആവശ്യപ്പെട്ട് സെന്റര്‍ ഔദ്യോഗികമായി എവിടെയും അപേക്ഷ നല്‍കിയിട്ടില്ല. ആംബുലന്‍സ് ഡ്രൈവര്‍ തുക കൈപ്പറ്റിയതായി അറിഞ്ഞയുടന്‍ ആ തുക സര്‍ക്കാരിലേക്കു തിരിച്ചടക്കാനുള്ള നിര്‍ദേശം നല്‍കുകയും സംവിധാനമൊരുക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആംബുലന്‍സ് ഡ്രൈവര്‍ സെന്ററിന്റെ നിര്‍ദേശമോ സമ്മതമോ ഇല്ലാതെ പണം ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയായിരുന്നു.
വസ്തുത ഇതായിരിക്കെ അനാവശ്യ വിവാദമുണ്ടാക്കി സി.എച്ച് സെന്ററിനെ ഇകഴ്ത്താനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പതിറ്റാണ്ടായി നാട്ടില്‍ മികച്ച രീതിയിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന സി.എച്ച് സെന്ററിന് എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസ്യത നേടാന്‍ ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും ഇത്തരം തരംതാണ കുപ്രചരണങ്ങള്‍ കൊണ്ട് സെന്ററിനെ ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."