വിനോദ സഞ്ചാര ഭൂപടത്തില്‍ ജില്ലയുടെ കാല്‍വയ്പ് കുതിപ്പിനൊരുങ്ങി കൂരാച്ചുണ്ട്
കോഴിക്കോട്: ജില്ലിയിലെ ഗവിയെന്ന് വിശേഷിപ്പിക്കുന്ന വയലടയും വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിക്കൊണ്ടിരിക്കുന്ന തോണിക്കടവിനും പിന്നാലെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മറ്റു പ്രകൃതി മനോഹര കേന്ദ്രങ്ങളും വിനോദ സഞ്ചാര ഭൂപടത്തിലേക്കു പകര്‍ത്താനൊരുങ്ങി അധികൃതര്‍.
ഇതിനായി വിപുലമായ പദ്ധതികളാണ് അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2000 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര സാധ്യതകള്‍ ഏറെയുള്ള പ്രദേശമാണ് നമ്പികുളം. യാത്രാ സൗകര്യങ്ങളുടെയും മറ്റും പരിമിതികളാല്‍ ഈ പ്രദേശത്തിന്റെ സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
നമ്പികുളത്തിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ 2017ലാണ് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകരിക്കുന്നത്. ബാലുശ്ശേരി എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ നേതൃത്വത്തില്‍ നാലു പഞ്ചായത്തുകള്‍ അടങ്ങിയ സമിതി ഇതിനായി രൂപീകരിച്ചുകഴിഞ്ഞു. കുന്നിന്‍ പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യം ആസ്വദിക്കാനായി വാച്ച് ടവര്‍, വിശ്രമത്തിനും ഭക്ഷണത്തിനുമായി കഫ്റ്റീരിയ, മലമുകളിലെ മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ റെയിന്‍ ഷെല്‍ട്ടര്‍, വാഹനങ്ങള്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യം, സുഗമമായ സഞ്ചാരത്തിനായി പുതിയ റോഡുകള്‍ എന്നീ പദ്ധതികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികള്‍ക്കായി ഹോം സ്റ്റേ ആരംഭിക്കാന്‍ പ്രദേശവാസികളും മുന്നോട്ടു വന്നിട്ടുണ്ട്. എം.കെ രാഘവന്‍ എം.പി ദത്തെടുത്ത കൂരാച്ചുണ്ട് പഞ്ചായത്ത് ഈ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനുള്ള ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ഉയരം കൂടിയ മനോഹരമായ കുന്നിന്‍പുറങ്ങളും കുറ്റ്യാടി പുഴയും കക്കയം ഡാമും ഉള്‍ക്കൊള്ളുന്ന ഈ പഞ്ചായത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ അത്രയേറെ വിപുലമാണ്.
വിനോദ സഞ്ചാര സീസണില്‍ കക്കയം ഡാം സൈറ്റും റിസര്‍വോയറും കാണാനെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്.
കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് സ്പീഡ് ബോട്ടിങ് നടത്താനും ഇവിടെ സൗകര്യമുണ്ട്. വാട്ടര്‍ ബലൂണും വെര്‍ച്വല്‍ റിയാലിറ്റി ഷോകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. അണക്കെട്ടിലെ പവര്‍ഹൗസും ജല വൈദ്യുത പദ്ധതി നടത്തിപ്പും പഠിക്കാനായി വിദ്യാര്‍ഥികളും അധ്യാപകരും ധാരാളമായി എത്തുന്നുണ്ട്.
മുളങ്കാടുകള്‍ക്കിടയിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള ബാംബൂ പാര്‍ക്ക് കൂടി യാഥാര്‍ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് കൂരാച്ചുണ്ട് പഞ്ചായത്ത്. ഫോട്ടോ ഷൂട്ടിനും സിനിമാ ചിത്രീകരണങ്ങള്‍ക്കും അനുയോജ്യമായ കരിയാത്തുംപാറയും സദാശക്തമായ കാറ്റു വീശിക്കൊണ്ടിരിക്കുന്ന കാറ്റുള്ള മലയും ആളുകള്‍ക്ക് പ്രിയങ്കരമാണ്. ഇവിടെയാണ് വയര്‍ലെസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിന്റെ ദൃശ്യം മുകളില്‍ നിന്ന് കാണാനാവുന്ന മുള്ളന്‍പാറയും കാഴ്ചക്കാരെ ആകര്‍ഷിക്കും.
തോണിക്കടവില്‍ നടക്കുന്ന പുതിയ പദ്ധതികള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ അവഗണിക്കാനാകാത്ത ഒരിടമായി കൂരാച്ചുണ്ട് പഞ്ചായത്ത് മാറും. ഇതിനായി ഗ്രാമീണ പ്രദേശങ്ങളുടെ സാധ്യതകള്‍ വികസിപ്പിക്കുന്നതിലൂടെ മാതൃകാഗ്രാമമായി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയിലേക്ക് പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് പഞ്ചായത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."