ബിരിക്കുളം സ്‌കൂള്‍ സര്‍ക്കാരിലേക്കു വിട്ടുകൊടുക്കാനുള്ള തീരുമാനം കോടതി വിധി എതിരാകുമെന്ന് ഭയന്ന്: കോണ്‍ഗ്രസ്
നീലേശ്വരം: ഹൈക്കോടതിയില്‍ നിലവിലുള്ള കേസിന്റെ വിധി പ്രതികൂലമാകുമെന്നു മനസിലാക്കിയാണു ബിരിക്കുളം എ.യു.പി.എസ് സര്‍ക്കാരിലേക്കു വിട്ടു കൊടുക്കാന്‍ സി.പി.എം ഇടപെട്ടു തീരുമാനിച്ചതെന്നു കിനാനൂര്‍-കരിന്തളം മണ്ഡലം കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി.
സ്‌കൂള്‍ ഏറ്റെടുക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി നടത്തിയ നിയമപോരാട്ടങ്ങളെ എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്ത സി.പി.എം പ്രാദേശിക നേതൃത്വം ജനങ്ങളോടു മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടും സര്‍ക്കാര്‍ സ്ഥലം അനധികൃതമായി കൈയേറിയുള്ള നിര്‍മാണത്തിനുമെതിരേ നിയമയുദ്ധത്തിലായിരുന്നു കോണ്‍ഗ്രസ്. മണ്ഡലം വൈസ് പ്രസിഡന്റ് സി.ഒ സജിയാണു ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയത്. 2014 ജൂലൈയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി മാനേജ്‌മെന്റ് നടത്തിയ അനധികൃത നിര്‍മാണത്തിനെതിരേ പാര്‍ട്ടി നല്‍കിയ പരാതി മുതലാണു വിവാദം തുടങ്ങിയത്.
പരാതിയെ തുടര്‍ന്നു ഉദ്യോഗസ്ഥര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്നു മുന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ സ്‌കൂള്‍ സര്‍ക്കാരിനു ഏറ്റെടുക്കാവുന്നതാണെന്നു റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
ഇതേ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് ഹൈക്കോടതിയിലും ഹരജി ഫയല്‍ ചെയ്തു. എ.ഐ.സി.സി മുന്‍ അംഗം കരിമ്പില്‍ കുഞ്ഞമ്പുവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്‌കൂള്‍ 1990ല്‍ അന്നത്തെ ജില്ലാ കലക്ടര്‍ക്കു കൈമാറുകയായിരുന്നു.
പ്രാദേശിക സി.പി.എം നേതൃത്വം പിന്നീടു ഭരണസ്വാധീനം ഉപയോഗിച്ചാണു സ്‌കൂള്‍ കിനാനൂര്‍ രണ്ട് ഗ്രാമസേവാ സംഘത്തിന്റെ നിയന്ത്രണത്തിലാക്കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഇതിനെതിരേ കരിമ്പില്‍ കുഞ്ഞമ്പു സമ്പാദിച്ച അനുകൂല വിധി നിലനില്‍ക്കെയാണു വളഞ്ഞ വഴിയിലൂടെ മാനേജ്‌മെന്റ് സ്‌കൂള്‍ കൈക്കലാക്കിയതെന്നും മണ്ഡലം നേതൃയോഗം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."