HOME
DETAILS
MAL
വിദ്യാര്‍ഥിനിയുടെ മരണം; പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഒഴിവാക്കി
backup
June 12 2020 | 02:06 AM
സ്വന്തം ലേഖകന്‍
കോട്ടയം: കോപ്പിയടി ആരോപണത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരേ എം.ജി സര്‍വകലാശാലയുടെ നടപടി. ബികോം വിദ്യാര്‍ഥിനി അഞ്ജു പി. ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് ചേര്‍പ്പുങ്കല്‍ ബിഷപ്പ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളജ് (ബി.വി.എം) പ്രിന്‍സിപ്പല്‍ എന്‍.വി ജോസഫ് ഞാറക്കാട്ടിലിനെ പരീക്ഷാ ചുമതലകളില്‍ നിന്ന് നീക്കിയതായി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായി. സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ്. 32 മിനുട്ട് അഞ്ജുവിനെ പരീക്ഷാ ഹാളില്‍ ഇരുത്തിയത് മാനസികപീഡനത്തിന് കാരണമായി. വിദ്യാര്‍ഥിനിയെ ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോകേണ്ടതായിരുന്നു. സര്‍വകലാശാലാ ചട്ടങ്ങളില്‍ മാറ്റംവരുത്തി പരീക്ഷാ കേന്ദ്രങ്ങളുള്ള കോളജുകളില്‍ കൗണ്‍സിലിങ് സെന്ററുകള്‍ ആരംഭിക്കും. ഹാള്‍ ടിക്കറ്റില്‍ പൂര്‍ണ മേല്‍വിലാസവും ഫോണ്‍ നമ്പറും നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ മരണവുമായി ബന്ധപ്പെട്ടും പരീക്ഷയില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതിന് നിയോഗിച്ച മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതി ഇന്നലെ വൈസ് ചാന്‍സലര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി. കോളജിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോട്ടില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥിനിയുടെ വിവരങ്ങള്‍ ചോദിച്ചറിയുകയോ ഫോണ്‍ നമ്പര്‍ വാങ്ങുകയോ കോളജ് അധികൃതര്‍ ചെയ്തില്ല.
ക്ലാസില്‍ നിന്ന് ഇറങ്ങിപ്പോയ വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിനെ കണ്ടിരുന്നോയെന്ന് ഉറപ്പുവരുത്തിയില്ല. സര്‍വകലാശാലയുടെ അനുവാദമില്ലാതെ കോളജ് അധികൃതര്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചത് തെറ്റാണ്. പരീക്ഷാഹാളിലെ സി.സി ടി.വി ദൃശ്യങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിന് കൈമാറുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥിനി കോപ്പിയടിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ഈ റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടാകും. കോപ്പിയടിച്ച സംഭവം കോളജ് വൈസ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോപ്പിയടിച്ചെന്ന് പറയുന്ന ഹാള്‍ടിക്കറ്റിന്റെ യഥാര്‍ഥ കോപ്പി സര്‍വകലാശാലയ്ക്ക് ലഭിച്ചിട്ടില്ല. വിദ്യാര്‍ഥിനിയുടെ ഹാള്‍ടിക്കറ്റും ഉത്തരക്കടലാസും ഉള്‍പ്പെടെ പരിശോധിക്കേണ്ടതുണ്ട്. വിദ്യാര്‍ഥിനിയെ പഠിപ്പിച്ച അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരുടെയും മൊഴികളും ആവശ്യമെങ്കില്‍ അന്വേഷണസമിതി ശേഖരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."