ലഹരി ഉപയോഗത്തില്‍ മുന്‍നിരയിലെത്താനാണ് കേരളത്തിന്റെ ശ്രമം: ഋഷിരാജ് സിംഗ്
മണ്ണഞ്ചേരി : ലഹരിവസ്തുക്കളുടെ ഉപയോഗത്തില്‍ ഒന്നാംസ്ഥാനക്കാരാകാന്‍ കേരളം കുതിക്കുകയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംങ് പറഞ്ഞു. ആര്യാട് പഞ്ചായത്തും ലൂഥര്‍മിഷന്‍ ഹയര്‍സെക്കന്ററി സ്കൂളും കനിവ് പാലീയേറ്റീവും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിന് ലൂഥര്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിയുടെ ഉപയോഗത്തില്‍ രാജ്യത്തെ മൂന്നാംസ്ഥാനമാണ് ഇപ്പോള്‍ കേരളത്തിനുള്ളത്. പട്ടണങ്ങളില്‍ കൊച്ചിനഗരം ലഹരികേസുകളില്‍ ഇപ്പോള്‍തന്നെ ഒന്നാംസ്ഥാനം നേടികഴിഞ്ഞു. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളം പ്രഥമഗണത്തില്‍ ഇടംതേടുമെന്നും ഋഷിരാജ് സിംങ് കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍,കോളേജുകള്‍ കേന്ദ്രീകരിച്ച വലിയരീതിയിലുള്ള ലഹരിതാവളങ്ങള് രൂപപ്പെട്ടിരിക്കുകയാണ്. കൗമാരക്കാരാണ് ലഹരിക്കച്ചവടക്കാരുടെ പ്രധാന ഇരകളാകുന്നത്. പല സ്കൂള്‍,കോളേജ് അധികൃതരും നിജസ്ഥിതി ബോദ്ധ്യമായാലും വിവരം പുറത്തുപറയാറില്ലെന്നും എക്സൈസ് കമ്മീഷണര്‍ കുറ്റപ്പെടുത്തി.
സ്ഥാപനങ്ങളുടെ സല്പേര് നഷ്ടപെടുമെന്ന ആശങ്കയാണ് ഇത്തരം കേന്ദ്രങ്ങളിലെ അദ്ധ്യപകര്‍ക്കും പ്രിന്സിപ്പല്മാര്ക്കുമെന്നും ഋഷിരാജ് സിംങ് പറഞ്ഞു. സമയമില്ലാത്ത ജീവിതം നയിക്കുന്ന മാതാപിതാക്കളായി കേരളത്തിലെ രക്ഷിതാക്കള്‍ മാറുകയാണെന്നും കുട്ടികളുടെ സ്വഭാവമാറ്റവും പഠനവും രക്ഷിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പുതിയതലമുറ ലഹരി ഉപയോഗത്തില്‍ നിന്നും മാറിയും മൊബൈല്‍ ഫോണിന്റെ ഉപയോഗസമയം കുറച്ചും വളര്‍ന്നാല്‍ കേരളം എല്ലാകാര്യത്തിലും ഒന്നാംസ്ഥാനത്ത് നിലകൊള്ളുമെന്നും ഋഷിരാജ് സിംങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."