നാലംഗ വേട്ടസംഘം കീഴടങ്ങി
നിലമ്പൂര്‍: മൃഗവേട്ടയ്ക്കിടെ വനത്തില്‍നിന്നു വനപാലകരെ കണ്ടു വാഹനങ്ങളും തോക്കും ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട നാലംഗ വേട്ടസംഘം മൂന്നു മാസത്തിനു ശേഷം വനംവകുപ്പിനു മുന്നില്‍ കീഴടങ്ങി.
ജില്ലാ കോടതിയിലും തുടര്‍ന്ന് ഹൈക്കോടതിയിലും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയതോടെയാണ് പ്രതികള്‍ കീഴടങ്ങിയത്. കുറുമ്പലങ്ങോട് പാര്‍ട്ടിക്കുന്ന് ആപത്ത് കാട്ടില്‍ മുഹമ്മദ് ഷരീഫ് (28), ചുങ്കത്തറ പൊറ്റാരത്ത് അബ്ദുല്‍ നാസര്‍ (43), ചുങ്കത്തറ അണ്ടിക്കുന്ന് കണ്ണാട്ടില്‍ ഉസ്മാന്‍ (38), ചുങ്കത്തറ വെള്ളാരംകുന്ന് പറമ്പാടന്‍ നൗഷാദലി (22) എന്നിവരാണ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫിസര്‍ എം.പി രവീന്ദ്രനാഥിനു മുന്നില്‍ കീഴടങ്ങിയത്.
മാര്‍ച്ച് 20ന് കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ കൊട്ടീരി വീട്ടിമല വനമേഖലയിലാണ് സംഭവം. രാത്രികാല പെട്രോളിങിനിടെ വേട്ടസംഘം ഉദ്യോഗസ്ഥരുടെ മുന്നില്‍പെടുകയായിരുന്നു. രണ്ടു ബൈക്കുകളും ഒരു നാടന്‍ തോക്കും മൊബൈല്‍ ഫോണുകളും സെര്‍ച്ച് ലൈറ്റുകള്‍, കത്തികള്‍, ബാഗ് എന്നിവയും ഉപേക്ഷിച്ച് സംഘം ഓടിരക്ഷപ്പെട്ടു. അന്വേഷണത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതോടെ ഇവര്‍ ഒളിവില്‍പോകുകയും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്തു.
രണ്ടു മാസം മുന്‍പ് അബ്ദുല്‍ നാസര്‍ മറ്റൊരാളില്‍നിന്നു വാങ്ങിയതാണ് തോക്കെന്നാണ് മൊഴി. തോക്ക് നല്‍കിയയാള്‍ക്കെതിരേയും വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. നൗഷാദലി, മുഹമ്മദ് ഷെരീഫ് എന്നിവരുടേതാണ് ബൈക്കുകള്‍. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരവും വനം നിയമപ്രകാരവുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."