സമ്മതിച്ച് പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി ഇന്ത്യ നേരത്തെ തന്നെ ആര്‍ജിച്ചതാണെന്ന കാര്യം സമ്മതിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. അതേസമയം 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഏതാനും മാസങ്ങള്‍ക്കകമാണ് മിസൈല്‍ പരീക്ഷിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
സാറ്റലൈറ്റുകളെ അതിന്റെ ഭ്രമണപഥത്തില്‍വച്ച് തകര്‍ക്കാനുള്ള കഴിവ് 2012ല്‍ തന്നെ ഇന്ത്യ സ്വന്തമാക്കിയിരുന്നുവെന്നും ഇന്ത്യ പുതുതായി കൈവരിച്ച നേട്ടമെന്ന നിലയില്‍ ബുധനാഴ്ച ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത് നാടകമാണെന്നും ആരോപണമുയരുന്നതിനിടെയാണ് കേന്ദ്ര പ്രതിരോധമന്ത്രിയുടെ സ്ഥിരീകരണം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രിയുടെ വിശദീകരണം.
മിഷന്‍ ശക്തി എന്നു പേരിട്ട ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഇതു നമ്മുടെ രാജ്യത്തിന്റെ പ്രധാന നേട്ടമാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹവേധ മിസൈലിന്റെ സാങ്കേതികവിദ്യ ഒരു രാജ്യത്തിനും വില്‍ക്കാനോ കൈമാറാനോ കഴിയില്ല.
അതേസമയം ഇത്തരം മിസൈലുകള്‍ വികസിപ്പിക്കാനുള്ള ശേഷി നേരത്തെ ഇന്ത്യക്കുണ്ടായിരുന്നു എന്ന വാദവും കേന്ദ്ര പ്രതിരോധമന്ത്രി അംഗീകരിച്ചു.
വലുതും ചെറുതുമായ ഒട്ടേറെ ഉപഗ്രഹങ്ങള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്നും ബഹിരാകാശരംഗത്ത് ധാരാളം നേട്ടങ്ങള്‍ കൊയ്തിട്ടുണ്ടെന്നും ഇതൊന്നും ആരും നിഷേധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പക്ഷേ, ഇത്തരം മിസൈല്‍ വികസിപ്പിക്കാനുള്ള ശേഷിയുണ്ടായിട്ടും മുന്‍ സര്‍ക്കാരുകള്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. 2012ല്‍ അഗ്‌നി 5 മിസൈല്‍ പരീക്ഷിച്ചപ്പോഴും ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാന്‍ യു.പി.എ സര്‍ക്കാര്‍ ഡി.ആര്‍.ഡി.ഒയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും നിര്‍മലാ സീതാരാമന്‍ കുറ്റപ്പെടുത്തി. ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാകുമെന്നതിനാലാണ് ഉപഗ്രഹം തകര്‍ത്തുള്ള പരീക്ഷണത്തിന് മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നത്.
ബഹിരാകാശമേഖലയുടെ ചുമതല പ്രധാനമന്ത്രിക്കായതിനാല്‍ അദ്ദേഹം അതു പ്രഖ്യാപിച്ചതില്‍ തെറ്റില്ലെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നവര്‍ ഇതു രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നത് മറക്കരുതെന്നും അവര്‍ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."