സൂപ്പര്‍ കപ്പിന് അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചെന്നൈ- മുംബൈ പോരാട്ടം
ഭുവനേശ്വര്‍: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ കളിക്കാമെന്നേറ്റിരുന്ന ഈസ്റ്റ് ബംഗാള്‍ വീണ്ടും സൂപ്പര്‍ കപ്പില്‍ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് ടൂര്‍ണമെന്റ് വീണ്ടും അവതാളത്തിലായത്.
ഇന്നലെ ബംഗളൂരുവില്‍ നടന്ന ബോര്‍ഡ് അംഗങ്ങളുടെ യോഗത്തിന് ശേഷമായിരുന്നു ഈസ്റ്റ് ബംഗാള്‍ മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചത്. ഐ ലീഗ് ക്ലബുകളുടെ പ്രതിഷേധത്തിന് ഒപ്പം നില്‍ക്കുന്നുവെന്നും ഈസ്റ്റ് ബംഗാള്‍ പറഞ്ഞു. ക്ലബ് അധികൃതര്‍ക്ക് സൂപ്പര്‍ കപ്പില്‍ കളിക്കാനായിരുന്നു താല്‍പര്യം. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ സ്‌പോണ്‍സറായ ക്വെസ് സൂപ്പര്‍ കപ്പില്‍ കളിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണില്‍ ഐ.എസ്.എല്ലില്‍ കളിക്കുന്നതിനായി ബിഡ് ചെയ്യുമെന്നും ഈസ്റ്റ് ബംഗാള്‍ അറിയിച്ചു. സൂപ്പര്‍ കപ്പില്‍ കളിച്ചില്ലെങ്കില്‍ ഐ.എസ്.എല്ലില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈസ്റ്റ് ബംഗാളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത് അവഗണിച്ചാണ് ഈസ്റ്റ് ബംഗാള്‍ തീരുമാനമെടുത്തത്. യോഗ്യതാ റൗണ്ടില്‍ ഡല്‍ഹി ഡൈനാമോസുമായിട്ടായിരുന്നു ഈസ്റ്റ് ബംഗാള്‍ കളിക്കേണ്ടിയിരുന്നത്. അതേസമയം, ഇന്ന് ചെന്നൈയുമായി യോഗ്യതാ മത്സരത്തിനിറങ്ങുന്ന മുംബൈ സിറ്റി ചെറിയ ടീമുമായിട്ടാണ് മത്സരത്തിനെത്തിയിട്ടുള്ളത്. ഐ ലീഗ് ടീമുകള്‍ പിന്‍മാറുമ്പോള്‍ ഐ.എസ്.എല്‍ ടീമുകള്‍ ടൂര്‍ണമെന്റിന് മതിയായ പ്രധാന്യം നല്‍കുന്നില്ല.
ആറ് വിദേശ താരങ്ങളെ വരെ ടീമില്‍ കളിപ്പിക്കാമെങ്കിലും ഒറ്റ വിദേശ താരവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ലൂസിയാന്‍ ഗോയല്‍ മാത്രമാണ് മുംബൈ നിരയിലെ വിദേശ കളിക്കാരന്‍. സാമ്പത്തിക പ്രതിസന്ധി കാരണം മറ്റു വിദേശ താരങ്ങളെ മുംബൈ റിലീസ് ചെയ്‌തെന്നാണ് വിവരം. ഐ ലീഗിലെ ഏഴ് ക്ലബുകള്‍ നേരത്തെ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."