HOME
DETAILS
MAL
മടക്കയാത്ര സാധ്യമാകാതെ പ്രവാസികള്‍
backup
June 14 2020 | 03:06 AM
സ്വന്തം ലേഖകര്‍
ദുബൈ: കൊവിഡ് സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കുത്തനെ കൂടുന്നതായി കണക്കുകള്‍. പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ ഇനിയും മുന്നോട്ടുപോവാനാകാതെ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. സഊദിയില്‍ കുടിയൊഴിക്കപ്പെടുന്ന പൗരന്മാര്‍ക്ക് ജോലി നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതോടെ ഇനിയും കൂടുതല്‍ കാലം ജോലി ചെയ്യാന്‍ പ്രവാസികള്‍ക്ക് അവസരമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്ക് പ്രകാരം വിദേശ രാജ്യങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ ജോലി നഷ്ടപ്പെടുക സഊദി പ്രവാസികള്‍ക്കാണ്. മൂന്നു വര്‍ഷത്തിനിടെ സഊദിയില്‍നിന്ന് ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണ് തിരിച്ചെത്തിയത്. സഊദിയില്‍ മാത്രം 25,94,947 പേരാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേവര്‍ഷം സെപ്റ്റംബറില്‍ ഇത് 32,53,901 ആയി ഉയരുകയും ചെയ്തു. കുവൈത്തില്‍ 10,29,861, ബഹ്‌റൈനില്‍ 3,23,292, ഒമാനില്‍ 7,79,351, ഖത്തറില്‍ 7,56,062 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ കണക്ക്. സ്വദേശിവല്‍ക്കരണത്തിനു പുറമെ 2017 മുതല്‍ സഊദിയില്‍ നടപ്പാക്കിയ ലെവിയും വ്യാപകമായി തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായി.
ഒമാനില്‍ സര്‍ക്കാര്‍ മേഖലകളില്‍ വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രാലയത്തില്‍ നഴ്‌സ്, ഫര്‍മസിസ്റ്റ്, അസിസ്റ്റന്റ് ഫാര്‍മസിസ്റ്റ് എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ചിട്ടുണ്ട്.
മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന മേഖലയാണിത്. ഫാര്‍മസിസ്റ്റ് മേഖലയില്‍ നൂറു ശതമാനം സ്വദേശിവല്‍ക്കരണം നടത്തുമെന്ന് 2018ല്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കണ്‍സല്‍ട്ടന്റ് ഫിസിഷ്യന്‍ 72 ശതമാനം, മെഡിക്കല്‍ ഡോക്ടര്‍ 39 ശതമാനം, മെഡിക്കല്‍ ലബോറട്ടറി ജോലികളില്‍ 65 ശതമാനം വീതം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായി. ഫസ്റ്റ്എയ്ഡ്, സ്റ്റെറിലൈസേഷന്‍ വിഭാഗങ്ങളില്‍ നൂറു ശതമാനവും സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായി.
കൊവിഡ് പ്രതിസന്ധിക്കിടെ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കാനും ഇവിടെ പദ്ധതിയുണ്ട്. സ്വകാര്യ മേഖലയില്‍ പല കോര്‍പറേറ്റ് കമ്പനികളും ഒരു ദിവസം മുന്‍പത്തെ നോട്ടിസിലാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. അലവന്‍സുകള്‍ നല്‍കാതിരിക്കുകയും ശമ്പളം 25 ശതമാനം മുതല്‍ 75 ശതമാനം വരെ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിലും സമാനമായ അവസ്ഥയാണ്. എംബസിയെ സമീപിക്കുമ്പോള്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു. ഇവിടെ സര്‍ക്കാര്‍ തലത്തിലും വേതനവും മറ്റു അവകാശങ്ങളും കുറച്ചിട്ടുണ്ട്.
ബഹ്‌റൈനില്‍ വിസ കാന്‍സല്‍ ചെയ്യപ്പെട്ടവരും താല്‍ക്കാലികമായി നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചവരും നാട്ടിലെത്താന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്.
സ്‌കില്‍ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വന്ദേഭാരത് മിഷന്റെ ഭാഗമായി ഇപ്പോള്‍ ഇന്ത്യയിലെത്തിയ പ്രവാസികളില്‍ 59 ശമതാനം പേര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. ഇതിലേറെയും കേരളത്തിലാണെന്ന് കണക്ക് വ്യക്തമാക്കുന്നു. അതിനിടെ ജോലിക്കു വേണ്ടി യാത്രയ്ക്കിടെ വിമാനത്താവളത്തില്‍ വച്ചു തന്നെ പ്രത്യേക ഫോറം പ്രവാസികളില്‍നിന്ന് പൂരിപ്പിച്ചു വാങ്ങുന്നുണ്ട്. ജൂണ്‍ ഏഴു വരെയുള്ള ഒരാഴ്ചയ്ക്കിടെ 15,634 പ്രവാസികളാണ് സ്വദേശ് സ്‌കില്‍ ഫോറം പൂരിപ്പിച്ചു നല്‍കിയത്. ഇതില്‍ 59 ശതമാനം പേരും ജോലി നഷ്ടപ്പെട്ടണ് മടങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ടിക്കറ്റിന് നല്‍കുന്ന തുക
തിരിച്ചടയ്ക്കണമെന്ന് എംബസി
അഹമ്മദ് പാതിരിപ്പറ്റ
ദോഹ: കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികള്‍ക്ക് ടിക്കറ്റിനായി എംബസിയില്‍നിന്ന് ലഭിക്കുന്ന സഹായം പിന്നീട് തിരിച്ചടക്കണമെന്ന് നിബന്ധന. ഇന്ത്യന്‍ കമ്മ്യൂനിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് പ്രായസപ്പെടുന്ന പ്രവാസികള്‍ക്ക് പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തില്‍ ടിക്കറ്റിനുള്ള പണം നല്‍കുന്നത്. ഇത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുമെന്നും അടുത്ത തവണ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് മുന്‍പ് തിരിച്ചടക്കണമെന്നുമാണ് നിബന്ധനയില്‍ പറയുന്നത്.
ജോലി നഷ്ടപ്പെട്ട് മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനായി ടിക്കറ്റിനു വേണ്ടി എംബസിയെ സമീപിച്ച ഖത്തറിലെ മലയാളിക്കാണ് ഇത് സംബന്ധിച്ച് ഇ-മെയില്‍ ലഭിച്ചത്. ഐ.സി.ഡബ്ല്യു.എഫ് ഫണ്ടില്‍നിന്ന് ടിക്കറ്റ് തുക ലഭിക്കാനാവശ്യമായ മറ്റു നിബന്ധനകള്‍ക്കൊപ്പം ഏറ്റവും അവസാനമായി ശ്രദ്ധയില്‍പ്പെടാത്ത വിധമാണ് ഇങ്ങിനെയൊരു കാര്യം ചേര്‍ത്തിരിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വെല്‍ഫെയര്‍ ഫണ്ടിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച പേജില്‍ സഹായം ലഭിച്ചത് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് മാത്രമേ പറയുന്നുള്ളു. തിരിച്ചടക്കുന്നത് സംബന്ധിച്ച് പരാമര്‍ശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."