ഐ.പി.എസ് അസോസിയേഷനില്‍ ഭിന്നത; തച്ചങ്കരി വിഭാഗം കത്ത് നല്‍കി
തിരുവനന്തപുരം: ദാസ്യപ്പണി വിവാദത്തെ തുടര്‍ന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ ദാസ്യപ്പണി ആരോപണം ചര്‍ച്ച ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കണമെന്ന് ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഐ.പി.എസ് അസോസിയേഷന് കത്ത് നല്‍കി.
അസോസിയേഷന്റെ നിയമാവലി ഭേദഗതി ചെയ്യുക, സംഘടനയുടെ നേതൃത്വം മാറുക, അസോസിയേഷന്‍ യോഗം ഈ മാസം എട്ടാം തിയതിക്കകം വിളിക്കുക എന്നീ ആവശ്യങ്ങളും തച്ചങ്കരി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നാല്‍പത് പേര്‍ ഒപ്പിട്ട കത്താണ് അസോസിയേഷന്‍ സെക്രട്ടറിയായ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണര്‍ പി. പ്രകാശിന് കൈമാറിയത്. ആറ് എ.ഡി.ജി.പിമാരും എട്ട് ഐ.ജിമാരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.എ.ഡി.ജി.പി സുധേഷ്‌കുമാര്‍ ഉള്‍പ്പെട്ട ദാസ്യപ്പണി വിവാദത്തില്‍ നിരപരാധികളായ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ പൊതുജനമധ്യത്തില്‍ ആക്ഷേപിക്കപ്പെടുകയാണെന്ന് യുവ ഓഫിസര്‍മാര്‍ നേരത്തെ അസോസിയേഷനില്‍ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ ഇക്കാര്യത്തിന് അസോസിയേഷന്‍ വേണ്ട പരിഗണന നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് തച്ചങ്കരിയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം പ്രത്യേകയോഗം ചേര്‍ന്ന് കത്ത് നല്‍കാന്‍ തീരുമാനിച്ചത്. ദൂതന്‍ വഴി എല്ലാ ജില്ലകളിലും കത്ത് എത്തിച്ചാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഒപ്പിടുവിച്ചത്.
സര്‍ക്കാരിനെ വിമര്‍ശിച്ച് ചില മുന്‍ ഡി.ജി.പിമാര്‍ രംഗത്തെത്തിയപ്പോള്‍ ഐ.പി.എസുകാരും അതില്‍പ്പെട്ടു. ഈ സമയം മൗനം പാലിച്ച അസോസിയേഷനോട് വിഷയം ചര്‍ച്ചചെയ്യണമെന്ന് വിമതവിഭാഗം ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ല. ഇതേത്തുടര്‍ന്നാണ് തച്ചങ്കരിയുടെ നേതൃത്വത്തില്‍ വിമതര്‍ നേതൃമാറ്റം ആവശ്യപ്പെടുന്നത്. ഐ.ജി മനോജ് ഏബ്രഹാം അസോസിയേഷന്‍ സെക്രട്ടറി പദവി ഒഴിഞ്ഞശേഷം യോഗം വിളിച്ചുചേര്‍ക്കാന്‍ 26 യുവ ഐ.പി.എസുകാര്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.ഇതില്‍ പലര്‍ക്കും പങ്കെടുക്കാനായില്ല. അന്ന് നോട്ടിസ് നല്‍കാതെ തന്നെ യോഗം വിളിച്ചത് ആരുടെ താല്‍പര്യപ്രകാരമെന്നാണ് വിമതവിഭാഗം ചോദിക്കുന്നത്. കേരള പൊലിസ് അസോസിയേഷനും പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷനും കാംപ് ഫോളോവര്‍മാരുടെ സംഘടനയ്ക്കും നിയമാവലിയുണ്ട്. ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ താല്‍പര്യത്തിനുള്ള രീതിയിലാണ് സംഘടനയെ ഉപയോഗിക്കുന്നതെന്നും വിമത വിഭാഗം പറയുന്നു. അതേസമയം, നാളെ യോഗം വിളിച്ചേക്കുമെന്നും നിലവിലെ സെക്രട്ടറി പി. പ്രകാശ് സ്ഥാനം ഒഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."