മാന്നാറിലെ തഴപ്പായ നിര്‍മാണം ഓര്‍മകളില്‍ മാത്രം
മാന്നാര്‍: മാന്നാര്‍ പാവുക്കരയില്‍ നിലച്ചുപോയ ഒരു പ്രധാന കൈതൊഴിലാണ് തഴപ്പായ നിര്‍മ്മാണം. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് പഴമക്കാര്‍ക്കിടയില്‍ വളരെ സജീവമായിരുന്ന തഴപ്പായ നിര്‍മ്മാണമാണ് പ്ലാസ്റ്റിക് ഉപകരണങ്ങളായ പായയുടേയും പടുതയുടേയും കടന്നുവരവോടെയാണ് നിലച്ചത്.
തഴപ്പായ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന തഴ കൈതച്ചെടിയില്‍നിന്നായിരുന്നു ശേഖരിച്ചിരുന്നത്. നാട്ടിലുടനീളം പാടവരമ്പത്തും വഴിയോരങ്ങളിലും സുലഭമായി വളര്‍ന്ന് നിന്ന കൈതച്ചെടി എന്നാല്‍ ഇന്ന് കണ്ടെത്താനാവാത്ത വിധം അന്യം നിന്നുപോയി.
കൈതയുടെ ഓലയെടുത്ത് വശങ്ങളിലെ മുള്ളു കളഞ്ഞ് രണ്ടായി കീറി വെയ്‌ലത്ത് വച്ച് വാട്ടി ചേരിനു മുകളില്‍ വച്ച് പുക കൊള്ളിച്ചായിരുന്നു പായ നിര്‍മ്മിക്കുവാനുള്ള തഴ തയാറാക്കിയിരുന്നത്.
പിന്നീട് പായ നെയ്യുന്നതിന്റെ തലേ ദിവസം രാത്രി മഞ്ഞ് കൊള്ളിക്കുകയോ, അതല്ലങ്കില്‍ വെള്ളം തളിച്ച് തഴ മയമുള്ളതാക്കുകയോ ചെയ്താണ് പായ് നെയ്യുന്നത്.
പാടത്തെ കൊയ്ത്ത് കഴിഞ്ഞാല്‍ സ്ത്രീകളുടെ ഒരു പ്രധാന വരുമാന മാര്‍ഗമായിരുന്നു തഴപ്പായ നിര്‍മ്മാണം. പണ്ട്കാലത്ത് നെല്ല് ഉണക്കാനും, ഉറങ്ങാനും തഴപ്പായയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. മാന്നാര്‍ തഴപ്പായയ്ക്ക് പ്രിയവുമായിരുന്നു.
ഇടനിലക്കാര്‍ ഇവിടെ എത്തി പായ വാങ്ങി ദൂരെസ്ഥലങ്ങളില്‍ കൊണ്ടുപോയി വില്‍പന നടത്തിയിരുന്നു. മാന്നാറിലെ പടനിലം മാര്‍ക്കറ്റില്‍ പാവുക്കരയില്‍നിന്നും തഴപായ കൊണ്ടുവന്നു വില്‍പ്പന നടത്തി വീട്ടിലേക്കാവശ്യമായ പല വ്യഞ്ജനങ്ങളും വാങ്ങി പോകുമായിരുന്നു. പിന്നീട് പ്ലാസ്റ്റിക് പായകളും മറ്റു ഉത്പന്നങ്ങളും മാര്‍ക്കറ്റിലെത്തി തുടങ്ങിയതോടെ തഴപായുടെ പ്രിയവും നിലച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പഴമക്കാരുടെ മനസില്‍ തഴപ്പായ് നിര്‍മ്മാണവും അതിലുള്ള ഉറക്കവും ഇന്നും മായാതെ നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."