മെഗാ തിരുവാതിര 23ന് നടക്കും
ചേര്‍ത്തല: ശ്രീനാരാണ ദര്‍ശന മഹാസത്രത്തിന്റെ പ്രചരണാര്‍ത്ഥം 23ന് വൈകിട്ട് നാലിനു ചേര്‍ത്തല ദേവീ ക്ഷേത്ര മൈതാനിയില്‍ മെഗാ തിരുവാതിര നടക്കും. എസ്.എന്‍.ഡി.പി ചേര്‍ത്തല കണിച്ചുകുളങ്ങര യൂണിയനുകളിലെ വനിതസംഘങ്ങളുടെ നേതൃത്വത്തിലാണ് തിരുവാതിര സംഘടിപ്പിക്കുന്നത്. ഗുരുദേവന്റെ ജനനം മുതല്‍ സമാധിവരെയുള്ള സംഭവങ്ങളെ ഉള്‍പ്പെടുത്തിയാണ് ഗാനം രചിച്ചിരിക്കുന്നത്. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ എഴുതിയ 20 മിനിട്ട് ദൈര്‍ഘ്യമുള്ള തിരുവാതിര ഗാനം മായാ ബല്‍റാമാണ് ആലപിച്ചിരിക്കുന്നത്.
നാട്യശ്രീ പുരസകാര ജേതാവ് ആര്.എല്‍.വി ഓങ്കാറാണ് തിരുവാതിര ചുവടുകള്‍ പരിശീലിപ്പിച്ചത്.ഒരേ നിറത്തിലുള്ള സെറ്റും മുണ്ടും ബ്ലൗസും ധരിച്ച 3000ത്തിലധികം വനിതകള്‍ തിരുവാതിരയില്‍ പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് നടക്കുന്ന സമ്മേളനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും. കണിച്ചുകുളങ്ങര യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് എസ്.രാജേഷ് അധ്യക്ഷത വഹിക്കും.
ചേര്‍ത്തല മുനിസിപ്പല്‍ ചെയര്മാന് ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തും.എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന് തിരുവാതിരക്ക് ദീപം പ്രകാശിപ്പിക്കും. ചടങ്ങില്‍ വിവിധ യോഗ നേതാക്കള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."