ഇംഗ്ലീഷ് ആധിപത്യം
മോസ്‌കോ: ഷൂട്ടൗട്ടുകള്‍ വിധി നിര്‍ണയിക്കുന്ന മത്സരങ്ങള്‍ ഒരു പരിധി വരെ ഭാഗ്യ പരീക്ഷണം തന്നെയാണ്. മറ്റു ലോകകപ്പുകളില്‍നിന്ന് വ്യത്യസ്തമായി അത്ഭുതങ്ങളുടെ ലോകകപ്പെന്ന് നിരീക്ഷിക്കപ്പെട്ട 2018 ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറുകള്‍ അവസാനിച്ചപ്പോള്‍ ഷൂട്ടൗട്ടുകളിലെ ഭാഗ്യപരീക്ഷണങ്ങള്‍ ഒട്ടും കുറവല്ല. കഴിഞ്ഞ ലോകകപ്പുകളിലെ പ്രീ ക്വാര്‍ട്ടറുകളേക്കാള്‍ കൂടുതല്‍ മത്സരങ്ങളില്‍ ഷൂട്ടൗട്ട് വിധി നിര്‍ണയിച്ചതും ഈ ലോകകപ്പിലാണ്. മൂന്നു ഷൂട്ടൗട്ടുകള്‍. സ്‌പെയിനിനെതിരേ റഷ്യയും ഡെന്‍മാര്‍ക്കിനെതിരേ ക്രൊയേഷ്യയും ഷൂട്ടൗട്ടുകളില്‍ വിജയം കണ്ടു. ചൊവ്വാഴ്ച നടന്ന കൊളംബിയ- ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന നിമിഷത്തില്‍ കൊളംബിയ നേടിയ ഗോളിലൂടെ എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും എത്തിയ മത്സരം ആവേശം വാനോളം നിറച്ചുവച്ച ഒരു ത്രില്ലര്‍ പോരാട്ടം തന്നെയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയെങ്കിലും കളത്തില്‍ നിറഞ്ഞുകളിച്ച കൊളംബിയയുടെ പോരാട്ടവീര്യം പ്രശംസനീയം തന്നെ.
ആക്രമണത്തില്‍ പരാമവധി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ തടുക്കാന്‍ പലപ്പോഴും കൊളംബിയക്ക് പരുക്കന്‍ ഫുട്‌ബോള്‍ തന്നെ പുറത്തെടുക്കേണ്ടി വന്നു. പലപ്പോഴും കൈയാങ്കളിയിലേക്കെത്തിയ മത്സരം നിയന്ത്രണത്തില്‍ വരുത്താന്‍ റഫറിക്ക് കാര്‍ഡുകളെടുക്കേണ്ടി വന്നു. ആകെ 36 ഫൗളുകള്‍ കണ്ട മത്സരത്തില്‍ എട്ടു തവണ റഫറി മഞ്ഞ കാര്‍ഡെടുത്തു. അതില്‍ ആറും കൊളംബിയന്‍ താരങ്ങള്‍ക്ക്. 36 ഫൗളുകളില്‍ 23 ഉം ഇവരുടെ വക തന്നെ. പന്തടക്കത്തിലും പാസുകളിലും ഷോട്ടുകളിലും തുല്യത പാലിച്ച മത്സരം പരുക്കന്‍ നീക്കങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് നടത്തിയ ആക്രമണ ശ്രമങ്ങളെ എന്തു വില കൊടുത്തും തടുക്കാനാണ് കൊളംബിയന്‍ നിര ശ്രമിച്ചത്. അതോടെ ആദ്യ പകുതി ഗോള്‍രഹിതമായി തന്നെ അവസാനിച്ചു.
57ാം മിനുട്ടില്‍ ഹാരികെയ്‌നെ കൊളംബിയന്‍ താരം കര്‍ലോസ് സാഞ്ചസ് ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടി കെയ്ന്‍ വലയിലാക്കി. ഗോള്‍ നേടിയ ശേഷം പരുക്കനായി മാറിയ മത്സരം തങ്ങള്‍ക്കനുകൂലമായുള്ള നിലവിലെ ഫലത്തില്‍ തൃപ്തിപ്പെട്ട് കളിക്കാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. എന്നാല്‍ കിട്ടിയ ഗോളിന് മറുപടി നല്‍കാന്‍ കൊളംബിയന്‍ താരങ്ങള്‍ നിരന്തരം ആക്രമിച്ച് കളിച്ചപ്പോള്‍ റഫറിക്ക് ഇടവിട്ട് ഫൗളുകളും കാര്‍ഡുകളും വിധിക്കേണ്ടി വന്നു. ഇംഗ്ലണ്ടിന് അനുകൂലമായി കലാശിക്കുമെന്ന് കരുതിയിരുന്ന മത്സരം ഇന്‍ജുറി ടൈമിന്റെ 3 ാം മിനുട്ടില്‍ യാരി മിനെ നേടിയ ഗോളിലൂടെ സമനിലയിലെത്തി. സമനില ഗോള്‍ നേടിയ ആവേശത്തില്‍ എക്‌സ്ട്രാ ടൈമിനിറങ്ങിയ കൊളംബിയ തകര്‍ത്തു കളിച്ചെങ്കിലും വിജയ ഗോള്‍ നേടാനായില്ല. അങ്ങനെ മത്സരം ഷൂട്ടൗട്ടിലേക്ക്. ആദ്യ കിക്കെടുത്ത കൊളംബിയന്‍ ക്യാപ്റ്റന്‍ ഫാല്‍ക്കാവൊയുടെ ഷോട്ട് വലയില്‍. പിന്നീട് വന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരികെയ്‌നും ലക്ഷ്യം കണ്ടു. ഷൂട്ടൗട്ട് 3-2ല്‍ നില്‍ക്കേ ഇംഗ്ലണ്ടിന്റെ ഷോട്ടെടുത്ത ഹെന്‍ഡേഴ്‌സന്റെ കിക്ക് ഗോളി തട്ടിയകറ്റി. അടുത്ത കിക്കെടുക്കന്‍ വന്ന ഉറിബെ തൊടുത്ത ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തു പോയത് കൊളംബിയക്ക് തിരിച്ചടിയായി. പിന്നീട് ഇംഗ്ലണ്ടിനു വേണ്ടി വന്ന ട്രിപ്പിയര്‍ ലക്ഷ്യം കണ്ടു. (3-3). പിന്നീട് കൊളംബിയക്കായി വന്ന കര്‍ലോസ് ബാക്കയുടെ ഷോട്ട് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്‌ഫോര്‍ഡ് തടുത്തിടുകയും ഇംഗ്ലണ്ടിനായി വന്ന എറിക് ഡെയര്‍ ലക്ഷ്യം കാണുകയും ചെയ്തതോടെ കൊളംബിയയുടെ പതനം പൂര്‍ണമായി. (3-4). ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടുകളിലെ ഇംഗ്ലണ്ടിന്റെ ദുഃശകുനത്തിന് അറുതി വരികയും 2006ന് ശേഷം ഇംഗ്ലണ്ട് ആദ്യമായി ക്വാര്‍ട്ടറിലെത്തുകയും ചെയ്തു. സ്വിറ്റ്‌സര്‍ലന്റിനെ തോല്‍പ്പിച്ച സ്വീഡനാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളി. നിരീക്ഷിക്കപ്പെടുന്ന പോലെ ആ മത്സരം ഇംഗ്ലണ്ടിന് സുഖകരമായാല്‍ 1966ന് ശേഷം പൂക്കാതിരുന്ന ഇംഗ്ലീഷ് വസന്തം റഷ്യയില്‍ പൂക്കുമോയെന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."