കുട്ടികള്‍ക്ക് അവധിക്കാല സമ്മാനമായി 'കുഞ്ഞരങ്ങ്'
ചെറുവത്തൂര്‍: അവധിക്കാലത്ത് വിനോദ -വിശ്രമങ്ങള്‍ക്കൊപ്പം ആനന്ദകരമായ പ്രവര്‍ത്തനങ്ങള്‍ കൂടി ഒരുക്കി 'കുഞ്ഞരങ്ങ്'. സമഗ്രശിക്ഷ കാസര്‍കോട് ആണ് അവധിക്കാലത്ത് കുട്ടികള്‍ക്കായി വേറിട്ട പ്രവര്‍ത്തന പദ്ധതി തയാറാക്കിയിരിക്കുന്നത്. കുട്ടികളെ സ്വതന്ത്ര വായനക്കാരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്വന്തമായും രക്ഷിതാക്കളുടെ സഹായത്തോടെയും ചെയ്യാവുന്ന പ്രവര്‍ത്തന പുസ്തകം ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും നല്‍കും. രണ്ടാഴ്ചയിലൊരിക്കല്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തങ്ങളും നേടിയകഴിവുകളും പങ്കുവയ്ക്കാനുള്ള അവസരമൊരുക്കും. കുട്ടികളെ ഗ്രന്ഥാലയങ്ങളില്‍ അംഗങ്ങളാക്കല്‍, പുസ്തകങ്ങള്‍ വായനയ്ക്ക് നല്‍കല്‍, പത്രങ്ങള്‍ വായിക്കാന്‍ സമയമൊരുക്കല്‍, നാടന്‍കളി പരിശീലനം, പഴയകാല അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, പ്രകൃതി നടത്തം, കുടുബശ്രീകളുടെ സഹായത്തോടെ 'ഇറയ വായന' എന്നിവയ്ക്കെല്ലാം 'കുഞ്ഞരങ്ങി'ല്‍ അവസരമുണ്ട്. പൂര്‍ണമായും ദൃശ്യ മാധ്യമങ്ങള്‍ക്കും സമൂഹ മാധ്യമങ്ങള്‍ക്കും അടിമപ്പെട്ടു പോകാതെ സ്‌കൂളുകളില്‍ നേടിയ അനുഭവങ്ങളോട് ചേര്‍ന്ന് നില്‍ക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുകയാണ് ഇതിലൂടെ. കുട്ടികളുടെ കളികള്‍, വിനോദയാത്ര, ഇഷ്ടപ്രവര്‍ത്തങ്ങള്‍ എന്നിവയ്ക്ക് തടസം വരാത്ത രീതിയിലാണ് ഓരോ വിദ്യാലയവും കുഞ്ഞരങ്ങിന് വേദിയൊരുക്കുക.
സി.പി.ടി.എ യോഗങ്ങള്‍ ചേര്‍ന്നാണ് പ്രവര്‍ത്തന പുസ്തകം കൈമാറുന്നത്. ചെറുവത്തൂര്‍ ബി.ആര്‍.സി തല ഉദ്ഘാടനം ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി. ഗംഗാധരന്‍ പ്രവര്‍ത്തന പുസ്തകം നല്‍കി നിര്‍വഹിച്ചു. ചെറുവത്തൂര്‍ ബി.പി.ഒ പി.വി ഉണ്ണിരാജന്‍, പി. വേണുഗോപാലന്‍, വിനയന്‍ പിലിക്കോട്, പി. ബാലചന്ദ്രന്‍ സംസാരിച്ചു. മധ്യവേനലവധിക്കായി വിദ്യാലയങ്ങള്‍ അടയ്ക്കുന്ന ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് പി.ടി.എ യോഗങ്ങള്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."