കൊളംബസിന്റെ തല വെട്ടിമാറ്റുമ്പോള്‍
അമേരിക്കന്‍ വര്‍ണവെറിയന്മാര്‍ ഇതുവരെ നിസാരന്മാരായി കരുതി, അരികുവല്‍ക്കരിച്ചു നിര്‍ത്തിയ കറുത്തവര്‍ഗക്കാര്‍ ഇന്നു രാജ്യത്തിന്റെ ചരിത്രം തിരുത്തിക്കുറിക്കുമ്പോള്‍ ലോകത്താകമാനം അലയടിച്ചുയരുന്ന വംശീയവിരുദ്ധ പ്രക്ഷോഭങ്ങളെ ആര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതുകളും അധഃസ്ഥിത വിഭാഗങ്ങളും തുടങ്ങിവച്ച പ്രക്ഷോഭങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കാന്‍ ഇതുപോലെ അനുയോജ്യ കാലാവസ്ഥ സമീപകാലത്തൊന്നുമുണ്ടായിട്ടില്ല. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന 46കാരനായ ആഫ്രിക്കന്‍ അമേരിക്കന്‍, വംശീയഭ്രാന്തനായ വെള്ളപ്പൊലിസിന്റെ കാല്‍മുട്ടിനടിയില്‍ ശ്വാസംമുട്ടി മരിച്ച ദാരുണദുരന്തം തുറന്നുവിട്ട രോഷപ്രകടനവും വംശാധിപത്യവിരുദ്ധ പ്രക്ഷോഭങ്ങളും ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് അടിച്ചമര്‍ത്തപ്പെട്ട വര്‍ഗത്തെ കൊണ്ടുപോകുമ്പോള്‍ അധീശത്വത്തിന്റെ കൊടിയടയാളങ്ങളും ചിഹ്നങ്ങളും പിഴുതെറിയുന്ന കാഴ്ച ലോകത്തെ മര്‍ദിതര്‍ക്കും ചൂഷിതര്‍ക്കും പ്രതീക്ഷകള്‍ കൈമാറുകയാണ്.
അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ യൂറോപ്യന്‍ കോളനിവാഴ്ചയ്ക്കു തുടക്കമിട്ട ഇറ്റാലിയന്‍ നാവികന്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമകള്‍ തകര്‍ത്ത് തല അറുത്തുമാറ്റി തടാകത്തില്‍ താഴ്ത്തിയ സംഭവത്തില്‍ വലിയ രാഷ്ട്രീയവും പ്രചോദനവുമുണ്ട്. ബോസ്റ്റണിലെ നോര്‍ത്ത് എന്‍ഡില്‍ സ്ഥാപിക്കപ്പെട്ട കൂറ്റന്‍ പ്രതിമ തകര്‍ക്കുന്നത് കണ്ടപ്പോള്‍, ഗവര്‍ണര്‍ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്: 'ഈ ചെയ്തിയെ പൂര്‍ണമായും ഞാന്‍ അംഗീകരിക്കുന്നില്ല. എങ്കിലും അതിനു തക്കതായ കാരണമുണ്ട് '. 15ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ സ്‌പെയിനിലെ കത്തോലിക്ക ഭരണാധികാരിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കരീബിയന്‍ ദ്വീപുകളിലെത്തിയ കൊളംബസാണ് 'അമേരിക്ക കണ്ടുപിടിച്ച്' അവിടുത്തെ 'ഇന്ത്യക്കാരെ' കൂട്ടക്കൊല ചെയ്ത് അമേരിക്ക യൂറോപ്യന്‍ കോളനികളാക്കി നശിപ്പിച്ചത്.
കൊളംബസല്ല, 1178ല്‍ മുസ്‌ലിം കച്ചവടക്കാരാണ് അമേരിക്ക ആദ്യം 'കണ്ടുപിടിച്ചതെന്നും' ഹവാനയിലെ ഒരു കുന്നിന്‍മുകളില്‍ മസ്ജിദിന്റെ മാതൃകയിലുള്ള കെട്ടിടം കണ്ടതായി കൊളംബസ് രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്നും 2014ല്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വെളിപ്പെടുത്തിയപ്പോള്‍, ഉര്‍ദുഗാന്‍ ചരിത്രം തിരുത്തിയെഴുതുകയാണെന്ന മുറവിളി ഉയര്‍ന്നു. (കൊളംബസ് അമേരിക്ക കണ്ടുപിടിക്കുന്നതിനു മുന്‍പ് മുസ്‌ലിംകളില്‍ നിന്നുള്ള എട്ടംഗ സംഘം അമേരിക്കയില്‍ എത്തിയതായി 'നുസ്ഹതുല്‍ മുശ്താഖ് ഫീ ഇക്തിറാകില്‍ ആഫാക് 'എന്ന ഗ്രന്ഥത്തില്‍ അറബ് ഭൂമിശാസ്ത്രജ്ഞന്‍ ഇദ്രീസി വിവരിക്കുന്നുണ്ട്.) കാലമാണ് ഏറ്റവും വലിയ തിരുത്തല്‍ശക്തി എന്നു സമര്‍ഥിച്ചുകൊണ്ടാണ്, തങ്ങളുടെ പൂര്‍വികരെ ആഫ്രിക്കന്‍ വന്‍കരയില്‍നിന്ന് അടിമക്കച്ചവടത്തിനായി ചങ്ങലക്കിട്ടു കൊണ്ടുവരാന്‍ യൂറോപ്യര്‍ക്ക് വഴികാണിച്ചുകൊടുത്ത കൊളംബസിന്റെ ഓര്‍മകളെ സ്വത്വം വീണ്ടെടുത്ത കറുത്തവര്‍ഗക്കാര്‍ ചവിട്ടിയരയ്ക്കുന്നത്. കഴിഞ്ഞ 500 വര്‍ഷമായി അത്രമേല്‍ വേദനാജനകമായ ജീവിതദുരിതങ്ങളാണ് കറുത്തവര്‍ഗക്കാര്‍ വെള്ളക്കാരുടെ കൈകളാല്‍ അനുഭവിക്കുന്നത്.
ആധുനിക രാഷ്ട്രീയം മുഖ്യമായും ആശ്രയിച്ചത് ഹിംസയെ കുത്തകവല്‍ക്കരിച്ച രാഷ്ട്രീയ സംവിധാനങ്ങളെയാണെന്നു രാഷ്ട്രീയചിന്തകന്‍ മാര്‍ക്വെബര്‍ നിരീക്ഷിച്ചത് വെറുതെയല്ല. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍നിന്ന് പിടിച്ചുകൊണ്ടുവന്ന് കപ്പല്‍ വരുന്നതു വരെ ഗോഡൗണുകളില്‍ കൂട്ടിയിട്ട അടിമകളെ ശരീരപുഷ്ടിയും അവയവങ്ങളുടെ വണ്ണവും നോക്കി തരംതിരിക്കുന്നതും ശിശുക്കളെ പോലും കൂട്ടബലാത്സംഗത്തിനിരയാക്കി പിച്ചിച്ചീന്തുന്നതും ലോകമറിഞ്ഞത് ഇരുളുറഞ്ഞ ഗുദ്ദാമുകളില്‍ നിന്നുയര്‍ന്ന നിലവിളികളിലൂടെയാണ്. അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് വെള്ളക്കാരന്റെ മേധാവിത്വം ഉറപ്പിക്കാന്‍ വിഘടിച്ചുനിന്ന കോണ്‍ഫെഡറേറ്റ് വര്‍ണവെറിയന്മാരുടെ തിരുശേഷിപ്പുകള്‍ തൂത്തുവാരാന്‍ പ്രക്ഷോഭകര്‍ രംഗത്തിറങ്ങിയത് വ്യക്തമായ ചരിത്രബോധ്യത്തോടെയും ദിശാസൂചനയോടും കൂടിയാണ്. അങ്ങനെയാണ് വിര്‍ജീനിയയിലെ റിച്ച്‌മോണ്ടില്‍ കോണ്‍ഫെഡറേറ്റ് പ്രസിഡന്റായിരുന്ന ജെഫേഴ്‌സണ്‍ ഡേവിസിന്റെ ബിംബങ്ങള്‍ പിഴുതെറിയുന്നത്. കോണ്‍ഫെഡറേറ്റ് നേതാക്കള്‍ക്കും പ്രതിനിധാനങ്ങള്‍ക്കുമെതിരേ കറുത്തവര്‍ഗക്കാരുടെ രോഷം എന്നോ തുടങ്ങിയതാണെങ്കിലും യു.എസ് കോണ്‍ഗ്രസ് ആസ്ഥാനമായ കാപ്പിറ്റോള്‍ മന്ദിരത്തില്‍ സ്ഥാപിച്ച 11 വംശാധിപത്യ നേതാക്കളുടെ പ്രതിമകള്‍ എടുത്തുമാറ്റണമെന്നും വെറുപ്പിന്റെ ചിഹ്നമായ കൊടിയടയാളങ്ങള്‍ നീക്കംചെയ്യണമെന്നും സ്പീക്കര്‍ നാന്‍സി പലോസി ശഠിക്കുന്നത് കാറ്റുവീശുന്നത് എങ്ങോട്ടാണെന്ന് കൃത്യമായി മനസിലാക്കിയാണ്.
കെട്ടുനാറിയ ഒരു കാലത്തിന്റെ വികൃതമായ ദേശീയപൈതൃകങ്ങളെ തച്ചുടക്കാന്‍ തെരുവിലെ ജനങ്ങള്‍ കാട്ടുന്ന ആവേശം അധികാരമുഷ്ടി കൊണ്ട് കെടുത്താനാവില്ലെന്ന് ലോകം മനസിലാക്കിക്കഴിഞ്ഞു. എഡ്വേഡ് കോള്‍സ്റ്റന്‍ എന്നയാളുടെ പേര് ആഫ്രിക്കന്‍ വംശജര്‍ മറവിക്കു വിട്ടുകൊടുക്കാതിരിക്കുന്നത് ലക്ഷക്കണക്കിന് അടിമകളെ അമേരിക്കന്‍ വന്‍കരയിലെത്തിച്ച് കോടികള്‍ കൊയ്ത ബ്രിട്ടീഷ് അടിമവ്യാപാരിയായിരുന്നു അയാള്‍ എന്നതുകൊണ്ടാണ്. ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ തിളച്ചുമറിഞ്ഞ രോഷാഗ്നി യു.എസ് നഗരങ്ങളില്‍ പടരുമ്പോള്‍ ഇങ്ങ് ബ്രിട്ടനിലെ ബ്രിസ്റ്റലില്‍ എഡ്വേഡ് കോള്‍സ്റ്റനിന്റെ പ്രതിമ ജനം തച്ചുതകര്‍ക്കുകയായിരുന്നു; ചരിത്രത്തോട് പകരംവീട്ടാന്‍. കോളനിവാഴ്ചക്കാര്‍ കഴിഞ്ഞ നാലു നൂറ്റാണ്ടില്‍ 'ദിവ്യദൗത്യവുമായി' അപരിഷ്‌കൃതമനുഷ്യരെ 'നാഗരികത' പഠിപ്പിക്കാനിറങ്ങിയ ഭൂപ്രദേശങ്ങളിലെല്ലാം വെള്ളക്കാരന്റെ കുടിലതയ്‌ക്കെതിരേ കൊടുങ്കാറ്റ് ആഞ്ഞുവിശീയപ്പോള്‍, കൊവിഡ് പരത്തിയ സംഭ്രാന്തിയും ഉത്കണ്ഠകളും തല്‍ക്കാലം അവധിയെടുത്തു. സാമൂഹികമായും രാഷ്ട്രീയമായും ഒരു അഴിച്ചുപണി അനിവാര്യമാണെന്ന ചിന്ത മനുഷ്യരെ വര്‍ണത്തിനും വംശത്തിനും മതത്തിനും അതീതമായി ഒരുമിപ്പിക്കുമ്പോള്‍ ഞെട്ടിവിറക്കുന്നത് അധികാരോന്മത്തരായ ട്രംപും മോദിയും നെതന്യാഹുവുമൊക്കെയാണ്.
വിലയില്ലാത്ത മനുഷ്യര്‍
സ്വത്വം തിരിച്ചുപിടിക്കുമ്പോള്‍
നരേന്ദ്ര മോദി 2014ല്‍ അധികാരത്തില്‍വന്ന ശേഷം പശുവിന്റെ പേരില്‍ നടമാടിയ ആള്‍ക്കൂട്ടക്കൊലകള്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരേ വംശവെറിയന്മാര്‍ നൂറ്റാണ്ടുകളായി പ്രയോഗിച്ചുപോന്ന മര്‍ദനോപാധിയായിരുന്നു. ലിഞ്ചിങ് (ഘ്യിരവശിഴ) എന്ന വാക്ക് പ്രചാരത്തില്‍ വന്നത് ഒരു കുറ്റകൃത്യത്തെ സൂചിപ്പിക്കാനല്ല, മറിച്ച് ഒരു സമ്പ്രദായത്തെ വിശേഷിപ്പിക്കാനാണ്. കറുത്തവനാണെങ്കില്‍ ആര്‍ക്കും തല്ലിക്കൊല്ലാം എന്ന ഭീകരാവസ്ഥ. മാല്‍ക്കം എക്‌സിന്റെ ജീവിതപോരാട്ടം തന്നെ ഇത്തരമൊരു വ്യവസ്ഥിതിക്കെതിരേയായിരുന്നു. ആ പോരാട്ടവുമായി അധികദൂരം മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മോചനത്തിന്റെ പാത തേടി, മാലിക് ഷഹ്ബാസായി പുനര്‍ജനിച്ച മാല്‍ക്കം എക്‌സ് 39ാം വയസില്‍ വെടിയേറ്റ് മരിക്കുന്നതിനു മുന്‍പ് പറഞ്ഞുതന്ന ജീവിതകഥയുടെ അന്ത്യത്തില്‍ നടത്തുന്ന ഒരു സത്യപ്രസ്താവമുണ്ട്: 'വെള്ളക്കാരായ ഏതെങ്കിലും വംശീയവാദികളുടെ കൈയാലും ആകസ്മികമായി വധിക്കപ്പെടാമെന്ന് എനിക്കറിയാം. അല്ലെങ്കില്‍ വെള്ളക്കാരന്‍ വാടകയ്‌ക്കെടുത്ത നീഗ്രോയുടെ കൈയാല്‍... വെള്ളക്കാരന്റെ വര്‍ഗം എന്റെ വര്‍ഗത്തിനെതിരേ ചെയ്ത പറഞ്ഞുതീര്‍ക്കാനാവാത്ത പാതകങ്ങളുടെ ചരിത്രം കാണിച്ചുതരാനും പ്രതിഫലിപ്പിക്കാനും പറ്റിയ ഒരു കണ്ണാടി ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് '. മാര്‍ട്ടിന്‍ ലൂഥന്‍ കിങ്ങും ഈ ദിശയില്‍ ബഹുദൂരം സഞ്ചരിച്ചു. എന്നിട്ടും അതിനിഷ്ഠൂരമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും തൊലി കറുത്തതിന്റെ പേരില്‍ അവര്‍ ഇരകളായി. ആ ഇരകളുടെ ഓര്‍മകള്‍ മരിക്കാതിരിക്കാന്‍ 2018 ഏപ്രിലില്‍ അല്‍ബാമയിലെ മോണ്ട്‌ഗോമറിയില്‍ സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള സ്മാരകം (ചമശേീിമഹ ങലാീൃശമഹ ളീൃ ജലമരല മിറ ഖൗേെശരല) ഉയര്‍ന്നു.
'ഇരകള്‍ കൊല്ലപ്പെട്ടത് അജ്ഞാതരുടെ കരങ്ങളാല്‍ അല്ല' എന്ന് വരുംതലമുറയെ അറിയിക്കേണ്ടതുണ്ടായിരുന്നു. 1865ല്‍ അടിമത്തം നിയമപരമായി നിരോധിച്ചതോടെ രാഷ്ട്രീയസമത്വത്തിലേക്ക് പ്രതീക്ഷയോടെ നടന്നുനീങ്ങിയ കറുത്തവര്‍ഗത്തിനു നേരെ തിളച്ചുമറിഞ്ഞ വംശവെറിയാണ് ജിം ക്രോ നിയമം ചുട്ടെടുക്കുന്നതിലേക്ക് കൊണ്ടെത്തിച്ചത്. 1868ല്‍ 16ാം ഭരണഘടന ഭേദഗതിയിലൂടെ ബ്ലാക്ക് കോഡ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചതോടെ നിയമത്തിനു മുന്നില്‍ കറുത്തവര്‍ഗക്കാര്‍ക്ക് തുല്യപരിഗണന വകവച്ചു കൊടുക്കേണ്ടിവരുമെന്ന ഭീതിയാണ് രണ്ടു പതിറ്റാണ്ടിനുശേഷം ജിം ക്രോ നിയമം കൊണ്ട് അത് അട്ടിമറിച്ചത്. കു ക്ലസ് ക്ലാന്‍ (ഗൗ ഗഹൗഃ ഗഹമി) പോലുള്ള തീവ്രവലതുപക്ഷ വംശീയകൂട്ടായ്മകള്‍ അക്രമങ്ങളും കൂട്ടക്കൊലകളും അഴിച്ചുവിട്ടത് ആഫ്രിക്കന്‍ വംശജര്‍ ജനാധിപത്യപരമായി ശാക്തീകരിക്കപ്പെടുമെന്ന ഭീതിയിലായിരുന്നു. മാല്‍ക്കം എക്‌സും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും പകര്‍ന്ന പോരാട്ടവീര്യത്തില്‍നിന്ന് കര്‍മാഗ്നി ജ്വലിപ്പിച്ചാണ് ഇതിനെതിരേ 1960കളില്‍ ആഫ്രിക്കന്‍ വംശജര്‍ക്കായി പോരാട്ടമുഖങ്ങള്‍ തുറക്കപ്പെടുന്നത്. പൊതുഇടങ്ങളിലെ വിവേചനഭിത്തി തകര്‍ക്കാന്‍ 1955ല്‍ റോസാ പാര്‍ക്‌സ് ബസിലെ മുന്‍നിര സീറ്റില്‍നിന്ന് എഴുന്നേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന സംഭവം കറുത്തവര്‍ഗക്കാരുടെ പൗരാവകാശ സമരത്തിലെ ഒരധ്യായമായിരുന്നു.
'വിഖ്യാതനായ അമേരിക്കന്‍ രാജ്യസ്‌നേഹി'യായി വാഴ്ത്തപ്പെട്ട കോണ്‍ഫെഡറേറ്റ് സ്റ്റേറ്റ് പ്രസിഡന്റ് ജെഫേഴ്‌സണ്‍ ഡേവിസിന്റെ ആസ്ഥാനത്തിനു തൊട്ടകലെനിന്ന് അതിനുശേഷം ആരംഭിച്ച ബസ് ബഹിഷ്‌കരണമാണ് പൊതുവാഹനങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ പിന്‍വാതിലിലൂടെ കയറി പിന്‍സീറ്റിലിരിക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞത്. ഇതേ ജെഫേഴ്‌സണ്‍ ഡേവിസിന്റെ പ്രതിമകള്‍ തകര്‍ത്താണ് ജോര്‍ജ് ഫ്‌ളോയ്ഡിനോട് നീതി കാട്ടുക എന്ന മുദ്രാവാക്യം മുഴക്കി പ്രക്ഷോഭകര്‍ യു.എസ് നഗരങ്ങളെ രണാങ്കണമാക്കിയിരിക്കുന്നത്. ഇന്നു ലോകത്താമാനം 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' എന്ന മുദ്രാവാക്യം പ്രതിധ്വനിക്കുമ്പോള്‍, ജോര്‍ജ് ഫ്‌ളോയ്ഡിനെ പോലെ കറുത്തവന്റെ ഒരു ബലിദാനം അതിനുപിന്നിലുണ്ടെന്ന് മറക്കാതിരിക്കുക. 2014 ജൂലൈയില്‍ ഫെര്‍ഗൂസണ്‍ പട്ടണത്തിലായിരുന്നു ആ ക്രൂരത അരങ്ങേറിയത്. മൈക്കള്‍ ബ്രൗണ്‍ എന്ന 18 വയസുള്ള കറുത്തവനായിരുന്നു അന്നത്തെ ഇര. ഡാറന്‍ വില്‍സണ്‍ എന്ന വെള്ളപ്പൊലിസുകാരന്‍ വെടിവച്ചുകൊല്ലുകയായിരുന്നു. അന്നു കത്തിപ്പടര്‍ന്ന പ്രതിഷേധമാണ് 'കറുത്തവന്റെ ജീവനും വിലയുണ്ട് ' എന്ന പ്രസ്ഥാനത്തിന്റെ പിറവിക്കു നിമിത്തമായത്.
ഇന്ത്യയിലും വംശീയത
ജോര്‍ജ് ഫ്‌ളോയ്ഡിന്റെ രക്തസാക്ഷിത്വത്തില്‍നിന്ന് ഉയിരെടുത്ത നീതിക്കും സമത്വത്തിനും വേണ്ടിയുള്ള പോരാട്ടം കേവലം പ്രചാരണപരമായ ഹാഷ്ടാഗില്‍ ഒതുങ്ങിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് ഇനി വേണ്ടത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ അനുഭവിക്കുന്നതിനു സമാനമായ, അല്ലെങ്കില്‍ അതിലും തീക്ഷ്ണമായ ജീവിതപരീക്ഷണങ്ങളാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും ദലിതുകളും അധഃസ്ഥിതരും അനുഭവിക്കുന്നത്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ അധികാരത്തിലേറിയതോടെ അതിന്റെ ഗതിവേഗം കൂടിയെന്നത് ലോകം ഉത്കണ്ഠാകുലരായാണ് നോക്കിക്കാണുന്നത്. സ്വാതന്ത്ര്യപൂര്‍വ കാലത്തുതന്നെ ബാബാ സാഹെബ് അംബേദ്ക്കര്‍ ഇന്ത്യ അകപ്പെടാന്‍ പോകുന്ന ദുരവസ്ഥയെ കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
സാമൂഹിക ജനാധിപത്യമില്ലാതെ രാഷ്ട്രീയ ജനാധിപത്യം നിരര്‍ഥകമാണെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം നൂറുശതമാനം വര്‍ത്തമാനകാല ഇന്ത്യനവസ്ഥ സമര്‍ഥിക്കുന്നു. ജാതിയും മതവും സാമൂഹിക ചിഹ്നങ്ങളുമാണ് ഇന്നും രാജ്യത്തെ ഭരിക്കുന്നത്. കടുത്ത മതവിവേചനം നേരിടുകയാണ് രാജ്യത്തെ മുസ്‌ലിംകളും ദലിതുകളും. വംശവെറിയന്മാരായ പടിഞ്ഞാറന്‍ പൊലിസിനെക്കാള്‍ മുസ്‌ലിം ദലിത് വിരുദ്ധരും ക്രൂരന്മാരുമാണ് മോദിയുഗത്തിലെ പൊലിസ്. ജുഡിഷ്യറി ഭരണവര്‍ഗത്തിന്റെ കൈയിലെ കോടാലിപ്പിടികളാണ്.
അമേരിക്കയില്‍ ആഞ്ഞടിച്ച വംശീയവിരുദ്ധ പ്രക്ഷോഭത്തിന്റെ സത്യസന്ധവും വസ്തുനിഷ്ഠവുമായ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതുപോലെ ഉയര്‍ന്നിരുന്നുവെങ്കില്‍ എന്നാശിച്ചു പോവുകയാണ്. ഭരണകൂടവും പൊലിസും ജുഡിഷ്യറിയും മീഡിയയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് അടിച്ചമര്‍ത്തലിന്റെയും പൗരാവകാശ ധ്വംസനങ്ങളുടെയും നടുക്കുന്ന അനുഭവങ്ങള്‍ കെട്ടഴിച്ചുവിടുന്നത്. യു.എസ് മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അമേരിക്കയിലെ പുതിയ സംഭവവികാസങ്ങള്‍ കണ്ട് കഴിഞ്ഞദിവസം പറഞ്ഞു: '95 വയസുള്ള താനും 92 വയസുള്ള പത്‌നി റൊസാലിനും നീണ്ട ജീവിതത്തിനിടയില്‍ ഒരു യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. അനീതിയുടെ കാലത്ത് മൗനം ദീക്ഷിക്കുക എന്നത് അക്രമംപോലെ അതിമാരകമാണ് '.
ആറു ദശലക്ഷം ജര്‍മന്‍കാര്‍ മാത്രമേ ഔപചാരികമായി നാസികളായിട്ടുള്ളൂ. എങ്ങനെ ആറു ദശലക്ഷം ജര്‍മന്‍കാരെ അവര്‍ക്ക് ഗ്യാസ് ചേംബറില്‍ ക്രമാനുഗതമായി കൊല്ലാന്‍ സാധിച്ചു. ശേഷിക്കുന്ന 60 ദശലക്ഷം പേര്‍ നിശബ്ദരായതാണു കാരണം. ഇന്ത്യയിലും സംഭവിക്കുന്നത് അതാണ്. 130 കോടി ജനങ്ങളില്‍ ചെറിയൊരു വിഭാഗമേ സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ഫാസിസത്തില്‍ അണിചേര്‍ന്നിട്ടുള്ളൂ. എന്നിട്ടും ഇത്രമാത്രം അനീതിയും അക്രമവും വിവേചനവും ആള്‍ക്കൂട്ടക്കൊലയും ഇവിടെ അരങ്ങുതര്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം രാജ്യത്തിന്റെ പൊതുവായ മൗനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."