HOME
DETAILS
MAL
500 റെയില്‍വേ കോച്ചുകള്‍ കിടക്കകളാക്കും
backup
June 15 2020 | 04:06 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് വ്യാപനവും മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും സംബന്ധിച്ച് സുപ്രിം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയിലെ കൊവിഡ് പരിശോധനകള്‍ മൂന്നിരട്ടിയാക്കാനും 500 റെയില്‍വേ കോച്ചുകള്‍ കിടക്കകളാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷം ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കാന്‍ അന്തമാന്‍- നികോബാറില്‍ നിന്നുള്ള സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരായ അശ്വിന്‍ കുമാര്‍, മോണിക്ക പ്രിയദര്‍ശിനി, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരായ ഗൗരവ് സിങ് റജാവത്ത്, വിക്രം സിങ് മല്ലിക് എന്നിവരെയും നിയോഗിച്ചു.
ഇവരെ സഹായിക്കാന്‍ രണ്ടു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നല്‍കി. 500 റെയില്‍വേ കോച്ചുകള്‍ ആശുപത്രികളിലെ കിടക്ക ക്ഷാമം പരിഹരിക്കാനാണ് വിട്ടുകൊടുക്കുക. ഡല്‍ഹിയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വീടുകള്‍ കയറിയിറങ്ങി പരിശോധന നടത്തും. അടുത്ത ദിവസങ്ങളില്‍ കോവിഡ് പരിശോധന രണ്ടിരട്ടിയാക്കും. ആറു ദിവസത്തിനുശേഷം പരിശോധന മൂന്നിരട്ടിയാക്കി വര്‍ധിപ്പിക്കും. സ്വകാര്യ ആശുപത്രികളില്‍ കുറഞ്ഞ ചെലവില്‍ കോവിഡ് ചികിത്സ നടത്താനുള്ള ക്രമീകരണം കൊണ്ടുവരുമെന്നും അമിത് ഷാ വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ 60 ശതമാനം കൊവിഡ് രോഗികള്‍ക്ക് കുറഞ്ഞ ചെലവലില്‍ ചികിത്സ ലഭ്യമാക്കാനും പരമാവധി ഈടാക്കാവുന്ന പണത്തിന്റെ നിരക്ക് നിശ്ചയിക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. യോഗത്തിനു തൊട്ടുപിന്നാലെ തന്നെ അമിത് ഷാ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചു. ഡല്‍ഹി നാഷണല്‍ ക്യാപിറ്റല്‍ റീജിയണ്‍ മേഖലയുടെ സര്‍വകക്ഷി യോഗമാണ് വിളിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ ഇന്ന് രാവിലെ 11ന് യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."