HOME
DETAILS
MAL
അഷിമയുടെ കഥ
backup
June 15 2020 | 04:06 AM
ഡല്‍ഹിയിലെ ആ ചേരിപ്രദേശത്ത് ദാരിദ്യത്തിന്റെ ദയനീയ രൂപങ്ങള്‍ താമസിക്കുന്നയിടത്തെ ഒരു കുടിലിലേക്ക് വിദ്യാസമ്പന്നയും ഉന്നതകുടുംബജാതിയുമായ ആ യുവതി ഒരു ദിവസം കടന്നുചെന്നു. അഷിമ മിത്തല്‍ എന്നാണ് അവളുടെ പേര്. അമ്മ പ്രൊഫസര്‍. അച്ഛന്‍ ബിസിനസ്മാന്‍. ജീവിതത്തിലൊരിക്കലും അതിന് മുമ്പ് അവള്‍ അത്തരം കഷ്ടപ്പാടുകള്‍ നിറഞ്ഞ അന്തരീക്ഷം നേരിട്ടു കണ്ടിട്ടേയില്ല. അവിടെ കൊച്ചുമുറിയില്‍ ഒരു സ്ത്രീയെ കണ്ടു. കട്ടിലില്‍ ഒരു കുഞ്ഞ് കിടക്കുന്നു. ശരീരം ചലിപ്പിക്കാന്‍ കഴിവില്ലാത്ത നിസ്സഹായയായ മൂന്നു വയസ്സുകാരി. ''കുഞ്ഞിനെന്താണ് പറ്റിയത്? എന്താണസുഖം?'' അഷിമ ചോദിച്ചു. ''എനിക്കറിയുകയില്ല; എന്താണ് രോഗമെന്നറിയാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവാന്‍ നിവൃത്തിയില്ല. എന്റെ കൈയില്‍ പൈസയില്ല''; ആ അമ്മ മറുപടി നല്‍കി.
മൂന്ന് വര്‍ഷങ്ങളായിട്ടും ആശുപത്രിയില്‍ സ്വന്തം മകളെ കൊണ്ടുപോയി പരിശോധിപ്പിക്കാന്‍ പോലുമാവാത്ത നിസ്സഹായതയുടെ ആ രൂപത്തെക്കണ്ട് അഷിമ നടുങ്ങിപ്പോയി!! രാജസ്ഥാന്‍കാരിയായ അവള്‍ തന്റെ അമ്മയെ ഫോണ്‍ ചെയ്തു. വിവരങ്ങള്‍ വിസ്തരിച്ചു പറഞ്ഞു. എന്താണ് ചെയ്യുക?
അമ്മ പറഞ്ഞതിങ്ങനെ; നോക്കൂ അഷിമാ, ദൈവം എന്തുകാര്യം ചെയ്യുന്നതിനു പിന്നിലും വ്യക്തമായൊരു ഉദ്ദേശ്യമുണ്ടായിരിക്കും. ദൈവമാണ് നിന്നെ ആ കുടിലിലേക്കെത്തിച്ചത്. നിന്നെക്കൊണ്ട് കഴിയാവുന്നതത്രയും ചെയ്യുക. അത് നിന്റെ ഉത്തരവാദിത്വമാണ്.
ആ സ്ത്രീക്ക് കുറച്ചു പണം നല്‍കാന്‍ തനിക്കു കഴിയും. പക്ഷെ അത് താല്‍ക്കാലിക ആശ്വാസം മാത്രമായിരിക്കും. വര്‍ഷങ്ങളോളം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ചികിത്സയ്ക്ക് മാത്രമേ ഇവരെ രക്ഷിക്കാനാവൂ. സഹായിക്കാന്‍ ആരുമില്ലാത്ത അവര്‍ക്ക് അത്തരം കാര്യങ്ങളാണ് ചെയ്തുകൊടുക്കേണ്ടത്. സ്ഥലം എം.എല്‍.എയുടെ സഹായം അഷിമ അഭ്യര്‍ഥിച്ചു. ആവശ്യമായ പിന്തുണ ലഭിച്ചു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ മുന്നോട്ടുപോയി. ഫിസിയോതെറാപ്പി തുടര്‍ന്നു.
ഒരു നാള്‍ ആശുപത്രിയില്‍ ചെന്നപ്പോള്‍ ആ പെണ്‍കുട്ടി വിളിച്ചു; ''അഷിമാ ദീദീ.......'' ഹൃദയം നിറഞ്ഞുകവിഞ്ഞു പോവുന്ന ശബ്ദം!! നേരത്തെ അനങ്ങാന്‍ പോലുമാവാതിരുന്ന ആ മൂന്നുവയസ്സുകാരി പിന്നീട് നില്‍ക്കാന്‍ കഴിയുന്ന അവസ്ഥയിലെത്തി!!
ഐ.എ.എസ് നേടിയെടുക്കാന്‍ കഴിഞ്ഞാല്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായിക്കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ക്ക് ഇത്തരം നന്മകള്‍ ചെയ്തുകൊടുക്കാന്‍ കഴിയും. അതിനാല്‍ സിവില്‍ സര്‍വിസ് തീര്‍ച്ചയായും നേടിയെടുക്കണം എന്ന ആഗ്രഹം അഷിമയുടെ മനസ്സില്‍ കൂടുതല്‍ തീവ്രമായി ജ്വലിക്കാന്‍ ഈ സംഭവം ഇടയാക്കി.
അങ്ങനെ എസ്.എല്‍.സിയും പ്ലസ്റ്റുവും എന്‍.ടി.എസ്.ഇ, കെ.വി.പി.വൈ സ്‌കോളര്‍ഷിപ്പ് പരീക്ഷകളും ജെ.ഇ.ഇ എന്‍ട്രന്‍സും ഏറ്റവും ഉന്നതനിലയില്‍ പാസ്സായ, ഐ.ഐ.ടിയില്‍ നിന്ന് ബി.ടെക്കിന് ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ അഷിമ ആദ്യത്തെ സിവില്‍ സര്‍വിസ് പരീക്ഷയിലും തിളങ്ങുന്ന വിജയം പ്രതീക്ഷിച്ചു. വീട്ടുകാരും നാട്ടുകാരും പ്രതീക്ഷിച്ചു. ഇന്റര്‍വ്യൂ വരെയെത്തി. പക്ഷെ തോല്‍വിയായിരുന്ന ഫലം. പ്രശസ്തമായ കമ്പനിയിലെ മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു വന്നവള്‍ക്കായിരുന്നു ഈ അനുഭവം എന്നോര്‍ക്കണം!! രണ്ടു ദിവസങ്ങള്‍ അവള്‍ കരഞ്ഞ്കഴിഞ്ഞു.
''എന്റെ ഒന്നരവര്‍ഷത്തിലേറെക്കാലത്തെ പ്രയത്‌നം നഷ്ടമായതായി ഞാന്‍ കരുതി. പക്ഷെ തന്റെ മാത്രമല്ല, പരീക്ഷയെഴുതിയ 99% പേരുടെയും അവസ്ഥയാണതെന്ന വസ്തുത ഞാന്‍ ഉള്‍ക്കൊണ്ടു. ജീവിതത്തില്‍ എല്ലായ്‌പോഴും വിജയിക്കാന്‍ കഴിയണമെന്നില്ല. ആ വലിയ പാഠം ഞാന്‍ പഠിച്ചു'' അഷിമ പറയുന്നു.
സിവില്‍ സര്‍വിസിന്റെ രണ്ടാം അവസരത്തിലും അഭിമുഖത്തിന് ശേഷം പരാജയപ്പെടാനായിരുന്നു വിധി. പക്ഷെ മൂന്നാം തവണ അഷിമ അത് നേടി! 2017ല്‍ 12ാം റാങ്കോടെ ഐ.എ.എസ്!!
മൂന്ന് തവണ വീതം പ്രിലിമിനറിയും മെയിനും എഴുതുകയും ഇന്റര്‍വ്യൂ നേരിടുകയും ചെയ്ത അനുഭവങ്ങളുടെ വെളിച്ചത്തില്‍ അഷിമ പറയുന്നു. നിങ്ങള്‍ തോറ്റേക്കാം. പക്ഷെ അതിനെ നേരിടാന്‍ കഠിന ശ്രമം നടത്തണം. സോഷ്യല്‍ മീഡിയ, സുഹൃത്തുക്കള്‍ തുടങ്ങിയവയൊക്കെ മാറ്റിവെയ്ക്കാം. അവയൊക്കെ പിന്നീടുമാവാമല്ലോ. ലക്ഷ്യത്തിനു വേണ്ടി ഏതു ത്യാഗവും സഹിക്കാന്‍ സന്നദ്ധമാവണം.
അതെ. നമുക്കും ബാധകമാണ് ഇവ. ഒപ്പം മറ്റു മനുഷ്യരുടെ നന്മ കൂടി ലക്ഷ്യമാവുമ്പോള്‍ ദൈവത്തിന്റെയും ഭാഗ്യത്തിന്റെയും കൈകള്‍ നമ്മില്‍ പതിയാതിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."