ഖത്തര്‍ ദേശീയ മ്യൂസിയം വിസ്മയ കാഴ്ചകളുമായി പൊതുജനങ്ങള്‍ക്കായി തുറന്നു
ദോഹ: പട്ടണത്തിന് ദൃശ്യചാരുത പകര്‍ന്നു വിസ്മയം വിടരുന്ന ദേശീയ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തതോടെ ഖത്തറിലെത്തുന്നവര്‍ക്കും ഖത്തറിലുള്ളവര്‍ക്കും മറ്റൊരു കാഴ്ചയ്ക്കും അവസരമൊരുക്കി. വിഖ്യാത ഫ്രഞ്ച് വാസ്തുശില്പിയും പ്രിറ്റ്‌സ്‌കര്‍ സമ്മാന ജേതാവുമായ ജീന്‍ നൗവല്‍ മരുഭൂമിയിലെ പൂവിന്റെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ഖത്തര്‍ ദേശീയ മ്യൂസിയം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലോകത്തിന് സമര്‍പ്പിച്ചു.
തുര്‍ക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്ടെ, ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പി, കുവൈത്തിന്റെ ഫസ്റ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് നാസര്‍ സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ്, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ പൈതൃക സാംസ്‌ക്കാരിക മന്ത്രി സയ്യിദ് ഹൈഥം ബിന്‍ താരീഖ് അല്‍ സയ്ദ്, ജര്‍മന്‍ അന്താരാഷ്ട്ര സാംസ്‌കാരിക, ഫെഡറല്‍ ഫോറിന്‍ ഓഫിസ് സഹമന്ത്രി മിഷേല്‍ മുന്‍ടെഫിറിംഗ്, ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ മുന്‍ പ്രസിഡന്റ് നിക്കോളസ് സര്‍കോസി, റോം മേയര്‍ വിര്‍ജിനിയ റഗി, അസര്‍ബൈജാന്‍ ഉപദേശക സൗദ മുഹമ്മദ് അലീവ്, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസിം ബിന്‍ ഖലീഫ അല്‍താനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗസില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ മഹ്്മൂദ് തുടങ്ങിയ പ്രമുഖരാണ് ഉദ്ഘാടന ചടങ്ങ് സംബന്ധിക്കാനെത്തിയത്.
ഖത്തറിന്റെ പൗരനായിക കാലഘട്ടവും ജീവിതവും പുതിയ കാലത്തേക്കെത്തിയ സാഹചര്യവും ദൃശ്യവാങ്ങ്മയങ്ങളോടെ ലോകത്തിനു മുമ്പിലവതരിപ്പിക്കുകയാണ് പുതിയ മ്യൂസിയം. ലോകവുമായി ഖത്തര്‍ സംസ്‌കാരത്തിന്റെ പുതിയ പാലം പണിയുകയാണ് മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ് മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫാ അല്‍താനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യഖത്തര്‍ സാംസ്‌കാരിക വര്‍ഷത്തില്‍ മ്യൂസിയം തുറന്നുപ്രവര്‍ത്തിക്കാനായതില്‍ ആഹ്ലാദമുണ്ടെന്നും ഇന്ത്യക്കാരുള്‍പ്പെടെ ലോകത്തെ നിരവധി തൊഴിലാളികളുടെ പ്രയത്‌നഫലമാണ് ഈ മ്യൂസിയമെന്നും അവര്‍ വിശദീകരിച്ചു.
മരുഭൂമിയില്‍ നിന്നുള്ള ഉദയം പ്രതിഫലിപ്പിക്കുന്നതും മരുഭൂ പനിനീര്‍ പുഷ്പം പരസ്പരം വൃത്താകൃതിയില്‍ ബന്ധിപ്പിച്ചുള്ളതുമായ രൂപകല്‍പ്പനയാണ് ഖത്തര്‍ ദേശീയ മ്യൂസിയത്തിന്റേതെന്നും 114 ഫൗണ്ടെയ്ന്‍ ശില്‍പ്പങ്ങളും 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള ലഗൂണും ഉള്‍പ്പെടുന്നതാണ് മ്യൂസിയത്തിന്റെ പ്രവേശനകവാടമെന്നും മ്യൂസിയംസ് ഡയറക്ടര്‍ ശൈഖ് അംന ബിന്‍ത് അബ്ദുല്‍ അസീസ് ബിന്‍ ജാസിം അല്‍താനി പറഞ്ഞു. മ്യൂസിയത്തിന്റെ മേല്‍ക്കൂര കൂറ്റന്‍ ജിഗ്‌സോ പസിലിനെ അനുസ്മരിപ്പിക്കുന്നതാണ്. ഖത്തര്‍ മുന്‍ ഭരണാധികാരി ശൈഖ് അബ്ദുല്ല ബിന്‍ ജാസ്സിം അല്‍താനിയുടെ കൊട്ടാരമാണ് ദേശീയ മ്യൂസിയമാക്കി മാറ്റിയത്. 25 വര്‍ഷം രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു ഇത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലത്ത് നിര്‍മിച്ച കൊട്ടാരം ഏറ്റവും മികച്ച സാങ്കേതിക വിദ്യയിലാണ് നവീകരിച്ചിരിക്കുന്നത്. 40,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുടെ യഥാര്‍ഥ കൊട്ടാരമാണ് മ്യൂസിയത്തിന്റെ മധ്യഭാഗം. നടുമുറ്റമുള്ള സത്രം, 220 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഡെസേര്‍ട്ട് റോസ് ഗാലറി (മരുഭൂ പനീര്‍പുഷ്പ ഗാലറി), രണ്ട് ഗിഫ്റ്റ് ഷോപ്പുകള്‍, പൈതൃക ഗവേഷണ കേന്ദ്രം, രണ്ട് പുനരുദ്ധാരണ/ സംരക്ഷണ ലബോറട്ടറികള്‍, ഹരിതാഭമായ പാര്‍ക്ക്, കളിസ്ഥലം, രണ്ട് കോഫീ ഷോപ്പുകള്‍, കഫേ, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും പ്രത്യേക അതിഥികള്‍ക്കുമുള്ള സൗകര്യങ്ങള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, സ്‌കാനിങ്, ത്രിഡി ഡിജിറ്റല്‍ ഫോട്ടോഗ്രഫി, ഹാളുകള്‍, കലാശില്‍പ്പ മാതൃകകള്‍ സൂക്ഷിക്കാനുള്ള സ്ഥലം എന്നിവയെല്ലാം സന്ദര്‍ശകര്‍ക്ക് പുതു അനുഭൂതി പകര്‍ന്നു നല്‍കും.
രണ്ടു താല്‍ക്കാലിക ഗ്യാലറികളും 12 സ്ഥിരം ഗ്യാലറികളുമായി 14 ഗ്യാലറികളുണ്ടാകും. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് മ്യൂസിയത്തിന്റെ മറ്റൊരു പ്രത്യേകത. സംഗീതത്തിന്റെ പശ്ചാത്തലത്തിലോ മരുഭൂമിയിലെ വിവിധ ശബ്ദങ്ങളുടെ അകമ്പടിയോടേയോ നാം വേറൊരു ലോകത്തേക്ക് പ്രവേശിക്കുകയാണെന്ന് മ്യൂസിയത്തിന്റെ ഗാലറികളിലേക്ക് പ്രവേശിക്കുമ്പോള്‍ കാഴ്ചക്കാരന് തോന്നും. 3 വര്‍ഷത്തെ പ്രയത്‌നഫലമായി മരുഭൂമിയില്‍ നിരന്തര ഗവേഷണം നടത്തിയുണ്ടാക്കിയ വീഡിയോ ദൃശ്യങ്ങളാണ് ഗാലറികളുടെ ചുമരിലൂടെ കാഴ്ചക്കാര്‍ക്ക് മുമ്പില്‍ പ്രതിഫലിപ്പിക്കാനായതെന്ന് ഗാലറികളിലെ ദൃശ്യപശ്ചാത്തലമൊരുക്കിയ ഫ്രഞ്ച് കലാകാരനായ ക്രിസ്റ്റഫര്‍ ചെയ്‌സണ്‍ പറഞ്ഞു. തന്റെ ജീവിതത്തിലെ ആദ്യത്തെ മനോഹരമായ അനുഭവമാണിതെന്നും ഇതില്‍ സായൂജ്യമടയുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എട്ടുവര്‍ഷത്തോളം നീണ്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് 434 മില്യണ്‍ ഡോളര്‍ ചെലവില്‍ മ്യൂസിയം പൂര്‍ത്തിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."