രാഷ്ട്രപതിക്കസേര സ്വപ്‌നംകണ്ടു; മൂക്കുകുത്തി വീണു
അടുത്ത രാഷ്ട്രപതിയാകാന്‍ കോപ്പുകൂട്ടുകയായിരുന്ന ബി.ജെ.പിയുടെ ഹെവിവെയ്റ്റ് എല്‍.കെ അദ്വാനിക്ക് മുഖത്തേറ്റ പ്രഹരമായി സുപ്രിംകോടതി വിധി. ബാബരി മസ്ജിദ് തകര്‍ക്കുന്നതില്‍ കുറ്റകരമായ ഗൂഢാലോചന നടന്നിട്ടില്ലെന്ന് കണ്ടെത്തിയ അലഹബാദ് ഹൈക്കോടതി വിധി അസ്ഥിരപ്പെട്ടതോടെ ഫലത്തില്‍ അദ്വാനി കുറ്റക്കാരനായി നിയമത്തിനു മുന്നില്‍ വിചാരണയ്ക്ക് വിധേയനാകേണ്ടി വന്നിരിക്കുകയാണ്. ഇതോടെ അദ്വാനി അടുത്ത രാഷ്ട്രപതിയാകുമെന്ന അഭ്യൂഹങ്ങള്‍ക്ക് സമാപ്തിയാവുന്നു.
ഗൂഢാലോചനാക്കുറ്റം
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി എന്നിവരുള്‍പ്പെടെ 21 പേര്‍ക്കെതിരേയായിരുന്നു ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത്. ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന തരത്തില്‍ പെരുമാറി, അപവാദ പ്രചാരണം നടത്തി, ദേശീയ അഖണ്ഡതയ്ക്ക് ഭംഗം വരുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു, അവാസ്തവമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു, ലഹളയ്ക്ക് കാരണമാകുന്ന തരത്തില്‍ കുപ്രചരണം നടത്തി, പൊതുസമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് അദ്വാനിക്കും മറ്റുള്ളവര്‍ക്കുമെതിരേ സി.ബി.ഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്.
കുറ്റകരമായ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത് ബാബരി മസ്ജിദ് പ്രത്യേക കോടതി റദ്ദാക്കുകയും അത് അലഹബാദ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. അതാണിപ്പോള്‍ സുപ്രിംകോടതി തള്ളിയത്. 2010 മെയ് 20നായിരുന്നു ഹൈക്കോടതി അദ്വാനിയെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്നു മുക്തനാക്കിയത്.
കുറ്റം മറ്റു 13 പേര്‍ക്കുമെതിരേ
അദ്വാനിയെക്കൂടാതെ, മറ്റു ബി.ജെ.പി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍ എന്നിവര്‍ക്കെതിരേയും വിശ്വഹിന്ദു പരിഷത് നേതാക്കളായ സാധ്വി ഋതാംബര, ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഗാള്‍, വിഷ്ണു ഹരി ഡാല്‍മിയ എന്നിവര്‍ക്കെതിരേയും കുറ്റം നിലനില്‍ക്കും.
ബാബരി മസ്ജിദിന്റെ സമീപം വെറും 200 മീറ്റര്‍ അകലെ രാമകഥാ കുഞ്ജില്‍ സജ്ജീകരിച്ച സ്റ്റേജിലാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് സംഘ്പരിവാര്‍ പ്രവര്‍ത്തകരായ കര്‍സേവകരെ ആഹ്വാനം ചെയ്യുന്ന തരത്തില്‍ 1992 ഡിസംബര്‍ ആറിന് ഇവര്‍ പ്രസംഗിച്ചത്. കുറ്റമാരോപിക്കപ്പെട്ടവരില്‍ ആചാര്യ ഗിരിരാജ് കിഷോര്‍, അശോക് സിംഗാള്‍ എന്നിവര്‍ മരണമടഞ്ഞു.
കേസ് തീരുക 2019ല്‍
സുപ്രിംകോടതി നിര്‍ദേശിച്ചിരിക്കുന്നത് ഗൂഢാലോചന കേസ് രണ്ടുവര്‍ഷത്തിനകം തീര്‍ക്കേണ്ടതാണെന്നാണ്. അതായത് 2019ല്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം ഒരുങ്ങുമ്പോഴാകും ബാബരി മസ്ജിദ് കേസില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്കെതിരേ വിധി വരുക. അതുകൊണ്ടുതന്നെ അന്നും ഇത് ഒരു രാഷ്ട്രീയ പ്രചാരണ ആയുധമായി ഉപയോഗിക്കാന്‍ ബി.ജെ.പിക്കു കഴിയും. എന്നാല്‍, വരുന്ന രണ്ടു വര്‍ഷം അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും കേസും കൂട്ടവുമായി നടക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
അദ്വാനി ചിന്തിച്ചിരുന്നില്ല
എല്‍.കെ അദ്വാനിയെ സംബന്ധിച്ചിടത്തോളം സുപ്രിംകോടതി വിധി കനത്ത ആഘാതം തന്നെയാണ്. അഭൂതപൂര്‍വമായ വിജയം നേടി ബി.ജെ.പി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കളായ അദ്വാനിയെയും ജോഷിയെയും അവഗണിച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ബി.ജെ.പിയിലെ മിതവാദ മുഖം എ.ബി വാജ്‌പേയിയുടേതാണെങ്കില്‍ തീവ്രമുഖം അദ്വാനിയുടേതായിരുന്നു. ശക്തനായ വാഗ്മിയും ജനങ്ങളെ ആവേശം കൊള്ളിക്കാന്‍ പോന്ന നേതാവുമാണ് അദ്ദേഹം.
ബി.ജെ.പിയെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതിന് നെടുനായകത്വം വഹിച്ച അദ്വാനി പ്രധാനമന്ത്രി ആകുമെന്നാണ് കരുതപ്പെട്ടത്. അന്ന് ഒതുക്കപ്പെട്ടപ്പോള്‍ പരസ്യമായി നീരസം പ്രകടിപ്പിക്കാന്‍ പോലും അദ്വാനി തയാറായത് ഓര്‍ക്കേണ്ടതുണ്ട്. കൈപ്പിടിയിലെത്തിയ അധികാരം വഴുതിമാറിയതില്‍ വിങ്ങിപ്പൊട്ടുന്ന അദ്വാനിയെ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലോകം വീക്ഷിച്ചതുമാണ്. ഒടുവില്‍ രാഷ്ട്രപതി ആയേക്കുമെന്ന അവസ്ഥ രൂഢമൂലമായിരിക്കേയാണ് സുപ്രിംകോടതി അതിനു തടയിടുന്ന തരത്തില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."