സകരിയ്യയുടെ കുടുംബത്തിന് ആഘാതമായി ശരീഫിന്റെ വിയോഗം
പരപ്പനങ്ങാടി: ഇന്നലെ ദുബൈയില്‍വച്ചു മരണപ്പെട്ട പരപ്പനങ്ങാടി പുത്തന്‍പീടിക കോണിയത്ത് വാണിയംപറമ്പത്ത് ശരീഫിന്റെ മരണം കുടുംബത്തെപ്പോലെ നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ആഘാതമായി. ശരീഫിന്റെ സഹോദരന്‍ സകരിയ്യ എട്ടു വര്‍ഷത്തോളമായി വിചാരണാ തടവുകാരനായി കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ്.
2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാണെന്നാരോപിച്ചാണ് 2009 ഫെബ്രുവരി അഞ്ചിനു തിരൂരിലെ മൊബൈല്‍ കടയില്‍നിന്നു കര്‍ണാടക പൊലിസ് സകരിയ്യയെ കൊണ്ടുപോയത്. മകന്റെ ജയില്‍ ജീവിതം ഓര്‍ത്തു നരകിച്ചു ജീവിക്കുന്ന മാതാവ് ബിയ്യുമ്മയ്ക്കു താങ്ങാന്‍ കഴിയുന്നതിലുമപ്പുറമുള്ള വാര്‍ത്തയാണ് ശരീഫിന്റെ വിയോഗത്തോടെ വന്നിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 18നായിരുന്നു ശരീഫിന്റെ വിവാഹം. രണ്ടു ദിവസത്തെ പരോള്‍ ലഭിച്ചതിനെ തുടര്‍ന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ സകരിയ്യയും എത്തിയിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷമാണ് ശരീഫ് ദുബൈയിലേക്കു പോയത്. ഇന്നലെ രാവിലെ താമസസ്ഥലത്തുവച്ചു ഹൃദയാഘാതംമൂലമാണ് മരണം സംഭവിച്ചത്.
കൂട്ടുകാരോട് എപ്പോഴും സൗഹൃദം പങ്കിടുന്ന ശരീഫ് മരിക്കുന്നതിന് തൊട്ടുമുന്‍പുപോലും സോഷ്യല്‍മീഡിയയില്‍ ബന്ധപ്പെട്ടിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ശരീഫിന്റെ മയ്യിത്ത് ഇന്ന് ബീച്ച് റോഡിലുള്ള അമ്മാവന്റെ വീട്ടിലേക്കാണ് കൊണ്ടുവരുന്നത്. 22വരെ ഇടക്കാല ജാമ്യം ലഭിച്ച സകരിയ്യ ഇന്നു രാവിലെ നാട്ടിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."