നിയമന നിരോധനമില്ല; പുതിയ തസ്തിക രൂപീകരിക്കും: ധനമന്ത്രി
തിരുവനന്തപുരം: രണ്ടു വര്‍ഷത്തെ നിയമന നിരോധനമുണ്ടാകുമെന്ന ബജറ്റ് നിര്‍ദേശം തിരുത്തി ധനകാര്യ മന്ത്രി തോമസ് ഐസക്. നിയമന നിരോധനമില്ലെന്നും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പുതിയ തസ്തിക സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് ആരോഗ്യമേഖലയില്‍ മാത്രമായിരിക്കും പുതിയ നിയമനമെന്ന ബജറ്റ് പ്രസംഗത്തിലെ പ്രഖ്യാപനമാണ് മന്ത്രി തിരുത്തിയത്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ പുതിയ പാക്കേജ് കൊണ്ടുവരാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്കു താമസിക്കാനുള്ള ലായങ്ങള്‍ പുനര്‍നിര്‍മിക്കും. പ്ലാന്റേഷന്‍ മേഖലയിലെ പഞ്ചായത്തുകള്‍ക്ക് അധിക തുക സഹായമായി നല്‍കും. വള്ളംകളി പ്രോത്സാഹിപ്പിക്കുന്നതിനു രണ്ടു കോടിയും സംസ്ഥാന ശുചിത്വമിഷന് 15 കോടി രൂപയും അധികം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
കൈത്തറിക്ക് വര്‍ഷം മുഴുവന്‍ അഞ്ച് ശതമാനം റിബേറ്റ് നല്‍കും. പുതിയ ഒന്‍പതു കുടിവെള്ള പദ്ധതികള്‍ ആരംഭിക്കും. പുതിയ 34 റോഡുകള്‍ക്കുവേണ്ടി 560 കോടി രൂപയും ആറു പുതിയ ബൈപാസുകള്‍ക്കായി 105 കോടി രൂപയും അനുവദിക്കുമെന്നും ഐസക് പറഞ്ഞു. ബോണ്ടുകള്‍വച്ചു പണം കണ്ടെത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച ബാങ്ക് കണ്‍സോര്‍ഷ്യം ഉള്‍പ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട് പഠിച്ചാണ് പുതിയ വികസന പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. മുന്‍ സര്‍ക്കാര്‍ ചെയ്തതു പോലെ പദ്ധതികള്‍ക്കു ജപ്പാനെയോ ജര്‍മനിയെയോ ആശ്രയിക്കാതെ ബാങ്കുകളില്‍നിന്നു പണം പലിശയ്‌ക്കെടുത്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്.
ഏതാണ്ട് ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് കൊണ്ടുവരുന്നത്. പുതിയ പദ്ധതികള്‍ക്കു പണം വായ്പയെടുക്കുകയും അതു പലിശസഹിതം തിരിച്ചടയ്ക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."