പഴവര്‍ഗങ്ങളുടെ ഉപയോഗം ഇരട്ടിയായി; കേരളത്തില്‍ ചെലവാകുന്നത് രണ്ടായിരം ടണ്‍
കൊച്ചി: ചൂട് വര്‍ധിച്ചതോടെ സംസ്ഥാനത്ത് പഴവര്‍ഗങ്ങളുടെ ഉപയോഗം ഇരട്ടിയായി. ദിനംപ്രതി രണ്ടായിരം ടണ്‍ പഴവര്‍ഗങ്ങളാണ് വിവിധ ജില്ലകളിലായി വിറ്റഴിയുന്നത്.
ഓറഞ്ച്, മുന്തിരി,തണ്ണിമത്തന്‍, ചെറുപഴം,പൈനാപ്പിള്‍, സപ്പോട്ട, നീര്‍മാതളം തുടങ്ങിഎല്ലാത്തരം പഴവര്‍ഗങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ചൂടിനുമുമ്പ് ആയിരം ടണ്‍ പഴവര്‍ഗങ്ങള്‍ മാത്രമാണ് സംസ്ഥാനത്ത് എത്തിയിരുന്നത്. സംസ്ഥാനത്തുള്ള അറുപതിനായിരത്തോളം ചില്ലറ വില്‍പന കടകളിലും പഴങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.
അതേസമയം തണ്ണിമത്തന് ആവശ്യക്കാര്‍ ഏറിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ പാകമാകാത്ത തണ്ണിമത്തന്‍ എത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്,കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ദിവസവും ലോഡ് കണക്കിന് തണ്ണിമത്തനാണ് എത്തുന്നത്.ഒരു ലോഡില്‍ മുന്നൂറ് ചാക്ക് തണ്ണിമത്തനാണ് എത്തുന്നത്. ദേശീയപാതയോരത്തെ തുറസായ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും ഇവ കൂട്ടിയിട്ട് വില്‍പന നടത്തുന്നുണ്ട്. മറ്റ് പഴവര്‍ഗങ്ങള്‍ക്കൊന്നും വിലയില്‍ വര്‍ധനവ് ഇല്ലെങ്കിലും തണ്ണിമത്തന്റെ വിലയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കിലോയ്ക്ക് എട്ട് രൂപയുണ്ടായിരുന്നതിന് ഇപ്പോള്‍ വില ഇരുപത് രൂപവരെയാണ്.
കൂടുതല്‍ വില നല്‍കി വാങ്ങുന്ന തണ്ണിമത്തന്‍ പൊളിച്ചുനോക്കുമ്പോള്‍ പലപ്പോഴും കബളിപ്പിക്കപ്പെടുന്നുണ്ടെന്നും മൂപ്പെത്താതെ വെട്ടിക്കൊണ്ടുവരുന്നതാണ് ഇതിന് കാരണമെന്നും ആവശ്യക്കാര്‍ പറയുന്നു. നാഗ്പൂരില്‍ നിന്നെത്തുന്ന ഓറഞ്ചിനും ആവശ്യക്കാരേറെയാണ്. അറുപത് മുതല്‍ എഴുപത് രൂപ വരെയാണ് ഒരു കിലോ ഓറഞ്ചിന്റെ വില. മഹാരാഷ്ട്രയില്‍ നിന്നെത്തുന്ന കുരുവില്ലാത്ത കറുത്ത മുന്തിരി കിലോയ്ക്ക് നൂറുരൂപയാണ് വില. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ആപ്പിളിനും ചൂടുകാലത്ത് ആവശ്യക്കാര്‍ കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. ന്യൂസിലാന്‍ഡ്, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് 20കണ്ടെയ്‌നര്‍ ആപ്പിളാണ് ദിനംപ്രതി എത്തുന്നത്. കിലോയ്ക്ക് 140-150 വിലയുള്ള കശ്മീരി ആപ്പിളും വിപണിയില്‍ സുലഭമാണ്.
വാഴക്കുളത്ത് ഉല്‍പാദിപ്പിക്കുന്ന പൈനപ്പിളിനും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് 400ടണ്‍ പൈനാപ്പിളാണ് ദിനംപ്രതി ഇവിടെനിന്ന് എത്തുന്നത്. ഇത്രത്തോളം തന്നെ മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കുന്നുണ്ട്.
രണ്ട് മാസം മുമ്പ് കിലോയ്ക്ക് പത്ത് രൂപയായിരുന്ന പൈനാപ്പിളിന്റെ ഇപ്പോഴത്തെ വില 35രൂപയാണ്.പഴവര്‍ഗങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിറ്റുവരവും കൂടിയിട്ടുണ്ട്.
പതിനായിരം രൂപയുടെവരെ കച്ചവടം ചെറിയ കച്ചവടക്കാര്‍ക്ക് പോലും ലഭിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."