ബണ്ടിന് ബലക്ഷയം; കര്‍ഷകര്‍ ആശങ്കയില്‍
ഹരിപ്പാട്: ബണ്ടിന്റെ ബലക്ഷയം ചെറുതന പടിഞ്ഞാറെ പോച്ച പാടശേഖരത്തിനു ഭീഷണിയാകുന്നു. രണ്ടു വശം പമ്പയാറും ഒരു ഭാഗം കൈത്തോടുമായിട്ടുള്ള പുഞ്ചയില്‍ വെള്ളം കയറി കൃഷി നശിക്കാതിരിക്കണമെങ്കില്‍ ബലവത്തായ ബണ്ട് വേണം. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കര്‍ഷകര്‍ മൂന്നു ലക്ഷത്തോളം രൂപ മുടക്കി മണല്‍ചാക്ക് നിരത്തിയാണു ബണ്ട് സംരക്ഷിച്ചത്. എല്ലാ വര്‍ഷവും മടവീഴ്ചയുടെ ഭീഷണിയിലാണു പാടശേഖരം.
രണ്ടാം കൃഷിയിറക്കിയ പാടശേഖരത്തില്‍ ആഴ്ചകളോളം കഷ്ടപ്പെട്ടാണു മടവീഴ്ച ഒഴിവാക്കി കൃഷി സംരക്ഷിച്ചതെന്നു കര്‍ഷകര്‍ പറഞ്ഞു. പുഞ്ചയുടെ വടക്ക് പടിഞ്ഞാറു ഭാഗം പമ്പയാറ്റില്‍ നിന്ന് ഏതു സമയവും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്. കുത്തൊഴുക്കുള്ള ഇവിടെ കരിങ്കല്‍ കെട്ട് അത്യാവശ്യമാണ്. മഴക്കാലത്തു ചെളിയും മണല്‍ചാക്കും നിറച്ചു ബണ്ട് സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്.
ഇവിടെ ഏകദേശം 750 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ കെട്ട് നിര്‍മിച്ചാല്‍ മാത്രമേ കൃഷി സുഗമമായി നടത്താന്‍ കഴിയുകയുള്ളൂ. പാടശേഖരത്തിനു ചുറ്റും ട്രാക്ടറും കൊയ്ത്ത് യന്ത്രവും ഇറങ്ങുന്ന വീതിയില്‍ ബണ്ട് നിര്‍മിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. ബണ്ടില്‍ കൂടി കൊയ്ത്ത് യന്ത്രം കൊണ്ടു വരാന്‍ കഴിയാത്തതിനാല്‍ വലിയ ചെങ്ങാടത്തില്‍ കയറ്റിയാണു കൊണ്ടു വരുന്നത്.ഇതിനു കര്‍ഷകര്‍ക്കു ഭാരിച്ച ചെലവ് വേണ്ടി വരുന്നുണ്ട്. 148 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ രണ്ടാം കൃഷി ഇറക്കിയിരിക്കുകയാണ്.
പാടശേഖരത്തിന് മോട്ടോര്‍ ലഭിച്ചെങ്കിലും ഇതുവരെ മോട്ടോര്‍പുര നിര്‍മിച്ചിട്ടില്ല. മോട്ടോര്‍ ഷെഡ് നിര്‍മിക്കാന്‍ വര്‍ഷം തോറും കര്‍ഷകര്‍ പണം മുടക്കേണ്ട സ്ഥിതിയാണ്. പാടത്തിലേക്കുള്ള മൂന്ന് കലുങ്കുകള്‍ പുനര്‍നിര്‍മിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."