ഹൈമാസ്റ്റ് ലൈറ്റ് നിശ്ചലം: താലൂക്കാശുപത്രി വളപ്പില്‍ കൂരിരുട്ട്
ആറ്റിങ്ങല്‍: താലൂക്കാശുപത്രിയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചതോടെ ആശുപത്രി വളപ്പിലും വലിയകുന്ന് ജങ്ഷനിലും കൂരിരുട്ട്. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരുന്ന ലൈറ്റാണ് ഇളക്കി ആറ്റിങ്ങല്‍ താലൂക്കാശുപത്രി വളപ്പില്‍ സ്ഥാപിച്ചത്.
ബസ്സ്റ്റാന്‍ഡിന് പുതിയ ലൈറ്റ് സ്ഥാപിച്ചപ്പോള്‍ പഴയതിനെ ഇവിടെയും മാറ്റി. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ലൈറ്റുകള്‍ ഒന്നൊന്നായി അണഞ്ഞു. ഇപ്പോള്‍ ഏതാനും ആഴ്ചകളായി പൂര്‍ണമായും പ്രകാശിക്കുന്നില്ല. ആറ്റിങ്ങല്‍ വെഞ്ഞാറമൂട് റോഡിലെ പ്രധാന കാവലയാണ് വലിയകുന്ന്. ഇവിടെ നിരവധി വ്യാപാരസ്ഥാപനങ്ങളും ശ്രീപാദം സ്റ്റേഡിയവും സ്ഥിതിചെയ്യുന്നുണ്ട്. താലൂക്കാശുപത്രി വളപ്പില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ലൈറ്റ് സ്ഥാപിച്ചതോടെ രാത്രിയില്‍ ആശുപത്രി പ്രവേശനകവാടവും പരിസരവും കവലയും പ്രകാശം പരന്നിരുന്നു.
ഇപ്പോള്‍ കവലയിലെ കടകള്‍ അടഞ്ഞാല്‍ ഇവിടെ കൂരിരുട്ടാണ്. ആശുപത്രിയില്‍ നിന്നുള്ള രോഗികളുടെ കൂട്ടിരുപ്പുകാര്‍ രാത്രിയില്‍ ഭക്ഷണമോ കാപ്പിയോ വാങ്ങാന്‍ മൂന്നുമൂക്കിലോ മറ്റോ പോകാന്‍ വളരെ പ്രയാസമാണ്. ദേശീയപാതയില്‍ അപകടത്തില്‍പെടുന്നവരെ കൊണ്ടുവരുന്ന പരിചയമില്ലാത്തവര്‍ക്ക് ആശുപത്രി കണ്ടെത്താനും വെളിച്ചമില്ലാത്തതിനാല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ആയതിനാല്‍ ആശുപത്രി വളപ്പിലെ ലൈറ്റ് പ്രകാശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ഇരുളിന്റെ മറവില്‍ ആശുപത്രി വളപ്പില്‍ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ മദ്യപിക്കാനെത്തുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."