അനധികൃത മത്സ്യമാര്‍ക്കറ്റിനെതിരേ വ്യാപക പ്രതിഷേധം
കണിയാപുരം: ഏതുനിമിഷവും അപകടങ്ങള്‍ക്ക് ഇടയ്ക്കാവുന്ന വിധത്തില്‍ കണിയാപുരം ആലുംമുട് ജങ്ഷനിലെ ദേശീയപാതയ്ക്കരികിലെ അനധികൃത മത്സ്യമാര്‍ക്കറ്റിനെതിരേ വ്യാപകമായ പ്രതിഷേധം. അണ്ടൂര്‍ക്കോണം പഞ്ചായത്തിന്റെ അനുമതിയോട് കൂടിയാണ് റോഡിനെ കുരുതികളമാക്കവിധം ഈ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സമീപത്തെ പഞ്ചായത്ത് വക മാര്‍ക്കറ്റില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊണ്ടാണ് മാര്‍ക്കറ്റ് ജങ്ഷനിലേക്ക് മാറ്റിയെന്നാണ് പ്രസിഡന്റ് പറയുന്നത്. എന്നാല്‍ സമീപത്ത് തന്നെ ഒഴിഞ്ഞ് കിടക്കുന്ന ധാരാളം പ്രദേശങ്ങളുണ്ട്.
റോഡിലെ തിരക്കുകാരണം വാഹനം പാഞ്ഞുകയറി റിട്ട.സര്‍വെ ഉദ്യോഗസ്ഥന്റെ ജീവന്‍ നഷ്ടമായത് രണ്ടുദിവസം മുമ്പാണ്. മാത്രല്ല മീനിന്റെ അവശിഷ്ടങ്ങളും മലിനജലവും കാരണം സമീപത്തെ എല്‍.പി സ്‌കൂളിനെയും ബാധിക്കുന്നുണ്ട്. രൂക്ഷമായ ദുര്‍ഗന്ധം കാരണം കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്തവസ്ഥയുണ്ട്. മത്സ്യകച്ചവടക്കാരും വാങ്ങാനെത്തുന്നവരുടെയും തിരക്കുകാരണം ദിവസവും മണിക്കൂറോളം കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനെല്ലാം പുറമെ പള്ളിപ്പുറം മുതല്‍ വെട്ടുറോഡ് വരെ റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം നിമിത്തം ഒരുസൈക്കിള്‍ പോലും ഉരുട്ടികൊണ്ടുപോകാന്‍ പറ്റാത്തവസ്ഥയാണ്.
ഫുഡ്പാത്ത് കൈയേറി കച്ചവടം സജീവമായതോടെ കാല്‍നടക്കാര്‍ റോഡില്‍ കയറി പോകുന്നത് അപകടങ്ങള്‍ക്കിടയാകുന്നുണ്ട്. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്യം ഹനിച്ചുകൊണ്ട് ചെടി, ബിരിയാണി, വാഹനം, കരിക്ക്, ചെരിപ്പ് തുടങ്ങിയ കച്ചവടങ്ങളും പത്തോളം തട്ടുകടകളും വഴിയാത്രകാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതുമൂലം മെഡിക്കല്‍കോളജിലേക്ക് പോകുന്ന ആംബുലന്‍സുകള്‍ പോലും ഈകുരുക്കില്‍ അകപ്പെടുന്നതും നിത്യകാഴ്ചയാണ്. നാട്ടുകാര്‍ പലതവണ റോഡിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പരാതിപ്പെട്ടുവെങ്കിലും ചെവിക്കൊണ്ടില്ലെന്ന് പരാതിയുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കേണ്ട പഞ്ചായത്തിന്റെ പ്രവര്‍ത്തനം ജനത്തിനെതിരാണെന്നും ആക്ഷേപമുണ്ട്. അനധികൃത കച്ചവടക്കാരെ മാറ്റുന്നതില്‍ പൊലിസിന്റെ ഭാഗത്ത് നിന്നും ഒരുനടപടിയുമില്ല, നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷന്‍കാരും പലതവണ ഇക്കാര്യം പോത്തന്‍കോട് സി.ഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇങ്ങോട്ടേക്ക് തിരിഞ്ഞുപോലും നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."