തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിന് എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി വേണം
തൊടുപുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി ലഭിക്കുന്നതിന് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിങ് കമ്മിറ്റിക്ക് (എം.സി.എം.സി) സമര്‍പ്പിക്കണം. അംഗീകാരം നേടിയ പരസ്യങ്ങള്‍ മാത്രമേ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കാവൂ. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും പരസ്യങ്ങള്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.
രജിസ്റ്റേഡ് നാഷണല്‍ സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും ടെലികാസ്റ്റ് ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും പരസ്യം കലക്ടറേറ്റിലെ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളോ വ്യക്തികളോ ആണെങ്കില്‍ ടെലികാസ്റ്റിന് ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം.
പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചിലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ഉണ്ടായിരിക്കണം. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ജില്ലാതല എം.സി.എം.സി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."