ലീഡര്‍ ജീവിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ബി.ജെ.പി വളരില്ലായിരുന്നു: എ.കെ ആന്റണി
തിരുവനന്തപുരം: കെ.കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ ഒരു കാരണവശാലും കേരളത്തില്‍ ബി.ജെ.പിക്ക് വേരോട്ടമുണ്ടാകുമായിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കരുണാകരന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നരേന്ദ്രമോദിയും അമിത്ഷായും ഇവിടെ വന്ന് ശീര്‍ഷാസനം ചെയ്താല്‍ പോലും ഒന്നും സംഭവിക്കുമായിരുന്നില്ല. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആത്മാഭിമാനം വീണ്ടെടുക്കണം. കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച ലീഡര്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഐക്യമുന്നണി പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരണം. സാമുദായിക സംഘടനകളെ പ്രീണിപ്പിച്ചാണ് പിണറായിയും മന്ത്രിമാരും ചെങ്ങന്നൂരില്‍ തെരെഞ്ഞെടുപ്പു ജയിച്ചത്.
കോണ്‍ഗ്രസും യു.ഡി.എഫും അടിത്തട്ടിലെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി, വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനെ നേരിടണം. ഇത്തവണ കേരളത്തില്‍ നിന്നും കൂടുതല്‍ എം.പിമാരെ സംഭാവന ചെയ്ത് കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണത്തിന് അന്ത്യം കുറിയ്ക്കണം. ജീവിച്ചിരുന്ന കരുണാകരനേക്കാള്‍ പതിന്മടങ്ങ് ശക്തിയോടെഅദ്ദേഹം നമ്മോടൊപ്പം നിറഞ്ഞു നില്‍ക്കുകയാണെന്നും ആന്റണി പറഞ്ഞു.
അദ്ദേഹവും താനും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോഴും രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഒറ്റ മനസോടെ തങ്ങള്‍ നീങ്ങുമായിരുന്നു. കോണ്‍ഗ്രസ് നശിച്ചെന്ന് കരുതിയ ഘട്ടത്തില്‍ തന്റെ അസാമാന്യ കരുത്ത് പുറത്തെടുത്ത് പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവന്ന കരുണാകരനെ മറക്കാനാവില്ലെന്നും ആന്റണി അനുസ്മരിച്ചു.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. കരുണാകരന്റെ ഛായാചിത്രത്തിനു മുന്നില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, കേരളാകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, എം. വിന്‍സന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്രപ്രസാദ്, സി.പിജോണ്‍, ഡെയ്‌സി ജേക്കബ്ബ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എന്‍. പിതാംബരക്കുറുപ്പ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."