ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിക്ക് ജീവപര്യന്തം
ഇരിങ്ങാലക്കുട(തൃശൂര്‍): കണ്‌ഠേശ്വരത്ത് സ്വര്‍ണ കവര്‍ച്ചക്കായി ബന്ധുവായ യുവാവിനെ കൊലപ്പെടുത്തിയ ബംഗാള്‍ സ്വദേശിക്ക് ട്രിപ്പിള്‍ ജീവപര്യന്തം തടവും, 1,75,000 രൂപ പിഴയും വിധിച്ചു.
തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദാണ് ശിക്ഷ വിധിച്ചത്. ഹൗറ ജില്ലയില്‍ ശ്യാംപൂര്‍കാന്തിലാബാര്‍ സ്വദേശിയായ അമിയ സാമന്ത(38)യാണ് ശിക്ഷിക്കപ്പെട്ടത്.
പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും ഒന്‍പതുമാസവും കൂടുതല്‍ കഠിനതടവ് അനുഭവിക്കേണ്ടിവരും. കൊല്ലപ്പെട്ട ജാദബ് കുമാര്‍ ദാസിന്റെ വിധവയ്ക്ക് ലീഗല്‍ സര്‍വിസ് അതോറിറ്റിയില്‍നിന്നും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. 2012 ഒക്ടോബര്‍ 12നാണ് കണ്‌ഠേശ്വരത്തുള്ള താമസസ്ഥലത്തുവച്ച് ബംഗാള്‍ ഹൗറ ജില്ലക്കാരനായ ജാദബ് കുമാര്‍ ദാസ് കൊല്ലപ്പെട്ടത്.
കണ്‌ഠേശ്വരം പണ്ഡാരത്ത് പറമ്പില്‍ ഭരതന്‍ എന്നയാളുടെ കീഴില്‍ സ്വര്‍ണാഭരണ നിര്‍മാണ ജോലിക്കാരനായിരുന്നു ജാദബ് കുമാര്‍ ദാസ്. പ്രതിയായ അമിയ സാമന്ത കുറച്ചുനാള്‍ ഇവിടെ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങിപ്പോയി.
സംഭവത്തിന് അഞ്ചുദിവസം മുന്‍പ് 215 ഗ്രാം സ്വര്‍ണക്കട്ടി ആഭരണങ്ങള്‍ പണിയുന്നതിനായി ഭരതന്‍ ജാദബ് കുമാര്‍ ദാസിനെ ഏല്‍പ്പിച്ചിരുന്നു. ആഭരണ നിര്‍മാണം നടന്നുകൊണ്ടിരിക്കെ 11ാം തിയതി വൈകിട്ട് പ്രതി അമിയ സാമന്ത ജാദബ് കുമാര്‍ ദാസിന്റ താമസസ്ഥലത്ത് എത്തി.
ആഭരണപ്പണി പരിശോധിക്കാന്‍ ചെന്ന ഭരതനോട് ബന്ധുവായ പ്രതി എത്തിയിട്ടുണ്ടെന്ന വിവരം ജാദബ് കുമാര്‍ പറഞ്ഞിരുന്നു. 12ാം തിയതി രാത്രി കൊല നടത്തിയ പ്രതി 13ാം തിയതി അതിരാവിലെ തൃശൂരിലെത്തി ട്രെയിന്‍ മാര്‍ഗം സ്വദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുട പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ചക്രാപ്പൂരില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 26 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും 20 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വലിയതരം കത്തി വില്‍പ്പന നടത്തിയ കച്ചവടക്കാരന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. കൂടാതെ ശാസ്ത്രീയ തെളിവുകളും ശിക്ഷ ഉറപ്പുവരുത്തുന്നതിന് സഹായകമായി.
കൊല്ലപ്പെട്ട ജാദവിന്റെ കൈകളില്‍ പ്രതിയുടെ മുടി കുരുങ്ങിക്കിടന്നിരുന്നത് ശേഖരിച്ച് നടത്തിയ രാസപരിശോധനാ ഫലവും കേസില്‍ നിര്‍ണായക തെളിവായി. ഇരിങ്ങാലക്കുട സി.ഐ ആയിരുന്ന ടി.എസ് സിനോജാണ് കേസന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഡ്വ. അമീര്‍, അഡ്വ. കെ.എം ദില്‍ എന്നിവര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."