ലീഡര്‍ പ്രവര്‍ത്തക വികാരം ഉള്‍ക്കൊണ്ട കിങ്‌മേക്കര്‍: പി. ശങ്കരന്‍
കോഴിക്കോട്: ലീഡറുടെ അഭാവം സൃഷ്ടിച്ച ശൂന്യത രാഷ്ട്രീയ കേരളത്തില്‍ നികത്താന്‍ സാധിക്കാത്തതാണെന്ന് അനുദിനം വ്യക്തമാകുന്നുണ്ടെന്ന് മുന്‍ മന്ത്രിയും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ അഡ്വ. പി. ശങ്കരന്‍. കെ. കരുണാകരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെടുമ്പാശ്ശേരി വിമാനത്താവളം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, കാലിക്കറ്റ് സര്‍വകലാശാല തുടങ്ങി എണ്ണമറ്റ വികസന നേട്ടങ്ങളാണ് കെ. കരുണാകരനുള്ള നിത്യസ്മാരകങ്ങള്‍.
പട്ടികജാതി വികസന വകുപ്പ് ഏറ്റെടുത്ത ഏക മുഖ്യമന്ത്രിയായ ലീഡറെ കേരളത്തിലെ ഏറ്റവും വലിയ മതേതര നേതാവായി കാലം വിലയിരുത്തും. ലീഡര്‍ പ്രവര്‍ത്തക വികാരം ഉള്‍ക്കൊണ്ട കിങ്‌മേക്കറായിരുന്നുവെന്നും ശങ്കരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായി. ഉദ്യോഗസ്ഥരെയും പൊലിസിനെയും കൂടെയുള്ളവരെയും സംരക്ഷിച്ച് സ്വന്തം സ്ഥാനം പോലും ത്യജിച്ച ലീഡര്‍ എക്കാലത്തെയും രാഷ്ട്രീയ വിസ്മയമാണെന്ന് സിദ്ദീഖ് പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ മന്ത്രി അഡ്വ. എം.ടി പത്മ, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.പി ബാബു, യു.വി ദിനേശ്മണി, കെ.വി സുബ്രഹ്മണ്യന്‍, ഡി.സി.സി ഭാരവാഹികളായ ദിനേശ് പെരുമണ്ണ, രമേശ് നമ്പിയത്ത്, ഐ.പി രാജേഷ്, പി. കുഞ്ഞിമൊയ്തീന്‍, എന്‍. ഷെറില്‍ബാബു, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍, വി. അബ്ദുല്‍ റസാഖ്, വി.ടി നിഹാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."