തദ്ദേശ സ്ഥാപനങ്ങള്‍ മൂന്നു മാസം വിനിയോഗിച്ചത് 12 ശതമാനം
കോഴിക്കോട്: വാര്‍ഷിക പദ്ധതി ചെലവഴിക്കലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മെല്ലെപ്പോക്ക് തുടരുന്നു. ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ 11.62 ശതമാനം വാര്‍ഷിക പദ്ധതി തുകയാണ് ഇതുവരെ വിനിയോഗിച്ചിരിക്കുന്നത്. പൂര്‍ണമായും പദ്ധതി നിര്‍വഹണം നടക്കണമെങ്കില്‍ ഈ കാലയളവില്‍ ഇതിന്റെ ഇരട്ടി തുകയെങ്കിലും ചെലവഴിക്കണം.
തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന പദ്ധതി അവലോകനത്തിലാണ് വിലയിരുത്തല്‍. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകള്‍ 12.36 ശതമാനം തുക ചെലവഴിച്ചു.
12 ബ്ലോക്ക് പഞ്ചായത്തുകള്‍ 10.97 ശതമാനം തുകയാണ് ചെലവിട്ടത്. ഏഴു നഗരസഭകള്‍ 10.43 ശതമാനം പദ്ധതി തുക വിനിയോഗിച്ചു.
ജില്ലാ പഞ്ചായത്ത് 6.03 ശതമാനം തുകയാണ് ചെലവാക്കിയത്. കോഴിക്കോട് കോര്‍പറേഷന്‍ 13.98 ശതമാനം തുക ചെലവഴിച്ചതായും മന്ത്രി യോഗത്തില്‍ പറഞ്ഞു. ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണ പുരോഗതി, ജീവനക്കാരുടെ ഒഴിവുകളുടെ എണ്ണം, ഗുണഭോക്തൃ പട്ടികകളുടെ കൈമാറ്റം ഡെപോസിറ്റ്, സ്പില്‍ ഓവര്‍ പ്രവൃത്തികളുടെ പുരോഗതി എന്നിവ സംബന്ധിച്ച് മന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരോടും സെക്രട്ടറിമാരോടും ആരാഞ്ഞു. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തതു കൊണ്ടുമാത്രം അര്‍ഹരായ ഭവനരഹിതര്‍ക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ ലൈഫ് മിഷന്‍ വീടുകളുടെ തുക 15 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. പലിശ സര്‍ക്കാര്‍ നല്‍കും.
ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷം 1452 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി 21 ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്തൃ പട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും ആറു പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറിയത്. 70 തദ്ദേശ സ്ഥാപനങ്ങള്‍ ഇനിയും കൈമാറിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച പ്രകടനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."