ഇസ്റാഈല്‍ ആക്രമണത്തില്‍ 17കാരന് കൊല്ലപ്പെട്ടു; 59 പേര്‍ക്ക് പരുക്ക്
ഗസ്സ: ഇസ്റാഈല്‍ ആക്രമണങ്ങള്‍ തുടരുമ്പോള്‍ ഗസ്സയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഇരു രാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന ഇവിടെ ദിവസങ്ങളായി ഇസ്റാഈല്‍ ആക്രമണം നടത്തിവരികയാണ്. ഇതില്‍ ഒട്ടേറെ പേര് കൊല്ലപ്പെടുകയും പലര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ഓര്‍മദിവസമായ ഇന്നലെ ഗസ്സ അതിര്‍ത്തിയില്‍ നിരവധി ഫലസ്തീനികള്‍ തടിച്ചുകൂടുകയും പ്രതിഷേധ റാലി നടത്തുകയും ചെയ്തു. ഇതിനിടയിലും ഇസ്റാഈലിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായി. ഇതില്‍ പതിനേഴുകാരനായ ഫലസ്തീന് യുവാവ് കൊല്ലപ്പെടുകയും 59ലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധത്തിനായി ഒത്തുകൂടിയവര്‍ക്കു നേരെ ഇസ്റാഈല്‍ സൈന്യം വെടിവയ്പ് നടത്തുകയും റബര്‍ ബുള്ളറ്റ്, ടിയര്‍ഗ്യാസ് എന്നിവ പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധത്തില്‍ നാല്പതിനായിരത്തോളം പേര് പങ്കെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇവരില്‍ ചിലര്‍ കല്ലെറിയുകയും മറ്റ് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതായി ആരോപിച്ചാണ് ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തിയത്. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി ഇരുഭാഗത്തും വളണ്ടിയര്‍മാരെയും സൈന്യത്തെയും നിയോഗിച്ചെങ്കിലും പൂര്‍ണമായി നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."