സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളി: മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വന്തം ദുര്‍ഗന്ധം സൃഷ്ടിച്ച ഉന്‍മാദാവസ്ഥയുടെ തടവുകാരനാവുകയാണ് കെ.പി.സി.സി പ്രസിഡന്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെയാകരുതെന്ന് ആ കോണ്‍ഗ്രസ് നേതാവ് തെളിയിച്ചു. കേരളത്തെക്കുറിച്ച് നല്ലതു കേള്‍ക്കുന്നതാണ് മുല്ലപ്പള്ളിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് അഭിമാനമാണ് തോന്നുന്നത്.
എന്നാല്‍ മുല്ലപ്പള്ളിക്ക് അതു കേള്‍ക്കുമ്പോള്‍ ക്ഷോഭമാണ് വരുന്നത്. ആ ക്ഷോഭം മലയാളികളെ ബാധിക്കില്ല. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന വിധമാണ് നാം കൊവിഡിനെ ചെറുത്തത്. കൊവിഡിന് ലോകത്തൊരിടത്തും മരുന്നുപോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നാം രോഗബാധയെ ചെറുത്തുനിറുത്തി.
ഇത് ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടും ലോകത്തെ പല ഭാഗങ്ങളിലെ സാഹചര്യങ്ങള്‍ പഠിച്ചുള്ള പ്രവര്‍ത്തനം കൊണ്ടും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാര്‍പ്പണം കൊണ്ടുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെക്കുറിച്ച് നല്ലതു പറയുന്നത് തന്നെ ക്ഷോഭിപ്പിക്കുന്നുണ്ടെങ്കില്‍ എത്ര അധഃപതിച്ച മനസാണത്? അദ്ദേഹത്തെ അസഹിഷ്ണുവാക്കുന്നതെന്ത്? അദ്ദേഹത്തിന്റെ മനോനിലയുടെ പ്രതിഫലനമാണിത്.
സ്ത്രീവിരുദ്ധവുമാണ്. ഇങ്ങനെയാണോ സ്ത്രീകളെ നിങ്ങള്‍ കാണുന്നത്? ഇങ്ങനെ പറഞ്ഞാലേ അണികളുടെ കൈയടി കിട്ടൂ എന്ന് കരുതിയാണോ. തരംതാണ പരാമര്‍ശമായിപ്പോയി ഇത്. ഇത് വെറും മന്ത്രിക്കെതിരായ പരാമര്‍ശം മാത്രമല്ല, കേരളം ഒന്നാമതെത്തിയത് സഹിക്കാനാകാഞ്ഞിട്ടുള്ള ക്ഷോഭം കൂടിയായിട്ടാണ്.
ആ ക്ഷോഭം കൊണ്ട് പേശികള്‍ക്ക് അധ്വാനം കൂടുമെന്നല്ലാതെ വേറൊന്നുമില്ല. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാര്‍ഥ്യം കാണാതെ പോയ മനസിന്റെ ജല്‍പനം മാത്രമാണിത്.
രോഗപ്രതിരോധത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഇത്തരം പ്രസ്താവന നടത്തുന്നതിനെ അവഗണിക്കുകയല്ലേ നല്ലത്? രോഗം വരുമ്പോള്‍ ഒരുമിച്ച് നില്‍ക്കുകയല്ലേ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."