ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശം നിലപാടിലുറച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും ഒറ്റപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിവാദ പരാമര്‍ശത്തെ പിന്തുണച്ച് പാര്‍ട്ടിയിലേയും മുന്നണിയിലേയും ആരും രംഗത്തുവന്നില്ലെങ്കിലും താന്‍ പറഞ്ഞതിലുറച്ചു നില്‍ക്കുന്നതായി മുല്ലപ്പള്ളി വ്യക്തമാക്കി. വൈദ്യുതി ബില്ലിലേറ്റ തിരിച്ചടിക്കിടെ ലഭിച്ച പിടിവള്ളിയെന്ന നിലയില്‍ മുല്ലപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കി പരമാവധി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സി.പി.എമ്മും ശ്രമിക്കുകയാണ്.
പ്രസംഗത്തില്‍നിന്ന് ഒരുഭാഗം അടര്‍ത്തിയെടുത്തതാണെന്നു പറഞ്ഞ മുല്ലപ്പള്ളി നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളിലടക്കമുള്ള വിജയത്തിന് ആരോഗ്യ പ്രവര്‍ത്തകരാണ് അവകാശികള്‍ എന്നു പറയാനാണ് ശ്രമിച്ചതെന്നും മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യ മന്ത്രി ശ്ലാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചതായി അറിയില്ല. പിന്നീട് നടന്നതെല്ലാം പി.ആര്‍ വര്‍ക്ക് ആയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വിജയിക്കാനായില്ല. പറഞ്ഞ കാര്യങ്ങളെല്ലാം നൂറു ശതമാനം സത്യമാണ്. രാജകുമാരിയും റാണിയുമെന്നു വിളിച്ചതില്‍ എന്താണ് തെറ്റെന്നു ചോദിച്ച മുല്ലപ്പള്ളി, ആരെയും അധിക്ഷേപിക്കുന്ന സ്വഭാവമില്ലെന്നും സ്ത്രീകളെ അപമാനിക്കുന്നവിധം സംസാരിക്കുന്ന പാരമ്പര്യമില്ലെന്നും പറഞ്ഞു. മരിച്ച ലിനിയുടെ ഭര്‍ത്താവിനെ വിളിച്ചിരുന്നു. ലിനിക്ക് മരണാനന്തര ബഹുമതി നല്‍കാന്‍ എം.പിയെന്ന നിലയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. നിപാ രോഗം വന്ന സമയത്ത് എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മുല്ലപ്പള്ളിയെ അനുകൂലിച്ച് എ, ഐ ഗ്രൂപ്പുകളിലെ ഏതെങ്കിലും നേതാക്കളോ, യു.ഡി.എഫ് നേതാക്കളോ രംഗത്തെത്തിയില്ലെന്നതാണ് ശ്രദ്ധേയം. പരാമര്‍ശം മോശമായിപ്പോയെന്നും മുല്ലപ്പള്ളിതന്നെ അത് വിശദീകരിക്കട്ടെയെന്ന നിലപാടുമാണ് പല നേതാക്കളും കൈക്കൊണ്ടത്. മാത്രമല്ല സംഭവത്തില്‍ വിയോജിപ്പുണ്ടെങ്കിലും മുല്ലപ്പള്ളിക്കെതിരേ രംഗത്തുവരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലും പലരേയും പരസ്യ പ്രതികരണത്തില്‍നിന്നു പിന്തിരിപ്പിച്ചു. അതേസമയം മുല്ലപ്പള്ളിയുടെ പ്രസ്താവന രാഷ്ട്രീയ നേട്ടമാക്കുന്നതിനു സി.പി.എമ്മിന് കഴിഞ്ഞു. വൈദ്യുതി ബില്ലിനെതിരേ ശക്തമായ പ്രചാരണം നടത്തി മുന്നേറിക്കൊണ്ടിരുന്ന കോണ്‍ഗ്രസിനും യു.ഡി.എഫിനും ഇതൊരു പ്രഹരമായി. മുല്ലപ്പള്ളിയുടെ പ്രസ്താവനക്കെതിരേ നിരവധി നേതാക്കളാണ് അണിനിരന്നത്. മുല്ലപ്പള്ളിക്ക് എന്തോ രോഗമുണ്ടെന്നു തോന്നുന്നെന്നു പറഞ്ഞ മന്ത്രി എ.കെ.ബാലന്‍, മുല്ലപ്പള്ളിയുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രതിപക്ഷ നേതാവ് തയാറാകണമെന്നും പറഞ്ഞു. നിപാ രാജകുമാരി, കോവിഡ് റാണി പദവികള്‍ക്കായി മന്ത്രി കെ.കെ.ശൈലജ നടക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി പറഞ്ഞത്. നിപാ കാലത്ത് ഗസ്റ്റ് ആര്‍ടിസ്റ്റിനെ പോലെയാണ് ആരോഗ്യമന്ത്രി കോഴിക്കോട് വന്നുപോയതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."