റിട്ട. അധ്യാപികയെ കത്തികാട്ടി കവര്‍ച്ച നടത്തിയ സംഭവം; അന്വേഷണം എങ്ങുമെത്തിയില്ല
നാട്ടുകാരുടെ സഹകരണത്തോടെയും അധ്യാപികയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലും തലേ ദിവസം പരിസര പ്രദേശങ്ങളില്‍ കണ്ട ഒരാളുടെ രേഖാചിത്രവും പൊലിസ് പുറത്തിറക്കിയിരുന്നു
കാഞ്ഞങ്ങാട്: രാത്രി രണ്ടിനു വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറി റിട്ട. അധ്യാപികയെ കത്തി മുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം എങ്ങുമെത്തിയില്ല. മൂന്നാഴ്ച മുമ്പാണ് വെള്ളിക്കോത്ത് ഗ്രാമപഞ്ചായത്ത് കാര്യലയത്തിന്റെ എതിര്‍വശത്തെ റിട്ടയേര്‍ഡ് അധ്യാപിക ഓമനയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.
ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന വൃദ്ധയെ കത്തി കാട്ടി, ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും മേശപ്പുറത്തുണ്ടായിരുന്ന ആയിരം രൂപയും ഒരു ടോര്‍ച്ചും മുഖം മൂടി ധരിച്ച മോഷ്ടാവ് കൊണ്ടു പോയിരുന്നു.
നാട്ടുകാരുടെ സഹകരണത്തോടെയും അധ്യാപികയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിലും തലേ ദിവസം പരിസര പ്രദേശങ്ങളില്‍ കണ്ട ഒരാളുടെ രേഖാചിത്രവും പൊലിസ് പുറത്തിറക്കിയിരുന്നു. സംഭവ ദിവസവും തലേ ദിവസങ്ങളിലും വെള്ളിക്കോത്തെ മൊബൈല്‍ ടവറുകളിലൂടെ പോയി വന്ന അര ലക്ഷത്തിലേറെ നമ്പറുകളും അന്വേഷണ വിധേയമാക്കിയിരുന്നു.
എന്നാല്‍ പ്രതീക്ഷ നല്‍കുന്ന വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലും പൊലിസ് അന്വേഷണം വ്യാപിപ്പിക്കുകയുണ്ടായി.
എങ്കിലും പ്രതിയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."