വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി നാല്‍ക്കാലികള്‍
ബദിയഡുക്ക: ബദിയടുക്ക ടൗണും പരിസരവും കൈയടക്കുന്ന നാല്‍ക്കാലികള്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണി ഉയര്‍ത്തുന്നു. പകല്‍ സമയങ്ങളില്‍ കൂട്ടമായെത്തുന്ന ആട്, പശുക്കള്‍ എന്നതിലുപരി തെരുവുനായ ശല്യവും ഇവിടെ രൂക്ഷമാണ്. രാവിലെ അഴിച്ചു വിടുന്ന വളര്‍ത്തു മൃഗങ്ങള്‍ നേരെയെത്തുന്നത് ടൗണിലേക്കാണ്. റോഡില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ പരസ്പരം കൊമ്പ് കോര്‍ക്കുന്നത് ഗതാഗത തടസത്തിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു.
പ്രത്യേകിച്ചും ഇരു ചക്രവാഹന യാത്രക്കാര്‍ക്കാണ് കൂടുതലും ഭീഷണിയുള്ളത്. തലങ്ങും വിലങ്ങും ഓടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു പതിവായി മാറുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പു വരെ മൃഗങ്ങളെ പിടിച്ചുകെട്ടാന്‍ പഞ്ചായത്തില്‍ ദൊഡ്ഡിയും അതിനു പ്രത്യേകം ജീവനക്കാരുമുണ്ടായിരുന്നു.
പിടിച്ചുകെട്ടിയ മൃഗങ്ങളെ ഉടമക്കു വിട്ടുകൊടുക്കണമെങ്കില്‍ നിശ്ചിത പിഴ ഈടാക്കിയ ശേഷമെ വിട്ടു കൊടുക്കാവൂ എന്ന നിയമം നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകളില്‍ തൊഴുത്തോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ഇതൊന്നും പ്രാബല്യത്തിലാകുന്നുമില്ല. തെരുവില്‍ അഴിച്ചു വിടുന്ന മൃഗങ്ങളുടെ ഉടമകളെ കണ്ടെത്തി ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."