നേട്ടങ്ങളുടെ നെറുകയില്‍ കടമ്പഴിപ്പുറം പഞ്ചായത്ത്
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിലും നികുതിവിഭവ സമാഹരണത്തിലും 100 ശതമാനം ലക്ഷ്യം കൈവരിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടരപ്പതിറ്റാണ്ട് നീണ്ട ജനകീയാസൂത്രണ പ്രക്രിയയില്‍ ചരിത്രത്തിലാദ്യമായാണ് കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തില്‍ 100 ശതമാനം കൈവരിക്കുന്നത്.
2018-19 സാമ്പത്തിക വര്‍ഷം വിവിധ മേഖലകള്‍ക്കായി പഞ്ചായത്തിന് അനുവദിച്ച് കിട്ടിയ 5,46,98,733 രൂപ 100 ശതമാനവും 2019 മാര്‍ച്ച് 28നകം ചെലവഴിച്ചാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. ഗ്രാമപഞ്ചായത്തിന് 2018-19 വര്‍ഷം വികസന ഫണ്ട് ജനറല്‍ വിഭാഗത്തില്‍ അനുവദിച്ച 1,67,40,733 രൂപയും എസ്.സി.പി വിഭാഗത്തില്‍ ലഭിച്ച 1,01,75,000 രൂപയും, ടി.എസ്.പി വിഭാഗത്തില്‍ ലഭിച്ച 1,38,000 രൂപയും ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് ഇനത്തില്‍ 77,71,000 രൂപയും മെയിന്റനന്‍സ് റോഡ് വിഭാഗത്തിന് അനുവദിച്ച 1,64,50,000 രൂപയും നോണ്‍ റോഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ അനുവദിച്ച 34,24,000 രൂപയും വിവിധ പ്രൊജക്ടുകളിലൂടെ 2019 മാര്‍ച്ച് 28നകം തന്നെ പൂര്‍ണമായും ചെലവഴിച്ചാണ് കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പദ്ധതി നിര്‍വഹണത്തില്‍ ഈ സാമ്പത്തിക വര്‍ഷം ഒന്നാം സ്ഥാനത്തെത്തിയത്.
നികുതി സമാഹരണത്തിലും 100 ശതമാനം ലക്ഷ്യം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് പഞ്ചായത്തിന് ആദ്യമായി 100 ശതമാനം നികുതി പിരിവ് എന്ന ലക്ഷ്യം കൈവരിക്കാനായത്. ഗ്രാമപഞ്ചായത്തില്‍നിന്നുള്ള സേവനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും ഗ്രാമവാസികള്‍ക്ക് ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് ഓഫിസിനെ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു. എം.എല്‍.എ ഫണ്ടു കൂടി ഉപയോഗപ്പെടുത്തി പണി പൂര്‍ത്തീകരിച്ച വാതകശ്മശാനത്തിന് അന്തിമ പ്രവര്‍ത്തനാനുമതി ലഭിച്ചു കഴിഞ്ഞു.
തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം നടത്താനാണ് ഭരണ സമിതി തീരുമാനമെടുത്തിരിക്കുന്നത്. ഇതിനു പുറമെ സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ പ്രവര്‍ത്തന ങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുകൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മസേന, കെട്ടിട നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്തു നടത്തുന്ന വനിതാ ഗ്രൂപ്പുകള്‍, ജി.യു.പി സ്‌കൂളിനു സമീപമുള്ള ഭിന്നശേഷി ക്കാര്‍ക്കായുള്ള ബഡ്‌സ് സ്‌കൂള്‍ എന്നിവയും നല്ല നിലയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്ത് കനിവ് പാലിയേറ്റീവ് യൂനിറ്റിന്റെ പ്രവര്‍ത്തനം, വയോജനങ്ങള്‍ക്കുള്ള ആരോഗ്യ പദ്ധതി സായംസന്ധ്യ, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള നല്ല മനസ് തുടങ്ങിയ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും എടുത്തു പറയേണ്ടവയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം മാത്രം നാലരക്കോടിയോളം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ പഞ്ചായത്തിനകത്ത് നടത്താന്‍ ഭരണ സമിതിക്കായിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. അംബുജാക്ഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."