അഭിമന്യുവിന്റെ സഹപാഠികള്‍ക്ക് കൗണ്‍സലിങ്ങുമായി അധ്യാപകര്‍; 32 വിദ്യാര്‍ഥികള്‍ ക്ലാസിലെത്തി
കൊച്ചി: മഹാരാജാസ് കോളജില്‍ കൊലചെയ്യപ്പെട്ട അഭിമന്യുവിന്റെ ക്ലാസിലെ വിദ്യാര്‍ഥികള്‍ ഇന്നലെ ക്ലാസില്‍ തിരിച്ചെത്തി തുടങ്ങി. അധ്യാപകരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികള്‍ ഇന്നലെ തിരിച്ചെത്തിയത്. കെമിസ്ട്രി രണ്ടാംവര്‍ഷ ബിരുദ ക്ലാസില്‍ അഭിമന്യു ഉള്‍പ്പെടെ 37 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. അഭിമന്യുവിന്റെ ദാരുണ അന്ത്യത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടികള്‍ ക്ലാസിലെത്താന്‍ വിസമ്മതിക്കുകയായിരുന്നു.
ബുധനാഴ്ച കോളജ് വീണ്ടും തുറന്നപ്പോഴും അഭിമന്യുവിന്റെ ക്ലാസില്‍ ഒരു കുട്ടി പോലും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് 32 വിദ്യാര്‍ഥികളും ഇന്നലെ ക്ലാസിലെത്തി. ഇന്നലെ പരസ്പരം കണ്ടപ്പോള്‍ കുട്ടികള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അധ്യാപകര്‍ ഏറെനേരം ശ്രമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അല്‍പമെങ്കിലും സാധാരണ നിലയിലെത്തിയത്.
കെമിസ്ട്രി വിഭാഗം മേധാവി കെ.പി അശോകന്‍, അധ്യാപകരായ ഡോ. വിദ്യാ രാമന്‍, ജൂലി ചന്ദ്ര, ലിജി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കിയത്. കളമശേരിയിലേക്കു സ്ഥലംമാറി പോയ അധ്യാപികയായ ലിജിയാണ് കഴിഞ്ഞ വര്‍ഷം അഭിമന്യുവിന്റെ ക്ലാസില്‍ പഠിപ്പിച്ചിരുന്നത്. ഈ അധ്യാപികയുമായിട്ടായിരുന്നു കുട്ടികള്‍ക്ക് കൂടുതല്‍ ആത്മബന്ധം. അതുകൊണ്ട് കുട്ടികളുമായി സംസാരിക്കാനായി ലിജി ടീച്ചറെ വിളിച്ചുവരുത്തുകയായിരുന്നു. അഭിമന്യുവിന്റെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച നടക്കാനിരുന്ന പ്രാക്ടിക്കല്‍ പരീക്ഷകള്‍ 11ലേക്കു മാറ്റിയിരുന്നു. അതിനു മുമ്പായി കുട്ടികളെ സാധാരണനിലയിലേക്കു കൊണ്ടുവരാനാണ് അധ്യാപകരുടെ ശ്രമം. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ കോളജിലെ അധ്യാപകരെയും അനധ്യാപകരെയും ഉള്‍ക്കൊള്ളിച്ച് അഭിമന്യുവിന്റെ കുടുംബത്തിനായും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജുനുവേണ്ടി ധനശേഖരണം നടത്തും. അടുത്തയാഴ്ച്ച അഭിമന്യുവിന്റെ കുടുംബത്തിന് സഹായം നേരിട്ട് കൈമാറാനാണ് അധ്യാപകരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."