പാസ്‌പോര്‍ട്ട് അപേക്ഷ: ഇളവുകള്‍ പ്രഖ്യാപിച്ചത് പ്രയോജനപ്പെടുത്തണമെന്ന്
കൊച്ചി: പാസ്്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നിബന്ധനകളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ കൂടുതല്‍ പേര്‍ പ്രയോജനപ്പെടുത്തണമെന്ന് കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ എവിടെ നിന്നും പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയത്. നിലവിലുള്ള ഓണ്‍ലൈന്‍ സൗകര്യത്തിന് പുറമെയാണിത്. എം പാസ്‌പോര്‍ട്ട് സേവ എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ഇതു വഴി അപേക്ഷകന് നിമിഷ നേരം കൊണ്ട് പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനാകും.
പൊലിസ് വേരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചത് കൂടുതല്‍ പേര്‍ക്ക് ഗുണംചെയ്തതായും അദ്ദേഹം പറഞ്ഞു.
36 പേജുള്ള പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റിന് 1500 രൂപയും 60 പേജുള്ളതിന് 2000 രൂപയുമാണ് നിലവില്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ഫീസ്. ഇത് അപേക്ഷക്കൊപ്പം തന്നെ ഓണ്‍ലൈനായി അടക്കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും എട്ടു വയസിന് താഴെയുള്ളവര്‍ക്കും ഫീസില്‍ പത്തു ശതമാനം ഇളവുണ്ട്. കൊച്ചിയില്‍ മൂന്ന് മുതല്‍ 10 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നെണ്ടെന്നും പാസ്‌പോര്‍ട്ട് ഓഫിസര്‍ പറഞ്ഞു.
ഏജന്റിന്റെ സഹായമില്ലാതെ ഇനി ആര്‍ക്കും എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് എടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്മിനിസ്‌ട്രേഷന്‍ ഓഫിസര്‍ കെ. മുരളീധരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."