ദേശീയാരോഗ്യനയത്തില്‍ മാറ്റങ്ങള്‍ അനിവാര്യം
കൊവിഡ് -19 വിവിധ ലോകരാജ്യങ്ങളെപ്പോലെ ഇന്ത്യയിലും തീവ്രമായി ബാധിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം, മരണനിരക്ക് എന്നിവ അതാതു സംസ്ഥാനങ്ങളിലെ ആരോഗ്യചികിത്സാ - പ്രതിരോധ സംവിധാനങ്ങളുടെ യഥാര്‍ഥ സ്ഥിതി വെളിവാക്കുന്നതാണ്. പ്രദേശങ്ങളുടെയും ഭാഷകളുടെയും ജീവിതരീതികളുടെയും, ഭരണ നേതൃത്വങ്ങളുടെയും കാര്യത്തില്‍ വൈവിധ്യങ്ങള്‍ പുലര്‍ത്തുന്ന ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യചികിത്സാ സൗകര്യങ്ങളുടെയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും കാര്യത്തിലും വിവിധങ്ങളായ തലങ്ങളിലാണെന്ന് കൊവിഡ് -19 ഒരിക്കല്‍ക്കൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പുതന്നെ നിലവില്‍ വന്ന സര്‍ ജോസഫ് വില്യം ബോറിന്റെ നേതൃത്വത്തിലുള്ള ബോര്‍ കമ്മിറ്റി(1943) അന്നു നടത്തിയ ആരോഗ്യസര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ ആരോഗ്യരംഗത്തെ ആദ്യത്തെ ആസൂത്രിതമായ പദ്ധതികള്‍ മുന്നോട്ടുവയ്ക്കപ്പെടുന്നത്. ആരോഗ്യരംഗത്തെ വിദഗ്ധരടങ്ങിയ പ്രസ്തുത കമ്മിറ്റി രണ്ടു വര്‍ഷത്തോളം നീണ്ട പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 1946ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . ഇതിലെ പ്രധാന നിര്‍ദേശങ്ങളായ പ്രതിരോധ - ചികിത്സാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രാഥമികാരോഗ്യ ചികിത്സയുടെ ശാക്തീകരണം, മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യ വൈദ്യശാസ്ത്രം (കമ്മ്യൂണിറ്റി മെഡിസിന്‍) ഉള്‍പ്പെടുത്തല്‍ എന്നിവയായിരുന്നു.
പ്രാഥമികാരോഗ്യ ചികിത്സ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 40,000 പേര്‍ക്ക് ഒരു പ്രാഥമികാരോഗ്യകേന്ദ്രം (രണ്ട് മെഡിക്കല്‍ ഓഫിസര്‍മാര്‍, ഒരു നഴ്‌സ്, ഫാര്‍മസിസ്റ്റ്, നാല് പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, നാല് മിഡ് വൈഫുമാര്‍, രണ്ട് ശുചീകരണ നിരീക്ഷകര്‍) പഞ്ചായത്തുതലത്തില്‍ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍, ജില്ലാ ആശുപത്രികള്‍ എന്നിവ ബോര്‍ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപ്പാക്കിയത്. പില്‍ക്കാലത്ത് സ്വതന്ത്രഭാരതത്തിന്റെ ആരോഗ്യ ചികിത്സാരംഗത്തെ അടിത്തറ പാകുന്നതിന് കാരണമായ കാതലായ നിര്‍ദേശങ്ങളാണ് ബോര്‍ കമ്മിറ്റി മുന്നോട്ടുവച്ചതെന്നു എടുത്തുപറയാതിരിക്കാന്‍ വയ്യ. തുടര്‍ന്ന് രൂപീകൃതമായ ഡോ. മുതലിയാര്‍ (1959) കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ജില്ലാ ആശുപ്രതികളുടെ ശാക്തീകരണം, മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന് യു.ജി.സിയുടെ സഹായം, മലേറിയ, വസൂരി, കോളറ, കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ദേശീയ പരിപാടികള്‍, ആരോഗ്യസേവനത്തിന് സാമ്പത്തികമായി ഉന്നതശ്രേണിയിലുള്ളവര്‍ക്ക് ലെവി കൊണ്ടുവരല്‍ എന്നീ പദ്ധതികള്‍ നടപ്പാക്കപ്പെട്ടത്. തുടര്‍ന്നുവന്ന ഛദ്ദ കമ്മിറ്റി, ജുംഗന്‍വാല കമ്മിറ്റി, കര്‍ത്താര്‍സിങ് കമ്മിറ്റി എന്നിവയ്‌ക്കൊന്നും തന്നെ പ്രായോഗികമായി അടിസ്ഥാനതലത്തില്‍ ആരോഗ്യ നയരൂപീകരണത്തിനു സഹായകരമായ കാതലായ തീരുമാനങ്ങളൊന്നും തന്നെ മുന്നോട്ടുവയ്ക്കാന്‍ കഴിഞ്ഞില്ല. 1975ല്‍ രൂപീകൃതമായ ശ്രീവാസ്തവ കമ്മിറ്റിയാണ് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും ആധുനിക വൈദ്യശാസ്ത്ര ചികിത്സാ രംഗത്തും കാലികമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനുവേണ്ട നടപടികള്‍ മുന്നോട്ടുവച്ചതും ചികിത്സാ സംവിധാനങ്ങളിലെ ഗ്രാമ - നഗര അന്തരം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടതും.
ആറാം പഞ്ചവത്സരപദ്ധതിയില്‍ ആരോഗ്യചികിത്സാ രംഗത്തെ വികസനത്തിനുവേണ്ട തുക വകയിരുത്തുന്നതില്‍ ലോകാരോഗ്യ സംഘടന മുന്നോട്ടുവച്ച രണ്ടായിരമാണ്ടോടെ 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന പ്രഖ്യാപനം ഒരളവുവരെ സ്വാധീനിച്ചിട്ടുണ്ട്. തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ രാജ്യത്ത് സ്‌പെഷാലിറ്റി വിഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും വികേന്ദ്രീകരിക്കുന്നതിലും ഏഴാം പദ്ധതി സഹായകരമായിരുന്നു. പ്രസ്തുത വിദഗ്ധസമിതികള്‍ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും വിവിധ സര്‍ക്കാരുകള്‍ ബജറ്റുകളിലെ പദ്ധതി വിഹിതങ്ങളില്‍ ആരോഗ്യരംഗത്തെ സമൂലമായ വികസനത്തിനുവേണ്ടി തുക വകയിരുത്താത്തതും ഭാരതത്തിലെ ദരിദ്രരായ ജനതയുടെ മുന്‍പില്‍ ആരോഗ്യരംഗം പരിഗണനയില്‍ മറ്റു മേഖലകള്‍ക്ക് പുറകില്‍ പോയതിനാലും സമൂലമായ പരിവര്‍ത്തനങ്ങള്‍ നടപ്പിലാക്കപ്പെട്ടില്ല.
സാംക്രമികരോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകള്‍, ഇവയുടെ നിയന്ത്രണ, നിര്‍മ്മാര്‍ജ്ജന പരിപാടികള്‍ എന്നിവ വിവിധ സംസ്ഥാനങ്ങളില്‍ ഒരേ കാര്യക്ഷമതയോടെ നടപ്പിലാക്കാന്‍ കഴിയാതെ പോയത് ഒരു പ്രധാന ന്യൂനതയായി വിദഗ്ധര്‍ കാണുന്നു. കേരളം, പഞ്ചാബ്, തമിഴ്‌നാട്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ വളരെ നല്ല രീതിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയപ്പോള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഈ രംഗത്ത് ദേശീയ ശരാശരിയേക്കാള്‍ പിറകിലാണ്. ഉയര്‍ന്ന സാക്ഷരത, സാമൂഹ്യബോധം, ഉയര്‍ന്ന ജിവിതനിലവാരം, പൊതുജന, സ്വകാര്യ ചികിത്സാ സംവിധാനങ്ങളുടെ ലഭ്യത എന്നിവ ഇതിനു പ്രധാന ഘടകങ്ങളാണ്. 1968ലെ ഡോ. ബജാജിന്റെ നേതൃത്വത്തിലുള്ള ബജാജ് കമ്മിറ്റി മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യനയം എന്നിവയുടെ സമഗ്രമായ പരിഷ്‌കരണത്തിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതില്‍ യു.ജി.സിക്കു സമാനമായ ഒരു 'ആരോഗ്യ വിദ്യാഭ്യാസ കമ്മിഷന്‍' രൂപീകരിക്കണമെന്നും കേന്ദ്ര - സംസ്ഥാനതലത്തില്‍ ആരോഗ്യ മാനുഷിക വിഭവശേഷി അളക്കുന്നതിനുവേണ്ടി ഒരു സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഒമ്പതാം പഞ്ചവത്സര പദ്ധതിയിലാണ് ഇന്ത്യന്‍ ആരോഗ്യരംഗത്തെ ശാക്തീകരിക്കുന്നതിനുള്ള പല കാതലായ നിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടത്. സംസ്ഥാനതലത്തില്‍ ആരോഗ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും സ്വതന്ത്രമായ ഭരണാധികാരം നല്‍കിയും ജില്ലാ ആശുപ്രതികളെ സാംക്രമിക രോഗ ദുരന്തഘട്ടങ്ങളില്‍ നോഡല്‍ സെന്ററുകളായി വികസിപ്പിക്കുന്നതിനു വേണ്ട നിലപാടുകള്‍ എടുത്തതും തികച്ചും ശ്രദ്ധേയമായ കാര്യങ്ങളാണ്. ഇന്നത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പലതിലും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കു സ്വന്തമായ നിലപാടെടുക്കാന്‍ കഴിയുന്നത് ഒമ്പതാം പദ്ധതിയിലൂടെ നടപ്പിലാക്കിയ ഈ പരിഷ്‌കാരമാണ്. ഇന്ത്യയിലാദ്യത്തെ ആരോഗ്യനയം പ്രഖ്യാപിച്ചത് 1983 ലാണെന്നിരിക്കെ ഏകദേശം രണ്ടു ദശാബ്ദത്തിനു ശേഷമുള്ള 2001 ലെ കരട് ദേശീയ ആരോഗ്യനയത്തില്‍ കാര്യമായി ഇന്ത്യന്‍ ജനതയുടെ ആരോഗ്യ സൂചികകള്‍ മുന്നോട്ടു കൊണ്ടുവരുന്നതിനു വേണ്ട ബജറ്റ് വിഹിതങ്ങളോ ശക്തമായ നിര്‍ദേശങ്ങളോ ഇല്ലാതെ പോകുകയും ചെയ്തു.
ആധുനിക ഇന്ത്യയില്‍ കഴിഞ്ഞ രണ്ടു ദശാബ്ദത്തില്‍ ആരോഗ്യരംഗത്ത് കുറെയേറെ പുരോഗതിയുണ്ടായെങ്കില്‍ക്കൂടി മറ്റു വികസ്വര രാജ്യങ്ങളിലുണ്ടായതു പോലെയുള്ള കുതിച്ചുചാട്ടം ഇവിടെയുണ്ടായില്ലായെന്നത് യാഥാര്‍ഥ്യമാണ്. ഇന്ത്യന്‍ ഭരണാധികാരികള്‍ ആരോഗ്യരംഗത്തെ ഗൗരവത്തോടെ കണ്ടില്ലായെന്നുതന്നെയാണ് ഇതിനു പ്രധാന കാരണം. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ അഞ്ചു ശതമാനം തുക ആരോഗ്യരംഗത്തിന് നീക്കിവയ്ക്കുന്നതിനു പകരം 1.5 ശതമാനത്തിനു താഴെ മാത്രമേ ഇപ്പോഴും ഈ രംഗത്തേക്ക് മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളൂ. അടിസ്ഥാന സൗകര്യവികസനം, മാനുഷിക വിഭവശേഷി വര്‍ധിപ്പിക്കല്‍, രോഗനിര്‍ണ്ണയത്തിലും ചികിത്സയിലും പുത്തന്‍ സാങ്കേതിക വിദ്യകളുടെ വിന്യാസം, പഠന ഗവേഷണങ്ങളുടെ അപര്യാപ്തത, ദേശീയതലത്തില്‍ ഇവയ്ക്ക് വേണ്ട ഏകോപനമില്ലായ്മ എന്നിവ ആരോഗ്യരംഗത്തെ ഈ മുരടിപ്പിനു കാരണമാണ്. ചികിത്സാ സേവനരംഗത്തെ പ്രാപ്തി സൂചികകളില്‍ ഇന്ത്യ 145-ാം സ്ഥാനത്താണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴുള്ളത്. ഇതാകട്ടെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവയ്ക്കു പിറകിലാണുതാനും.
ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം അടിസ്ഥാനപരമായി ഗ്രാമീണ മേഖലയിലെ ആരോഗ്യ ചികിത്സാ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുവേണ്ടി 2005ലാണ് ആരംഭിച്ചത്. ഗ്രാമീണ മേഖലയിലെ ആശുപ്രതികളുടെ നിര്‍മാണം, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവരുടെ എണ്ണം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയായിരുന്നു മുഖ്യലക്ഷ്യങ്ങള്‍. എന്നാല്‍ ഇതാകട്ടെ നിലവിലെ പൊതുജനാരോഗ്യ സംവിധാനത്തിന് സമാന്തരമായ ഒരു മേഖല സൃഷ്ടിക്കാന്‍ മാത്രമാണുതകിയത്. മാത്രവുമല്ല, മാനുഷിക വിഭവശേഷിയിലെ നിയമനങ്ങളെല്ലാം തന്നെ താല്‍ക്കാലികവും താരതമ്യേന വേതനം കുറവുള്ളതുമാണ്. കേരളം, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും ഗ്രാമീണാരോഗ്യ ദൗത്യത്തെ പ്രധാനമായും ഉപയുക്തമാക്കിയത്. എട്ടു വര്‍ഷത്തിനുശേഷം ഇതുപോലെ 2013ല്‍ ദേശീയ നഗര ആരോഗ്യ ദൗത്യം (ചഡഒകങ) നടപ്പിലാക്കി. മാതൃ - ശിശു സംരക്ഷണം, സാംക്രമിക രോഗങ്ങള്‍, ജിവിതശൈലീ രോഗങ്ങള്‍ എന്നിവയുടെ പ്രതിരോധവും ചികിത്സയും ഇവയാണ് നഗര ആരോഗ്യ ദൗത്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഗ്രാമീണ നഗര ആരോഗ്യ ദൗത്യങ്ങള്‍ സമന്വയിപ്പിച്ച് 2017 ല്‍ ദേശീയ ആരോഗ്യ ദൗത്യം (ചകകങ) നിലവില്‍ വന്നു. നിലവിലെ ആരോഗ്യരംഗത്തിന്റെ ബജറ്റ് വിഹിതത്തില്‍ 50 ശതമാനവും ഈ പദ്ധതിക്കായാണ് നീക്കിവച്ചിട്ടുള്ളത്.
തുടരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."