നിരോധിത കളനാശിനിയുടെ ഉപയോഗം: മത്സ്യസമ്പത്ത് കുറയുന്നു
തുറവൂര്‍: നിരോധിച്ച കളനാശിനിയുടെ ഉപയോഗം മൂലം മത്സ്യസമ്പത്ത് കുറയുന്നു. തുറവൂര്‍ പാടശേഖരങ്ങളിലാണ് നിരോധിത വിഷങ്ങള്‍ ഉപയോഗിക്കുന്നത്.
പാടശേഖരങ്ങളില്‍ വിഷം തളിച്ചശേഷം ഇവിടുത്തെ വെള്ളം പുറംതോടൂകളിലേയ്ക്കും പള്ളിത്തോട് പൊഴിചാലിലേയ്ക്കും ഒഴുക്കിവിടുന്നതാണ് മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിരിക്കുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ കടലില്‍നിന്ന് ഓരുവെള്ളം പൊഴിച്ചാലിലേക്ക് കയറുമ്പോഴാണ് ചെമ്മീന്‍ ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ ഉല്‍പ്പാദനം നടക്കുന്നത്. ഇത്തവണയും വന്‍തോതില്‍ പൊഴിച്ചാലിലും തോട്ടകളിലും ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിഷപ്രയോഗം മൂലം നശിക്കുകയാണുണ്ടായത്. മുന്‍വര്‍ഷങ്ങളില്‍ ചീനവലകള്‍ക്ക് വര്‍ഷകാലത്ത് ദിവസവും അഞ്ചു കിലോ മുതല്‍ പത്തു കിലോ വരെ ചെമ്മിന്‍ ലഭിച്ചിരുന്നു.
എന്നാല്‍ ഇത്തവണ ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. വീശുവല, നീട്ടുവല, കോരുവല തൊഴിലാളികളുടെയും സ്ഥിതി വ്യത്യസ്ഥമല്ല. യാതൊരുവിധ പരിശോധന കളോ നിയന്ത്രണങ്ങളോ ഇല്ലാതെയാണ് വന്‍തോതില്‍ ഇവിടുത്തെ പാടശേഖരങ്ങളില്‍ വിഷങ്ങള്‍ ഉപയോഗിക്കന്നത്. നിരോധിത കളനാശിനികളുടേയും കീടനാശിനികളുടെയും ഉപയോഗം പ്രദേശത്ത് ഗുരുതരാമായ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
അടിയന്തിരമായി തുറവൂര്‍ പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്ന നിരോധിത വിഷമരുന്നുകളുടെ ഉപയോഗം തടയുകയും പാടശേഖരങ്ങളില്‍ കെട്ടികിടക്കുന്ന വിഷം കലര്‍ന്ന മലിനജലം പള്ളിത്തോട്ട് പൊഴിചാലിലേയ്ക്കും തോടുകളിലേക്കും ഒഴുക്കിവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."