ഇടത് പിന്തുണ കോണ്‍ഗ്രസ്സിന് വേണ്ട; പിണറായി വിജയന് മറുപടിയുമായി കെ. സുധാകരന്‍
കണ്ണൂര്‍: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ ഇടത് പിന്തുണ നഷ്ടപ്പെടുമെങ്കില്‍ ആ പിന്തുണ കോണ്‍ഗ്രസ്സിന് ആവശ്യമില്ലെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു കെ. സുധാകരന്‍.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ഇടത് പിന്തുണ ഇല്ലാതാകുമെങ്കിലും ഒരു കുഴപ്പവുമില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് ഇടത് പിന്തുണ തേടരുത് എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഞങ്ങളുടെയും ആഗ്രഹം. ഇടതുപക്ഷം എണ്ണാന്‍ പോലും തികയാത്ത പാര്‍ട്ടിയാണെന്നും അതുകൊണ്ട് ഇടതുപക്ഷത്തിന്റെ പിന്തുണയെക്കുറിച്ച് ആശങ്കയില്ലെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.
എന്നാല്‍, കേരളത്തിലും പശ്ചിമ ബംഗാളിലും സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് സഖ്യ സാധ്യതകള്‍ പരിശോധിക്കുമെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് പി.സി ചാക്കോയുടെ പ്രതികരണം.
വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ ഇടത് മുന്നണിക്ക് കഴിയും അതിന് വേണ്ടി തന്നെയാണ് ഇനിയുള്ള പരിശ്രമമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കേന്ദ്രത്തില്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം തടസമാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."