പൊലിസിനെ വട്ടംചുറ്റിച്ച് തിരുവനന്തപുരത്ത് വീണ്ടും ഡ്രോണ്‍
തിരുവനന്തപുരം: പൊലിസിനെ വട്ടംചുറ്റിച്ച്് തലസ്ഥാന നഗരത്തില്‍ വീണ്ടും ഡ്രോണ്‍ പറന്നു.
ശനിയാഴ്ച അര്‍ധരാത്രി തിരുവനന്തപുരം ആഭ്യന്തര വിമാനത്താവള പരിസരത്താണ് ഡ്രോണ്‍ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സിന് സമീപത്തായി കണ്ടെത്തിയ ഡ്രോണ്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പൊലിസിന് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡ്രോണ്‍ പറത്തിയ ശ്രീകാര്യം സ്വദേശി നൗഷാദിനെ പൊലിസ് പിടികൂടി.
ഡ്രോണിന്റെ റിമോര്‍ട്ട് ഇയാളില്‍ നിന്നും കണ്ടെടുത്തു. മുന്‍പും വിമാനത്താവളത്തിന് സമീപത്ത് ഡ്രോണ്‍ പറത്തിയിട്ടുണ്ടെന്നും വിദേശത്തുള്ള ബന്ധുവാണ് ഇത് സമ്മാനിച്ചതെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു. ചൈനീസ് നിര്‍മിതവും, കളിപ്പാട്ടത്തിന് സമാനമായതുമായി ഡ്രോണാണ് കണ്ടെത്തിയതെന്നും സംഭവത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പൊലിസ് അറിയിച്ചു. നൗഷാദിനെ കൂടുതല്‍ ചോദ്യം ചെയ്യുകയാണെന്ന് പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ കോവളം ബീച്ചിന് സമിപത്തും, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പൊലിസ് ആസ്ഥാനം എന്നിവിടങ്ങളിലും ഡ്രോണുകള്‍ കണ്ടത് ആശങ്കക്ക് ഇടയാക്കിയിരുന്നു.
പൊലിസ് ആസ്ഥാനത്തിനു മുകളില്‍ വരെ ഡ്രോണ്‍ പറന്നിട്ടും കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാതിരുന്നത് പൊലിസിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെ ഡ്രോണുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി പൊലിസ് കര്‍ശന നടപടികളിലേക്ക് കടക്കുകയും ചെയ്തു. 'ഓപ്പറേഷന്‍ ഉടന്‍' എന്ന പേരില്‍ പരിശോധനാ നടപടിക്കും രൂപം നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി നഗരത്തില്‍നിന്ന് രജിസ്‌ട്രേഷനില്ലാത്ത 24 ഡ്രോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. സുരക്ഷാ മേഖലകള്‍ക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകള്‍ വെടിവച്ചിടാന്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."