പെരുമാറ്റച്ചട്ടം: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാകില്ല
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പദ്ധതി ഇനി നടപ്പാക്കാനാകൂ.
പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യസുരക്ഷയും സംയോജിപ്പിച്ച് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്നലെ മുതല്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍, പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന് ഇടപെടുകയായിരുന്നു. പുതിയ പദ്ധതി നടപ്പാക്കും വരെ കാലാവധി കഴിഞ്ഞതാണെങ്കിലും ആര്.എസ്.ബി.വൈ കാര്‍ഡ് ഉപയോഗിക്കാന്‍ ആരോഗ്യവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശുപത്രികളുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. മാര്‍ച്ച് 31നാണ് കാര്‍ഡിന്റെ കാലാവധി അവസാനിച്ചത്.
പുതിയ പദ്ധതി തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ചതായതിനാല്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറെ വീണ്ടും സമീപിച്ചിട്ടുണ്ട്.
1,671 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് 41 ലക്ഷം പേര്‍ക്ക് ലഭിക്കുന്നതാണ് പുതിയ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."