കുടുംബ ബന്ധങ്ങള്‍ ദുര്‍ബലമാകുന്നെന്ന് വനിതാ കമ്മിഷന്
വനിതാ കമ്മിഷന് അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി
മലപ്പുറം: കുടുംബ ബന്ധങ്ങള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സ്ത്രീകളിലും കുട്ടികളിലും ഉള്‍പ്പെടെ അരക്ഷിതബോധം വര്‍ധിച്ചുവരുന്നതായി സംസ്ഥാന വനിതാ കമ്മിഷന് അംഗം ഡോ. പ്രമീള ദേവി. മാതാപിതാക്കളും മക്കളും തമ്മിലും ഭാര്യ ഭര്ത്താക്കന്മാര് തമ്മിലുമുള്ള ബന്ധങ്ങള്‍ ക്ഷയിച്ചുവരുന്നതായി കമ്മിഷനു മുന്നിലെത്തുന്ന പരാതികള്‍ തെളിയിക്കുന്നതായും അവര്‍ പറഞ്ഞു.
സുരക്ഷിതത്വ ബോധവും സംരക്ഷണവും ലഭിക്കേണ്ട കുടുംബങ്ങളില്‍നിന്ന് അംഗങ്ങള്‍ക്ക് അതു ലഭിക്കുന്നില്ല. അപകടത്തിലേക്കു നീങ്ങുന്ന ഈ പ്രവണത കുട്ടികളെ നിരാശരാക്കുന്നു. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന കുട്ടികള്‍ ഭാവിയില്‍ ചിന്താവൈകല്യമുള്ളവരായി മാറാന്‍ ഇതു കാരണമാകുന്നുവെന്നും കമ്മിഷന് ചൂണ്ടിക്കാട്ടി. മമ്പാട് പുളിക്കലൊടിയിലെ സ്വകാര്യ ഗ്ലാസ് ഫാക്ടറി മലിനീകരണവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി, പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് കമ്മിഷന് വിശദീകരണം തേടി.
കാളികാവ് ബ്ലോക്കിലെ എടപ്പറ്റ പഞ്ചായത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലിസിന്റെയും പഞ്ചായത്തിന്റെയും റിപ്പോര്‍ട്ട് തേടി.
മലപ്പുറം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 51 കേസുകളില്‍ 21 എണ്ണം രമ്യമായി തീര്‍പ്പാക്കി. ഏഴു കേസുകളില്‍ പൊലിസ് റിപ്പോര്‍ട്ടും രണ്ടു കേസുകളില്‍ ആര്.ഡി.ഒയുടെ റിപ്പോര്‍ട്ടും തേടി.
13 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."