പ്രവാസികളുടെ മടക്കം വീണ്ടും അനിശ്ചിതത്വത്തിൽ; ട്രൂനാറ്റ് പരിശോധന അപ്രായോഗികമെന്ന് സഊദിയും ബഹ്റൈനും
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ ട്രൂനാറ്റ് പരിശോധന അപ്രായോഗികമെന്ന് സഊദിയും ബഹ്റൈനും. ഇത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ഗൾഫ് രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ട്രൂനാറ്റ് വേണമെന്ന കേരള സർക്കാറിന്റെ ആവശ്യം കേന്ദ്രവും തള്ളി. ബഹ്‌റൈനും സഊദിയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് കേന്ദ്ര സ൪ക്കാരിനെ അറിയിക്കുകയായിരുന്നു.
ഇതിന് പുറമെ കൊവിഡ് രോഗികൾക്ക് പ്രത്യേക വിമാനം എന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് യു.എ.ഇയും വ്യക്തമാക്കി. കൊവിഡ് ബാധിതനായ ഒരാളെ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്നാണ് യു.എ.ഇ ഇന്ത്യയെ അറിയിച്ചത്. ഇതോടെ പ്രവാസികൾക്കുള്ള കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളിലെ അപ്രായോഗികതക്ക് ഔദ്യോഗിക മുദ്ര വീണിരിക്കുകയാണ്.
സഊദി, ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക്ഈ മാസം 20 മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മാത്രമേ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങാവൂ എന്നായിരുന്നു സംസ്ഥാനത്തിന്റെ നിബന്ധന. പ്രായോഗിക പ്രശ്നങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ സംസ്ഥാനം തീരുമാനം നടപ്പാക്കുന്നത് ഈ മാസം 24 അര്‍ധരാത്രി വരെ നീട്ടി. എംബസി വഴി ടെസ്റ്റിനുള്ള സാധ്യത ആരാഞ്ഞ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ യു.എ.ഇയില്‍ നിന്നും റാപ്പിഡ് ടെസ്റ്റ് ഉപയോഗിച്ചും ഖത്തറിലുള്ളവര്‍ക്ക് ഇസ്തിറാഹ് ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് ആണെങ്കിലും നാടണയാം. കുവൈത്തില്‍ വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്റ്റ് പരിശോധന ഉപയോഗപ്പെടുത്താനാണ് നീക്കം. അതേസമയം പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് വിദേശത്ത് വെച്ചുതന്നെ ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അതിന് ആവശ്യമായ മെഷീൻ കേരളം അയക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ച സമയത്ത് തന്നെ അതിലെ പ്രായോഗികതയെ പറ്റി പലരും മുന്നറിയിപ്പ് നൽകിയിരുന്നു.
അതിനിടെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് അനുമതി ലഭിച്ചാൽ മാത്രമേ സഊദി അറേബ്യയിൽനിന്ന് ചാർട്ടേഡ് വിമാനങ്ങൾക്ക് പറക്കാനാകൂവെന്ന് ഇന്ത്യൻ എംബസിയും പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ നിയമാവലിയുടെ അടിസ്ഥാനത്തിൽ ആദ്യം സംസ്ഥാന സർക്കാറിന്റെ അനുമതിയാണാവശ്യമെന്ന് ചാർട്ടേഡ് വിമാനം ആവശ്യപ്പെട്ട് അപേക്ഷ നൽകിയ കമ്പനികളെയും സംഘടനകളെയും എംബസി അറിയിച്ചു. ഇതോടെ സഊദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചാർട്ടേഡ് വിമാന സർവീസുകൾ വീണ്ടും അനിശ്ചിതത്വത്തിലായി.
അടുത്ത വ്യാഴാഴ്ച മുതലാണ് ഈ വ്യവസ്ഥ നിലവിൽ വരിക. അതിന് മുമ്പ് പറക്കാൻ അനുമതി ലഭിച്ച വിമാനങ്ങൾക്ക് യാത്രാതടസ്സമുണ്ടാവില്ല. എന്നാൽ അതിന് ശേഷം പറക്കണമെങ്കിൽ സംസ്ഥാന സർക്കാറിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആദ്യമെടുക്കണം. വിമാനം ചാർട്ടർ ചെയ്യാനുദ്ദേശിക്കുന്ന കമ്പനികളും സാമൂഹിക സംഘടനകളും വിമാന കമ്പനികളും യാത്രക്കാരുടെ വിശദാംശങ്ങൾ സഹിതം സംസ്ഥാന സർക്കാറിന് നേരിട്ട് അപേക്ഷ നൽകണം. അതോടൊപ്പം എംബസിയിലും അപേക്ഷ നൽകേണ്ടതുണ്ട്. ട്രാവൽ, ടൂർ കമ്പനികൾക്ക് ഇത്തരം ചാർട്ടേഡ് വിമാനങ്ങൾ പറത്താൻ അനുമതിയുണ്ടാകില്ല.
സംസ്ഥാന സർക്കാറിന്റെ ക്ലിയറൻസും എംബസിയുടെ എൻഒസിയും ലഭിച്ചാൽ എയർലൈൻ കമ്പനി ഇന്ത്യയിലെയും സഊദിയിലെയും സിവിൽ ഏവിയേഷനുകളിൽ നിന്ന് അനുമതി വാങ്ങണം. കൊവിഡ് സർട്ടിഫിക്കറ്റ്, ക്വാറന്റൈൻ തുടങ്ങിയ കാര്യങ്ങളുടെ വിശദവിവരങ്ങൾ ക്ലിയറൻസ് നൽകുമ്പോൾ സംസ്ഥാന ഗവൺമെന്റുകൾ മുന്നോട്ടുവെക്കും. അതിനനുസരിച്ച് മാത്രമേ വിമാനം പറക്കാനാകൂ. എംബസിയുടെ കത്ത് ലഭിച്ചതോടെ നേരത്തെ കേരളത്തിലേക്ക് ചാർട്ടേഡിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയ സംഘടനകളും കമ്പനികളും ക്ലിയറൻസിനായി കേരള സർക്കാറിനെ സമീപിച്ചുതുടങ്ങി.
ചാർട്ടേഡ് വിമാനങ്ങൾ ആവശ്യമുള്ളവർ ഇതുവരെ എംബസിയിലോ കോൺസുലേറ്റിലോ യാത്രക്കാരുടെ വിശദാംശങ്ങൾ സഹിതം അപേക്ഷ നൽകിയാൽ മതിയായിരുന്നു. ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് അനുമതി തേടും. സംസ്ഥാന സർക്കാറുകളെ അറിയിക്കലും കേന്ദ്രമായിരുന്നു. ചാർട്ടേഡ് വിമാനങ്ങൾ വരാനിരിക്കുന്നതിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതാണ്. കഴിഞ്ഞ ജൂൺ 15 വരെ 812 വിമാനങ്ങൾക്കാണ് കേരളത്തിലേക്ക് ചാർട്ടർ ചെയ്യാൻ അനുമതി നൽകിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."