അതിഥി തൊഴിലാളികള്‍ താമസിക്കുന്നത് വൃത്തിഹീന ഇടങ്ങളില്‍ ഹോട്ടലുകളും ഷെല്‍ട്ടറുകളും അടച്ചുപൂട്ടും
മയ്യനാട്: അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്നയിടങ്ങളിലും ഹോട്ടല്‍ പരിസരങ്ങളിലും ജില്ലാ ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും തൊഴില്‍വകുപ്പും പഞ്ചായത്തും ചേര്‍ന്നു നടത്തിയ സംയുക്ത പരിശോധനയില്‍ ഭൂരിഭാഗം സ്ഥലങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണെന്നു കണ്ടെത്തി. മിക്കയിടങ്ങളിലും യാതൊരു രേഖകളുമില്ലാതെ രോഗം പടര്‍ന്നുപിടിക്കത്തക്ക അന്തരീക്ഷത്തില്‍ അനധികൃതമായാണ് അതിഥിതൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും കണ്ടെത്തി.
മയ്യനാട്, ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നു കണ്ടെത്തിയ വിവരങ്ങള്‍ ഉദ്യോഗസ്ഥ സംഘം വകുപ്പ് മേലധികാരികള്‍ക്കു നല്‍കും. മയ്യനാട് പഞ്ചായത്തിലെ ഉമയനല്ലൂര്‍ ഭാഗത്തു വിവിധയിടങ്ങളിലായി മൂവായിരത്തോളം അതിഥി തൊഴിലാളികള്‍ ഉള്ളതായാണു കണ്ടെത്തിയിട്ടുള്ളത്. അതിഥി തൊഴിലാളികള്‍ക്കായുള്ള ആവാസ്, അപ് നാഘര്‍ പദ്ധതികള്‍ ഇവിടെ നടപ്പിലാക്കുന്നതിനായി തൊഴില്‍വകുപ്പ് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറുകളും ഹോട്ടലുകളും അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നോട്ടിസ് നല്‍കും.
പകര്‍ച്ചവ്യാധികളും രോഗങ്ങളും പടര്‍ന്നു പിടിക്കാതിരിക്കുന്നതിനായാണു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലാ ലേബര്‍ ഓഫിസര്‍ അബ്ദുല്‍ ഗഫൂര്‍, കൊല്ലം ഒന്നാം സര്‍ക്കിളിലെ അസി. ലേബര്‍ ഓഫിസര്‍ സനല്‍ സലാം, പരവൂര്‍ അസി. ലേബര്‍ ഓഫിസര്‍ രേഖ, കൊല്ലം രണ്ടാം സര്‍ക്കിള്‍ അസി. ലേബര്‍ ഓഫിസര്‍ ശ്രീകുമാര്‍, മയ്യനാട് പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, സൂപ്രണ്ട് സുധീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ്, സുധീഷ് എന്നിവര്‍ പരിശോധനക്കു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."